ദിയ കൃഷ്‌ണകുമാറിന്റെ സ്ഥാപനത്തിൽനിന്ന്‌ തട്ടിയെടുത്തത്‌ 66 ലക്ഷം; കുറ്റപത്രം ഇന്ന്‌ സമർപ്പിച്ചേക്കും

diya krishna
avatar
സ്വന്തം ലേഖകൻ

Published on Nov 26, 2025, 09:11 AM | 1 min read

തിരുവനന്തപുരം: നടൻ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ തട്ടിപ്പിൽ നഷ്ടമായത്‌ 66 ലക്ഷം രൂപയെന്ന്‌ ക്രൈംബ്രാഞ്ച്‌. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരാണ്‌ തുക തട്ടിയതെന്നും പണമുപയോഗിച്ച്‌ ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്‌ സംഘം കണ്ടെത്തി. കുറ്റപത്രം ബുധനാഴ്‌ച തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിക്കും.


സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം പ്രതികൾ തങ്ങളുടെ സ്വകാര്യ ക്യുആർ കോഡ് നൽകി പണം തട്ടിയെടുക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് കേസിലെ പ്രതികൾ. രണ്ടുവർഷംകൊണ്ടാണ് പണം തട്ടിയെടുത്തത്. ഒ ബൈ ഓസി എന്ന ബൊട്ടീക്കിൽനിന്ന്‌ പണം നഷ്ടപ്പെട്ടതായി കൃഷ്ണകുമാറാണ്‌ തിരുവനന്തപുരം അസി. കമീഷണർക്ക് പരാതി നൽകിയത്. തുടർന്ന്‌ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ കൃഷ്ണകുമാറിനും ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോയതായി ഇവർ പരാതി നൽകിയിരുന്നു.


ബൊട്ടീക്കിന്റെ പേരിൽ വ്യാജ ക്യുആർ കോഡ് വഴി പണം നഷ്ടപ്പെടുന്നുണ്ടെന്ന്‌ ദിയ കൃഷ്ണ നേരത്തേ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വ്യാജ ക്യുആർ കോഡിൽ പണം നൽകിയെന്ന് നിരവധിപേർ അറിയിച്ചതോടെയാണ്‌ തട്ടിപ്പ് മനസ്സിലായത്‌. പരിശോധനയിൽ സ്ഥാപനത്തിലെ ജീവനക്കാരികളാണ് അവരുടെ ക്യുആർ കോഡുകൾ കസ്റ്റമേഴ്സിന് നൽകി പണം തട്ടിയതെന്ന്‌ കണ്ടെത്തി. ഇതേത്തുടർന്നാണ്‌ പൊലീസിൽ പരാതി നൽകിയത്‌. തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ യൂണിറ്റ്‌ ഡിവൈഎസ്‌പി എസ്‌ ഷാജിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Home