ഖാരിഫ് സീസണിന് ഒരുങ്ങി ദോഫാർ: 100 കേന്ദ്രവും 7300 മുറികളും തയാർ

മസ്‌കത്ത് : വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച് ഈ വർഷത്തെ ഖാരിഫ് സീസണിന് ഒരുങ്ങിയതായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. 7,300 മുറികളും ലൈസൻസുള്ള 100 സ്ഥാപനങ്ങളും സഞ്ചാരികൾക്കായി തയ്യാറാണെന്നും അധികൃതർ അറിയിച്ചു. സലാല, തഖ, മിർബത്ത് എന്നിവിടങ്ങളിൽ പുതിയ ഹോട്ടൽ തുറന്നതിലൂടെയാണ് ഈ വിപുലീകരണം സാധ്യമായത്. 2025ലെ ഖാരിഫ് സീസൺ 21ന് ആരംഭിച്ച് സെപ്തംബർ 20 വരെ നീണ്ടുനിൽക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി നേരത്തേ അറിയിച്ചിരുന്നു.
ഈ ശേഷി വളർച്ച സേവന മികവിനെ പ്രതിഫലിപ്പിക്കുന്നതായി ദോഫാറിലെ പ്രമോഷൻ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അബ്ദുള്ള ബിൻ ഒമർ അൽ സബ്ബ ബാബൗദ് പറഞ്ഞു. അടിസ്ഥാന സൗകര്യം നവീകരിക്കാനും ആതിഥ്യ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭൂതകാലത്തിന്റെ തിരിച്ചുവരവ്' എന്ന പ്രമേയത്തിൽ പരമ്പരാഗത ഒമാനി ജീവിതത്തിന്റെ വശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ ഇത്തവണ അവതരിപ്പിക്കും. ഇറ്റിൻ സ്‌ക്വയർ പരിപാടികളുടെ കേന്ദ്രമായിരിക്കും. സംയോജിത ഷോപ്പിങ് ഏരിയ, ഓപ്പൺ തിയറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔഖാദ് പാർക്ക് കുടുംബ വിനോദത്തിനായി നീക്കിവയ്ക്കും. സലാല പൊതു പാർക്ക് ഖരീഫ് കാലം മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. അൽ മറൂജ് തിയറ്റർ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.
കഴിഞ്ഞ ഖാരിഫ് സീസണിൽ 10.48 ലക്ഷം സന്ദർശകർ എത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പതു ശതമാനം വർധനയാണിത്. ഒമാനി സന്ദർശകരുടെ 7,34,500ൽ എത്തി. ഗൾഫ് സന്ദർശകരുടെ എണ്ണം 16.9 ശതമാനം വർധിച്ച് ഏകദേശം 1,77,000 ആയി. മറ്റ് അറബ് രാജ്യത്തു നിന്നുള്ളവരുടെ എണ്ണത്തിൽ 3.6 ശതമാനം വർധനയുണ്ടായി. 2024 അവസാനം ദോഫാറിൽ 6537 മുറികളുള്ള 83 ഹോട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 90 ദിവസം നീണ്ടുനിന്ന പരിപാടികളും ഉണ്ടായി.








0 comments