20–ാം വാർഷികാഘോഷം; വൻ കിഴിവുകളുമായി ആർടിഎ

ദുബായ് : രൂപീകരണത്തിന്റെ 20–ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിവാസികൾക്കും യാത്രകാർക്കുമായി ആകർഷമായ ഓഫറുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വർഷാന്ത്യത്തിലേക്ക് നീളുന്ന ആഘോഷം മെട്രോ, ട്രാം, ബസ്, വിമാനത്താവളം ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു. പൊതുഗതാഗതം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സമ്മാനങ്ങളും ഇളവുകളും ലഭ്യമാകും.
ദുബായ് ട്രാം നവംബർ രണ്ടുവരെ സ്ഥിരം യാത്രികർക്ക് ‘എന്റർടെയ്‌നർ യുഎഇ 2026’ ബുക്ക് നേടാനുള്ള അവസരം നൽകും. ദുബായ് വിമാനത്താവളം നവംബർ ഒന്നുവരെ പ്രത്യേക സ്വീകരണ പാക്കുകളും ഫോട്ടോ ചലഞ്ച് പരിപാടിയും ഒരുക്കിയിട്ടുണ്ട്. വിജയികളുടെ ചിത്രങ്ങൾ ആർടിഎയുടെ സമൂഹമാധ്യമ പേജുകളിൽ പ്രദർശിപ്പിക്കും.
മെട്രോ സ്റ്റേഷനുകളിൽ നവംബർ ഒന്നു മുതൽ 15 വരെയാണ് സമ്മാനവിതരണം. ബുർജുമാൻ, യൂണിയൻ, മാൾ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷനുകളിലെ ഇഎൻബിഡി കിയോസ്‌കുകളിൽ യാത്രികർക്കായി സമ്മാനം വിതരണം ചെയ്യും. കൂടാതെ, ഗോ 4 ഇറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കും. ബസ് യാത്രികർക്കുള്ള പ്രത്യേക പരിപാടി നവംബർ ഒന്നിനാണ്. അൽ ഘുബൈബ ബസ് സ്റ്റേഷനും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനും ചേർന്നുള്ള ‘ആർടിഎ 20 ബൂത്ത്’ വഴി യാത്രികർക്ക് 20 സെക്കൻഡിൽ സമ്മാനങ്ങൾ നേടാം. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽനിന്ന് ചോക്‌ലേറ്റുകൾവരെയുള്ള നിരവധി സമ്മാനങ്ങൾ ഇതിൽ ഉൾപ്പെടും. ബുർജുമാൻ മെട്രോ സ്റ്റേഷനിൽ ആർടിഎ ഫോട്ടോബൂത്തിൽ യാത്രികർക്ക് ഡിജിറ്റൽ ഫോട്ടോ എടുക്കാനുള്ള അവസരമുണ്ടാകും. നവംബർ ഒന്നിന് രാവിലെ ഒന്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ബൂത്ത് പ്രവർത്തനം.
ബുർജുമാൻ, ഓൺപാസിവ്, സോബാ റിയാലിറ്റി ട്രാം സ്റ്റേഷൻ, ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ, ഉം റമൂൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ നവംബർ ഒന്നിന് ആകർഷക പരിപാടികൾ നടക്കും. നവംബർ ഒന്നുമുതൽ അഞ്ചുവരെ റോക്‌സി സിനിമാസിൽ ‘ആർടിഎ 20’ പ്രൊമോകോഡ് ഉപയോഗിച്ച് സിനിമ ടിക്കറ്റുകൾക്ക് 20 ശതമാനം ഇളവു ലഭിക്കും. അതേ കാലയളവിൽ നൂൺ ഓർഡറുകൾക്കും 20 ശതമാനം ഇളവ് ലഭ്യമാകും. നവംബർ ഒന്നുമുതൽ 30 വരെ എല്ലാ മെട്രോ സ്റ്റേഷനിലും ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകളും ലഭ്യമാക്കും.









0 comments