നിറഞ്ഞോടുന്നതിനിടയിൽ ദൈർഘ്യം കുറച്ച് വിലായത്ത് ബുദ്ധ; തീരുമാനം പങ്കുവെച്ച് ഷമ്മി തിലകൻ

തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്ന പൃഥ്വിരാജ് - ജയൻ നമ്പ്യാർ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ദൈർഘ്യം കുറച്ചു. രണ്ട് മണിക്കൂർ 56 മിനിറ്റ് ദൈർഘ്യം രണ്ട് മണിക്കൂർ 45 മിനിറ്റാക്കിയാണ് ചുരുക്കിയത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഭാസ്കരൻ മാഷായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷമ്മി തിലകനാണ് ആരാധകൻറെ കമൻറിന് മറുപടിയായി ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങളാൽ ഭാസ്കരൻ മാഷായി 'വിലായത്ത് ബുദ്ധ'യിൽ ഞെട്ടിച്ചിരിക്കുകയാണ് ഷമ്മി തിലകൻ. ചില രംഗങ്ങളിൽ മലയാളത്തിൻറെ സ്വന്തം അഭിനയ കുലപതി തിലകനെ തന്നെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയുമായി വിസ്മയിപ്പിക്കുകയാണ് അദ്ദേഹം. പകയും പ്രതികാരവും വീറും വാശിയും പോരാട്ട വീര്യവും ഭയവും നിസ്സാഹായവസ്ഥയുമൊക്കെ മാറി മറിയുന്ന ഭാവാഭിനയത്തിന്റെ അവിസ്മരണീയ കാഴ്ചയാണ് ഷമ്മി തിലകൻ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ ഭാസ്കരൻ മാഷിൻറെ പ്രഭാഷണത്തോടെയാണ്. ആത്മാഭിമാനം നീറ്റിലെ കുമിളപോലെയാണെന്ന് പറയുന്ന മാഷിന് നാട്ടിൽ മറ്റൊരു വിളിപ്പേരുണ്ട്, തൂവെള്ള ഭാസ്കരൻ. എതിരെ നിൽക്കുന്ന പാർടിയിൽ ആരുവന്നാലും ഇപ്പുറത്ത് ഭാസ്കരൻ മാഷുണ്ടെങ്കിൽ പാർടിക്ക് വിജയം ഉറപ്പെന്നാണ് അണികളുടേയും ആത്മവിശ്വാസം.
ഭാസ്കരൻ മാഷിൻറെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന വലിയൊരു സംഭവവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. അതിന് പിന്നാലെയാണ് ഡബിൾ മോഹനൻറെ വരവും ചന്ദനവേട്ടയും തുടർ സംഭവങ്ങളുമൊക്കെ അരങ്ങേറുന്നത്. സിനിമയുടെ ഹൈലൈറ്റ് തന്നെ നേർക്കുനേർ പോരടിക്കുന്ന ഭാസ്കരൻ മാഷിൻറേയും പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹനൻറേയും രംഗങ്ങളാണ്. ഒരേ സമയം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നുണ്ട് ഇവർ ഒരുമിച്ചെത്തുന്ന സീനുകൾ.
പല അടരുകളായി ഒരുക്കിയിരിക്കുന്ന ഭാസ്കരൻ മാഷിൻറെ ക്യാരക്ടർ ആർക്ക് സമീപകാല സിനിമകളിൽ തന്നെ ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ്. ഷമ്മി തിലകൻറെ കരിയറിൽ തന്നെ ഏറെ വേറിട്ട വേഷമാണ് ഭാസ്കരൻമാഷ് എന്ന് നിസ്സംശയം പറയാം. ശക്തമായ ഡയലോഗ് ഡെലിവറിയും ശരീരഭാഷയുമായി ഭാസ്കരൻ മാഷായി താരം ജീവിക്കുകയായിരുന്നു.
ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവൽ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് 'വിലായത്ത് ബുദ്ധ'.
എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. അരവിന്ദ് കശ്യപ്, രെണദേവ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ജേക്സ് ബിജോയിയുടെ സംഗീതവും സിനിമയുടെ ആത്മാവ് തന്നെയാണ്.







0 comments