സൈബർ തട്ടിപ്പ് സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വൻ ഓൺലൈൻ തട്ടിപ്പ് നടത്തിയ സൈബർ കുറ്റകൃത്യ സംഘം ദുബായ് പൊലീസിന്റെ പിടിയിൽ. വ്യാജ വ്യാപാര, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. സംഘം ദീർഘനാളായി നിരീക്ഷണത്തിലായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ആന്റി-ഫ്രോഡ് സെന്റർ ആണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഫോൺ കോളുകൾ വഴി സംഘം ലക്ഷ്യമിട്ട ഇരകളിൽ നിന്നും റിപ്പോർട്ടുകളെത്തുടർന്ന് ആരംഭിച്ച ദേശീയ അവബോധ കാമ്പെയ്‌നിന്റെ #BeAwareofFraud ന്റെ ഭാഗമായിരുന്നു പ്രവർത്തനം.
നിയമാനുസൃത ഇലക്ട്രോണിക് ട്രേഡിംഗ്, നിക്ഷേപ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെന്ന വ്യാജേനയാണ് സംഘം തട്ടിപ്പ് നടത്തിയത്. വേഗത്തിലും ഉയർന്ന റിട്ടേണുകളും വാഗ്ദാനം ചെയ്തുകൊണ്ട് വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആളുകളെ നിർബന്ധിച്ചു. സംഘത്തിലെ അംഗങ്ങളെയും സ്ഥലങ്ങളും തിരിച്ചറിയാൻ കഴിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി.
ലൈസൻസില്ലാത്ത ഇത്തരം നിക്ഷേപങ്ങളുമായി സമീപിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു. സാമ്പത്തിക വിവരങ്ങൾ പങ്കിടരുതെന്നും അജ്ഞാത സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കരുതെന്നും മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ യുഎഇയിൽ നിക്ഷേപ സേവനങ്ങൾ നൽകാൻ അനുവാദമുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇക്രൈം പ്ലാറ്റ്‌ഫോം, ദുബായ് പൊലീസ് ആപ്പ് അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ച് സംശയാസ്പദമായ ഏതൊരു പ്രവർത്തനവും റിപ്പോർട്ട് ചെയ്യാം. തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഇത്തരം നിക്ഷേപങ്ങളുടെ നിയമസാധുത പരിശോധിക്കണമെന്നും പൊലീസ് നിർദേശിച്ചു.









0 comments