ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനം

കുവൈത്ത് സിറ്റി/ ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായി ഒരൊറ്റ ടൂറിസ്റ്റ് വിസ പദ്ധതി ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. കുവൈത്തിൽ ചേർന്ന ജിസിസി വിദേശ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഷെൻഗൻ വിസ മാതൃകയിലാണ് ഗൾഫ് ടൂറിസ്റ്റ് വിസയെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഡിസംബറിലാണ് ജിസിസി സുപ്രിം കൗൺസിൽ ഏകീകൃത വിസയ്ക്ക് അംഗീകാരം നൽകിയത്. നിലവിൽ ഓരോ രാജ്യം സന്ദർശിക്കാനായി വ്യത്യസ്ത വിസ എടുക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ, പുതിയ സംവിധാനത്തിൽ ഒരു വിസ ഉപയോഗിച്ച് യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ എല്ലാ ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. ഇതിലൂടെ ഗൾഫ് മേഖലയിലേക്കുള്ള അന്തർദേശീയ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കഴിയും. വിവിധ രാജ്യങ്ങളിലെ ടൂറിസം മന്ത്രാലയങ്ങളും സ്വകാര്യ ട്രാവൽ കമ്പനികളും സംയുക്തമായി പുതിയ ടൂറിസം പാക്കേജുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള പാക്കേജുകൾ ഗൾഫിലുടനീളം ആകർഷണീയമാകും.
ബിസിനസ്, വാണിജ്യ, സാംസ്‌കാരിക രംഗങ്ങൾക്കും ഈ പദ്ധതി കരുത്ത് നൽകുമെന്നാണ് പ്രതീക്ഷ. വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഗൾഫ് രാജ്യങ്ങൾ തമ്മിൽ യാത്ര ചെയ്യാനുണ്ടായിരുന്ന വിസ നിയന്ത്രണങ്ങൾക്കും തടസ്സങ്ങൾക്കും ഇത് പരിഹാരമാകും. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഈ ഏകീകൃത നീക്കം മേഖലയുടെ സമഗ്ര വികസനത്തിനും ഗുണകരമാകുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. പദ്ധതിയുടെ കൃത്യമായ ആരംഭ തീയതി, വിസ അപേക്ഷാ നടപടികൾ, ഫീസ് ഘടന, സാധുതാ കാലാവധി തുടങ്ങിയ വിശദാംശങ്ങൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.









0 comments