വ്യോമയാന സുരക്ഷ വർധിപ്പിക്കൽ: സ്‌മാർട്ട് സിസ്റ്റം അവതരിപ്പിച്ച്‌ ദുബായ്‌

Dubai smart security system aviation
വെബ് ഡെസ്ക്

Published on Nov 07, 2025, 01:41 PM | 1 min read

ദുബായ് : വ്യോമയാന മേഖലയുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കാനായി ദുബായിൽ സുരക്ഷാ ലംഘനം റിപ്പോർട്ട്‌ ചെയ്യുന്ന സ്‌മാർട്ട് സിസ്റ്റം അവതരിപ്പിച്ചു. ഭീഷണികൾ നേരത്തെ തിരിച്ചറിഞ്ഞ് അതിവേഗത്തിൽ പ്രതികരിക്കാനും ഏകോപനം മെച്ചപ്പെടുത്താനും സുരക്ഷാ ഏജൻസികളെ സഹായിക്കുന്നതാണ്‌ സംവിധാനം. ദുബായ് അതിർത്തി സുരക്ഷാ സമിതിയുടെ ചെയർമാനായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു.


സ്‌മാർട്ട് സാങ്കേതിക വിദ്യകളും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സംവിധാനങ്ങളും ഉപയോഗിച്ച് യഥാസമയം നിരീക്ഷണവും വേഗത്തിലുള്ള സംഭവനിർവഹണവും ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള സമന്വയവും ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ദുബായ് വ്യോമയാന അതോറിറ്റി, ദുബായ് പൊലീസ്, ദുബായ് കസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ്‌ സംവിധാനം വികസിപ്പിച്ചത്‌. നഗരത്തിന്റെ ആഗോള വിമാന സുരക്ഷാ നേതൃത്വം കൂടുതൽ ഉറപ്പുവരുത്താനും ലോകത്തിലെ ഏറ്റവും സുരക്ഷിതവും ആധുനികവുമായ നഗരങ്ങളിലൊന്നെന്ന നില ബലപ്പെടുത്താനും ലക്ഷ്യമിടുന്നു.


അതേസമയം, 2025ന്റെ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളം 4.6 കോടിയോളം യാത്രക്കാരെ സ്വീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും തിരക്കേറിയ ആറുമാസമാണ്‌. ഇതേകാലയളവിൽ ഏകദേശം 10 ലക്ഷം ടൺ ചരക്കുവിമാനത്താവളം കൈകാര്യം ചെയ്തു. അൽ മക്തൂം വിമാനത്താവളത്തിൽ 12,800 കോടി ദിർഹം ചെലവിൽ വിപുലീകരണം പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കുകയെന്നതാണ് ലക്ഷ്യം. നവീകരണം പൂർത്തിയാക്കിയാൽ വർഷം 26 കോടി യാത്രക്കാരെയും 1.2 കോടി ടൺ ചരക്കും കൈകാര്യം ചെയ്യാനാകും.




Tags
deshabhimani section

Related News

View More
0 comments
Sort by

Home