കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും ആർപിഎഫിന്റെ കസ്റ്റഡിയിൽ; ഇത്തവണ സംഭവം തിരുവനന്തപുരത്ത്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ തിരുവനന്തപുരം ആർപിഎഫിന്റെ കസ്റ്റഡിയിൽ. അഭിഭാഷകനെ കാണാൻ എത്തിയതാണ് എന്നാണ് ബണ്ടിചോർ നൽകുന്ന വിശദീകരണം. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് റയിൽവേ പൊലീസ് അറിയിച്ചു.
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയെന്നാണ് മറുപടി നൽകിയതെങ്കിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റെന്തെലും ദുരൂഹത വിവിധ സ്ഥലങ്ങളിലായി നടത്തുന്ന യാത്രയിൽ ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യൽ.
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലും ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിനെ കഴിഞ്ഞ ദിവസം റെയിൽവേ പൊലീസ് തടഞ്ഞുവച്ചിരുന്നു. റെയിൽവേ പൊലീസ് ഞായറാഴ്ച രാത്രി 8.30ഓടെ സ്‌റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് വെയ്‌റ്റിങ് ഏരിയയിൽ ബണ്ടി ചോറിനെ കണ്ടത്. സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന് ട്രെയിനിലാണ് എത്തിയതെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ പേരിൽ നിലവിൽ കേസുകളോ വാറന്റോ ഇല്ലാത്തതിനാൽ തിങ്കളാഴ്ച പകൽ 11.30 ഓടെ വിട്ടയച്ചു.

അഭിഭാഷകനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. തൃശൂരിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ നേരത്തേ വിട്ടയച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി അഡ്വ. ബി എ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്. ആളൂർ മരിച്ചവിവരം അറിഞ്ഞിരുന്നില്ലെന്നും പൊലീസിനോട് പറഞ്ഞു. വസ്‌ത്രങ്ങളടങ്ങിയ ബാഗ് മാത്രമാണ് കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി എഴുനൂറിലധികം കവര്‍ച്ചകേസുകളില്‍ പ്രതിയാണിയാൾ. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ വീട്ടില്‍ മോഷണം നടത്തിയതിന് പിടികൂടിയിരുന്നു. പത്തുവര്‍ഷത്തെ തടവ് അനുഭവിച്ചാണ് പുറത്തിറങ്ങിയത്. വീണ്ടും മോഷണം തുടർന്ന ബണ്ടി ചോറിനെ 2023ൽ യുപിയില്‍നിന്ന് ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു.








0 comments