ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം: മൂന്ന് നാവികർ കൊല്ലപ്പെട്ടു; ആശങ്കയിൽ മേഖല

പ്രതീകാത്മകചിത്രം
അനസ് യാസിൻ
Published on Jul 09, 2025, 01:45 PM | 1 min read
മനാമ: ചെങ്കടലിൽ ലൈബീരിയൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ചെങ്കടലിൽ ഒഴുകി നടക്കുന്ന കപ്പലിൽ ജീവനക്കാർ കുടുങ്ങിക്കിടക്കുകയാണ്.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള 'എറ്റേണിറ്റി സി' എന്ന കപ്പലിന് നേരെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്ന് യൂറോപ്യൻ യൂണിയന്റെ കടൽക്കൊള്ള വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ അറ്റലാന്റ പറഞ്ഞു.സൂയസ് കനാലിലേക്ക് നീങ്ങുകയായിരുന്ന ഈ ചരക്ക് കപ്പലിന് നേരെ ചെറു ബോട്ടുകളിലെത്തിയവർ ബോംബ് ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കപ്പലിലെ ജീവനക്കാരിൽ 21 ഫിലിപ്പൈൻസുകാരും ഒരു റഷ്യക്കാരനും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇവർ അറിയിച്ചു. ആക്രമികളും കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. പരിക്കേറ്റ ജീവനക്കാരിൽ ഒരാൾക്ക് കാൽ നഷ്ടപ്പെട്ടു.
ഞായറാഴ്ച ചെങ്കടലിൽ ഹൂതികൾ മാജിക് സീസ് എന്ന കപ്പൽ ആക്രമിച്ച മേഖലയിൽവെച്ചാണ് എറ്റേണിറ്റിയും ആക്രമിക്കപ്പെട്ടത്. യമനിലെ ഹൊദയ്ദ തുറമുഖത്ത് നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് കപ്പൽ ഉണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതി മിലിഷ്യ ഏറ്റെടുത്തിട്ടില്ല. എന്നാൽ, യെമനിലെ ഔദ്യോഗിക സർക്കാരും ഇയു സേനയും യെമനിലെ യുഎസ് എംബസിയും ആക്രമണത്തിന് പിന്നിൽ ഹൂതികളെന്ന് ആരോപിച്ചു.
ഞായറാഴ്ച ലൈബീരിയൻ പതാക വഹിച്ച ഗ്രീക്ക് ഉടമസ്ഥതയിലുള്ള 'മാജിക് സീസ്' എന്ന ചരക്ക് കപ്പലിന് ആക്രമണത്തിൽ തീപിടിച്ചിരുന്നു. വെള്ളം കയറിയ കപ്പലിലെ 22 ജീവനക്കാരെ അബുദാബി തുറമുഖ കപ്പൽ രക്ഷപ്പെടുത്തി. വളവും ഉരുക്കുപാളികളും തുർക്കിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കപ്പൽ പിന്നീട് ചെങ്കടലിൽ മുങ്ങിയതായാണ് റിപ്പോർട്ട്. 2024 നവംബറിന് ശേഷം ഷിപ്പിംഗിന് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണങ്ങളാണിത്. സമീപ ആഴ്ചകളിൽ കൂടുതൽ കപ്പലുകൾ കടന്നുപോയ ഈ പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതയ്ക്ക് ഭീഷണിയായി ഒരു പുതിയ ആക്രമണ പരമ്പരയുടെ തുടക്കമാണിതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Cargo ship attacked in Red Sea









0 comments