68.6 ശതമാനം പ്രവാസികൾ; കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിനടുത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 50 ലക്ഷത്തിനടുത്ത് എത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. 2024 ഡിസംബർ അവസാനം രാജ്യത്തെ മൊത്തം ജനസംഖ്യ 49,87,826 ആയി. ഇതിൽ 15,67,983 പേർ കുവൈത്ത് പൗരന്മാരും 34,19,843 പേർ പ്രവാസികളുമാണ്. മൊത്തം ജനസംഖ്യയുടെ 68.6 ശതമാനവും പ്രവാസികളാണെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്ത് പൗരന്മാരിൽ സ്ത്രീകളാണ് കൂടുതൽ. എന്നാൽ, മൊത്തം ജനസംഖ്യ കണക്കിലെടുത്താൽ പുരുഷന്മാർ 61 ശതമാനവും സ്ത്രീകൾ 39 ശതമാനവുമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി വിഭാഗം ഇന്ത്യക്കാരാണ്. 10,07,961 ഇന്ത്യക്കാർ കുവൈത്തിൽ താമസിക്കുന്നു. മൊത്തം ജനസംഖ്യയുടെ ഏകദേശം 21 ശതമാനമാണിത്. ഇന്ത്യക്കുശേഷം ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് ഈജിപ്‌തിൽ നിന്നാണ്, 6,57,280 പേർ. ഇന്ത്യക്കാരും ഈജിപ്‌തുകാരും ചേർന്ന് കുവൈത്തിലെ ജനസംഖ്യയുടെ ഏകദേശം 34 ശതമാനവും പ്രവാസി ജനസംഖ്യയുടെ 48 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.









0 comments