ദുബായിയിൽ 40 കിലോ മയക്കുമരുന്ന് പിടികൂടി; രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ

ദുബായ് : ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ് നടത്തിയ റെയ്ഡിൽ 40 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷൻ വില്ല’ എന്ന പേരിൽ നടത്തിയ ദൗത്യത്തിൽ വിദേശത്ത് നിന്ന് നിയന്ത്രിക്കപ്പെട്ടിരുന്ന ഒരു മയക്കുമരുന്ന് ശൃംഖലയുടെ പ്രവർത്തനം പൂർണമായി തകർത്തു.
റെയ്ഡിൽ നിന്ന് കീറ്റമിൻ, ക്രിസ്റ്റൽ മെത്ത്, ഗഞ്ച, ഹാഷ് ഓയിൽ തുടങ്ങി നിരവധി മയക്കുമരുന്നുകൾ, രാസവസ്തുക്കൾ, ദ്രാവകങ്ങൾ എന്നിവയും പൊലീസ് പിടികൂടി. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഒരു വില്ലയെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘത്തെ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പ്രത്യേക ടീമിനെ നിയോഗിച്ചു. നിരീക്ഷണവും ഫീൽഡ് മോണിറ്ററിംഗും ഉൾപ്പെടുത്തി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സംഘത്തിലെ ഒരാളെ കുടുക്കി.
അറസ്റ്റിലായ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപ്രവർത്തകന്റെ പങ്കും പുറത്തുവന്നു. തുടർന്ന് നടത്തിയ ദൗത്യത്തിൽ രണ്ടാമത്തെ വ്യക്തിയെ മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനിടെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇരുവരും വിദേശത്തുള്ള നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും പ്രതികൾ മൊഴി നൽകി.
പൊതുസുരക്ഷയെ തകർക്കാൻ ശ്രമിക്കുന്ന ഏതു സംഘത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്‌സിന്റെ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ വ്യക്തമാക്കി. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന കുറ്റകൃത്യ ശൃംഖലകളെയും ദുബായ് പൊലീസ് അടിച്ചമർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംശയാസ്പദമായ പ്രവർത്തനങ്ങൾ, സന്ദേശങ്ങൾ എന്നിവ ശ്രദ്ദയിൽപ്പെട്ടാൽ പൊതുജനങ്ങൾ 901 എന്ന നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് -ൽ ഉള്ള പൊലീസ് ഐ സേവനത്തിലൂടെയോ വിവരം നൽകണമെന്ന് പൊലീസ് ആഹ്വാനം ചെയ്തു.









0 comments