നിർമിതബുദ്ധിയെ വരുതിയിലാക്കി ഗുണപരമാക്കുക : പായൽ അറോറ

payal arora
വെബ് ഡെസ്ക്

Published on Nov 14, 2025, 04:00 PM | 2 min read

ഷാർജ: ഡിജിറ്റൽ ലോകത്തെ സാങ്കേതിക വിദ്യാ വളർച്ചയെ അടയാളപ്പെടുത്തുന്ന നിർമിതബുദ്ധി പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം അവയെ വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റൽ വിദഗ്ദ്ധയുമായ പായൽ അറോറ. എ ഐ എന്ന് കേൾക്കുമ്പോൾ തന്നെ നിഷേധാത്മകമായ ചിന്തകളാണ് പലരുടെയും മനസ്സിൽ ഉണ്ടാകുന്നതെന്നും പായൽ അറോറ ചൂണ്ടിക്കാട്ടി. ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ 'പായൽ അറോറ: ഡിജിറ്റൽ ലൈവ്സ് ആൻഡ് ഇൻക്ലൂസിവ് ഫ്യൂച്ചേഴ്‌സ്' എന്ന പേറി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.


തൊഴിൽ നഷ്ടമാവുന്നതും മനുഷ്യന് പകരം നിൽക്കാൻ ശേഷിയുള്ള ഒരു സംവിധാനമായി ഇത് വളരുമോയെന്ന ആശങ്കയുമാണ് എഐയെ ഭയത്തോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഇത് സമൂഹത്തെ അഗാധമായ അസ്തിത്വ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇത് മൂലം വിഷാദ രോഗവും മാനസികാരോഗ്യ തകർച്ചയും നേരിടുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം ആപത്കരമായ അവസ്ഥയിൽ നിന്ന് നാം മോചിതരാകണമെന്നും എ ഐ യെ ക്രിയാത്മകമായി ഉപയോഗിക്കാൻ നാം പഠിക്കണമെന്നുമുള്ള സന്ദേശമാണ് തന്റെ പുസ്തകങ്ങളിലൂടെ പങ്കുവെക്കാൻ ശ്രമിക്കുന്നതെന്ന് പായൽ പറയുന്നു.


ഹോളണ്ടിൽ പത്തിൽ ഒൻപത് കുട്ടികളും ഡിജിറ്റൽ മേഖലയുടെ സ്വാധീനത്തിൽ നിന്ന് അകന്ന് നിൽക്കാൻ അവസരം കിട്ടിയാൽ അത് ഉപയോഗിക്കുമെന്ന് പറയുന്നവരാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഇടങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ താൽപര്യപ്പെടുന്ന ഒരു പുതു തലമുറ വളർന്നുവരുന്നു എന്നതിന്റെ സൂചനയാണിത്.അമേരിക്കയിൽ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ടെന്നും പായൽ പറയുന്നു. ഈ സാഹചര്യത്തിൽ എ ഐ യോടുള്ള സമീപനത്തിൽ കാതലായ മാറ്റം ഉണ്ടാകണമെന്നും സന്തുലിതമായി അവയെ ഉപയോഗിക്കണമെന്നും പായൽ അറോറ ആവശ്യപ്പെട്ടു. സംവാദത്തിന് ശേഷം വായനക്കാർക്ക് പായൽ പുസ്തകം ഒപ്പുവെച്ച് നൽകി. ഡിജിറ്റൽ വിദഗ്ദ്ധൻ ഡോ. ശ്രീജിത്ത് ചക്രബർത്തി മോഡറേറ്ററായിരുന്നു.


ക്രൈം റിപ്പോർട്ടിങ്ങ് ഫിക്ഷനാകരുത്, സത്യസന്ധമായ അവതരണമായിരിക്കണം: ഹുസൈൻ സെയ്‌ദി


ഷാർജ : കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ ക്രൈം റിപ്പോർട്ടറുമായ എസ് ഹുസൈൻ സെയ്‌ദി പറഞ്ഞു. എത്ര സെൻസേഷണലായ വിവരങ്ങൾ ലഭിച്ചാലും അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താതെ സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ' ഇൻസൈഡ് ദി അണ്ടർ വേൾഡ്: എസ് ഹുസൈൻ സെയ്‌ദി ഓൺ ക്രൈം, കോൺ ഫ്ലിക്റ്റ്, ആൻഡ് ത്രില്ലേഴ്സ് എന്ന പേരിൽ നടന്ന സെഷനിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.


ഒരു വിവരം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ ലഭിക്കുന്നതെങ്കിൽ അത്തരം വിവരങ്ങൾ ഒഴിവാക്കുക എന്നതാണ് തന്റെ രീതിയെന്ന് സെയ്‌ദി ചൂണ്ടിക്കാട്ടി.പോലീസ് എഫ് ഐ ആർ, കുറ്റപത്രം, കുറ്റസമ്മത മൊഴി, കോടതി രേഖകൾ തുടങ്ങിയ ആധികാരിക വസ്തുതകളെയാണ് താൻ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈം റിപ്പോർട്ടിങ്ങ് ഫിക്ഷനല്ല, നൂറ് ശതമാനം ആധികാരികമായ, സത്യസന്ധമായ അവതരണമാണ്. പൾസ് 95 റേഡിയോ അവതാരകൻ ലൂയി ദൻഹാം മോഡറേറ്ററായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home