പണത്തട്ടിപ്പ് സംഘത്തെ പിടികൂടി ദുബായ് പൊലീസ്

ദുബായ് : വ്യാജ ലിങ്കുകൾ വഴി വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയ ശേഷം അക്കൗണ്ടിലെ പണം കവരുന്ന സംഘത്തെ പിടികൂടി ദുബായ് പൊലീസ്. റസ്റ്റോറന്റുകൾ, ഡെലിവറി കമ്പനികൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിൽ നിന്നാണ് വിളിക്കുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. യഥാർഥ കമ്പനികളിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന എസ്എംഎസ് സന്ദേശങ്ങൾ, ഇ മെയിലുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ അയച്ചാണ് പണം തട്ടിയിരുന്നതെന്ന് അധികൃതർ പറഞ്ഞു. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി തട്ടിപ്പുകാർ ജനപ്രിയ സംഘടനകളുടെ പേരുകൾ ചൂഷണം ചെയ്തതായും ദുബായ് പൊലീസ് വെളിപ്പെടുത്തി.
ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ബാങ്കിംഗ് വിവരങ്ങൾ നൽകുന്നതോടെ തട്ടിപ്പ്സംഘം അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കും. പൊലീസിലെ ആന്റിഫ്രോഡ് സെന്ററിലെ പ്രത്യേക സംഘങ്ങൾ മറ്റ് അധികാരികളുമായി സഹകരിച്ച് സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്താണ് സംഘാംഗങ്ങളെ തിരിച്ചറിഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.









0 comments