കല കുവൈറ്റ് ബാലകലാമേള: യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ചാമ്പ്യന്മാര്‍; രോഹിത് എസ് നായര്‍ കലാപ്രതിഭ, റൂത് ആന്‍ ടോബി കലാതിലകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 08, 2018, 09:28 AM | 0 min read

കുവൈറ്റ് സിറ്റി  > 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ബഹറൈന്‍ എക്‌സ്‌ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലകലാമേള 2018 കൗമാര കലകളുടെ ഉത്സവമായ് മാറി. അബ്ബാസിയ യുണൈറ്റഡ് സ്‌കൂളില്‍ 9 വേദികളിലായ് നടന്ന മല്‍സരങ്ങളില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.

കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബാലകലാമേള 2018 ന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ട് ചീഫ് ഓഫ് മിഷന്‍ രാജ്‌ഗോപാല്‍ സിംഗ് നിര്‍വഹിച്ചു. ബിഇസി കണ്‍ട്രി മാനേജര്‍ മാത്യു വര്‍ഗീസ്, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അജിത് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും, ബാലകലാമേള ജനറല്‍ കണ്‍വീനര്‍ കെ വി നിസാര്‍ നന്ദിയും രേഖപ്പെടുത്തി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പങ്കാളിത്തമാണു മേളയില്‍ ഉണ്ടായത്. വിവിധ സ്‌കൂളുകളിലെ അധ്യാപകരുടെയും കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും വര്‍ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി. എല്ലാ മല്‍സര ഇനങ്ങളുടേയും ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങളുടെ ഫല പ്രഖ്യാപനവും, സമ്മാനദാനവും വേദിയില്‍ വെച്ച് നടന്നു. 16 പോയിന്റ് നേടി മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രോഹിത് എസ് നായര്‍ കലാപ്രതിഭയായും, 23 പോയിന്റ് നേടി ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂള്‍ അമ്മാന്‍ ബ്രാഞ്ചിലെ  റൂത് ആന്‍ ടോബി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.

95 പോയിന്റുകള്‍ നേടി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 85 പോയിന്റുകളോടെ ഫഹാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വര്‍ണമെഡലുകളും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളിനുള്ള ട്രോഫിയും, മെയ് 11നു നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ 'തരംഗം 2018' വേദിയില്‍ വെച്ച് സമ്മാനിക്കും.

ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മോണോആക്ട്, കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി കഥ പറയല്‍ മത്സരം, രചനാ മല്‍സരങ്ങള്‍ തുടങ്ങി 4 വിഭാഗങ്ങളിലായ് 15 മല്‍സര ഇനങ്ങളാണു ബാലകലാമേളയില്‍ അരങ്ങേറിയത്. മത്സര ഫലങ്ങള്‍ കല കുവൈറ്റ് വെബ്‌സൈറ്റായ ംംം.സമഹമസൗംമശ.േരീാ ല്‍ ലഭ്യമാണ്.


 



deshabhimani section

Related News

View More
0 comments
Sort by

Home