കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗം: നിയന്ത്രണവുമായി ജിസിസി രാജ്യങ്ങൾ

ദുബായ്: കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കവുമായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ. ഇതിനായി സാങ്കേതിക കമ്പനികളുമായി ജിസിസി അധികൃതർ ചർച്ച ആരംഭിച്ചതായി മെറ്റ റീജണൽ സെയിൽസ് ഡയറക്ടർ അഷ്റഫ് കൊഹൈൽ ദുബായിൽ പറഞ്ഞു. ഗ്രൂപ്പ്- ഐബിയുടെ ഹൈ-ടെക് ക്രൈം ട്രെൻഡ്സ് റിപ്പോർട്ട് പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 വയസ്സിനു താഴെയുള്ളവരുടെ സമൂഹ മാധ്യമ ഉപയോഗം നിയന്ത്രിക്കണമെന്ന് ചർച്ച നടക്കുന്നുണ്ട്. നിയന്ത്രണം നടപ്പാക്കേണ്ട പ്രായത്തെക്കുറിച്ച് ഈജിപ്തിൽ നടക്കുന്ന ചർച്ചയ്ക്ക് സമാനമായി ജിസിസിയിലും ചർച്ചയുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പഠനത്തിനും ഓസ്ട്രേലിയ സന്ദർശിക്കും. നിർമിത ബുദ്ധിയുടെയും മറ്റ് ഐഡന്റിറ്റി മാനേജ്മെന്റ് സംവിധാനത്തിന്റെയും സഹായത്തോടെ കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗം നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനായി യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിയന്ത്രണമുണ്ട്. കഴിഞ്ഞ നവംബറിൽ പുറപ്പെടുവിച്ച നിർദേശത്തിൽ സ്‌കൂളിൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ ഒരു മാസത്തേക്ക് ഉപകരണം കണ്ടുകെട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഗ്ലോബൽ മീഡിയ ഇൻസൈറ്റ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് യുഎഇയിലെ 66.7 ലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ വലിയൊരു ശതമാനവും ചെറുപ്പക്കാരാണ്. അതിൽതന്നെ കൂടുതലും കൗമാരക്കാരാണെന്നും റിപ്പോർട്ടിലുണ്ട്.









0 comments