ഡ്രോൺ ഡെലിവറിക്കായി ദുബായില്‍ പുതിയ റൂട്ട്

ദുബായ് : യുഎഇയിലെ ദുബായ് നദ് അൽ ഷെബാ മേഖലയിലൂടെ ആദ്യ ഡ്രോൺ ഡെലിവറി റൂട്ട് ഉദ്ഘാടനം ചെയ്തു. നദ് അൽ ഷെബാ ഗ്രാൻഡ് പള്ളിയിൽ ഭക്ഷണ പാഴ്‌സലുകൾ ഡ്രോൺ വഴി എത്തിക്കുന്ന പദ്ധതിയാണിത്. കീറ്റ ഡ്രോൺ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾ അവന്യൂ മാൾ റെസ്റ്റോറന്റുകളിലും കഫേകളിലും നിന്ന് ഓർഡർ ചെയ്യാം. ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ്, കീറ്റ ഡ്രോൺ എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി സൗഹൃദവും വേഗത്തിലുള്ളതുമായ ഡെലിവറി സേവനങ്ങൾ ലക്ഷ്യമിട്ടാണ് ഈ സംരംഭം.
പള്ളികളുടെ സാമൂഹിക പങ്കാളിത്തം വർധിപ്പിച്ച്, അവയെ സ്മാർട്ട് ഹബ്ബുകളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. ജനങ്ങൾക്ക് കൂടുതൽ സൗകര്യവും സേവനങ്ങളും ഉറപ്പാക്കാനായി സാങ്കേതികവിദ്യയെ ഉൾപ്പെടുത്തുന്നതാണ് ലക്ഷ്യം. 2024 ഡിസംബറിൽ ദുബായ് സിലിക്കൺ ഒയാസിസിൽ ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി വിതരണം ചെയ്യാനുള്ള ആദ്യ ലൈസൻസ് കീറ്റ ഡ്രോണിന് ലഭിച്ചിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ആദ്യ ഓർഡർ നൽകിയത്.
2026ഓടെ ദുബായിലെ 30 ശതമാനം പ്രദേശങ്ങൾ ഡ്രോൺ ഡെലിവറി സേവന പരിധിയിലാക്കുകയും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അത് 70 ശതമാനമായി വിപുലപ്പെടുത്തുകയുമാണ് ലക്ഷ്യം. ഡ്രോൺ സർവീസുകൾ നിയന്ത്രിക്കുന്നതിനായി ദുബായ് എയർ നാവിഗേഷൻ സർവീസസിന് യുഎഇയുടെ ആദ്യ ഡ്രോൺ എയർസ്പേസ് സർവീസ് പ്രൊവൈഡർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.









0 comments