അബ്ദുറഹീമിൻ്റെ മോചന നടപടിക്രമങ്ങൾ വേഗത്തിലാക്കും: സഹായ സമിതി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടങ്ങിയതായി സഹായ സമിതി അറിയിച്ചു. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന കഴിഞ്ഞ ദിവസത്തെ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വർഷത്തെ തടവുശിക്ഷയാണ് റഹീമിന് റിയാദ് ക്രിമിനൽ കോടതി തിങ്കളാഴ്ച വിധിച്ചത്. സൗദി ബാലനായ അനസ് അൽശഹ്റിയുടെ മരണത്തിലാണ് ശിക്ഷ. ഇരു വിഭാഗത്തിനും വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശമുണ്ട്. നിരവധി പ്രാവശ്യം മാറ്റിവെച്ച ശേഷമാണ് കേസിൽ തിങ്കളാഴ്ച വിധിപ്രഖ്യാപനമുണ്ടായത്. 2006 ഡിസംബർ 24നാണ് റഹീം റിയാദ് ജയിലിലായത്. 20 വർഷം പൂർത്തിയാക്കുന്നത് 2026 ഡിസംബർ 24ന് ആയിരിക്കും.
റീപ്രാട്രിയേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ട് പ്രകാരം ഇന്ത്യാ-സൗദി ഉഭയകക്ഷി കരാര്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നത്. 2003ല്‍ ഇന്ത്യ പാസാക്കിയ ആക്ട് പ്രകാരം തടവു ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ കുറ്റവവാളികളെ കൈമാറാനാകും. 2010 ഫെബ്രുവരിയിൽ ഇത് സംബന്ധിച്ചു ഇന്ത്യ-സൗദി ഉഭയ കക്ഷി കരാറും ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം അബ്ദുല്‍ റഹീമിന്റെ അവശേഷിക്കുന്ന തടവുകാലം ഇന്ത്യയിലേയ്ക്കു മാറ്റാം. അബ്ദുല്‍ റഹീമിനോ കുടുംബത്തിനോ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. 30 ദിവസത്തെ അപ്പീല്‍ കാലയളവ് കഴിഞ്ഞാല്‍ നയതന്ത്ര തലത്തില്‍ ഇതിനുളള നീക്കം നടത്താനാകും.
നേരത്തെ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച 15 മില്യൻ റിയാൽ അനസിന്റെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
വാർത്താസമ്മേളനത്തിൽ അശ്റഫ് വേങ്ങാട്ട്, സിപി മുസ്തഫ, അബ്‌ദുല്ല വല്ലാഞ്ചിറ, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, സിദ്ദീഖ് തുവ്വൂർ, നൗഫൽ പാലക്കാടൻ, മുനീബ് പാഴൂർ, കുഞ്ഞോയി കോടമ്പുഴ, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട്കുന്ന്, ഷമീം മുക്കം എന്നിവർ പങ്കെടുത്തു.









0 comments