print edition പഠിക്കാനുണ്ട്, വെള്ളത്തിലും

ഡോ. രാജേഷ് ബാബു കെ ആർ
Published on Nov 26, 2025, 09:49 AM | 3 min read
വാട്ടർ സ്‌പോർട്‌സ് വലിയ പഠനശാഖയായിക്കൂടി വളരുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് (എന്‍ഐഡബ്ല്യുഎസ്) ഇത്തരത്തിലുള്ള കോഴ്സുകളും പരിശീലനവും നൽകുന്ന സ്ഥാപനമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിന്റെ കീഴിലുള്ള കേന്ദ്രമാണിത്. ഗോവ, ഗ്വാളിയോർ, ഭുവനേശ്വർ, നോയിഡ, നെല്ലൂർ എന്നിവിടങ്ങളിൽ പരിശീലനകേന്ദ്രങ്ങളുണ്ട്.
കോഴ്സുകള്‍
എംബിഎ (ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്): ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള രണ്ടുവർഷത്തെ മുഴുവൻസമയ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്) ബിരുദം വാഗ്‌ദാനം ചെയ്യുന്നു. ഓരോ വര്‍ഷവും രണ്ട് സെമസ്റ്റര്‍ വീതമുണ്ടാകും. സാമ്പത്തികശാസ്ത്രം, മാനേജ്മെന്റ് തുടങ്ങിയ പ്രധാന വിഷയങ്ങൾക്കൊപ്പം, ടൂർ ഗൈഡിങ്, ഇവന്റ് മാനേജ്മെന്റ്, സാഹസികത ടൂറിസം തുടങ്ങിയവയിൽ സ്പെഷ്യലൈസേഷൻ ചെയ്യാം.
സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് എന്നിവ പഠിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് നൽകുന്നു. വേനൽക്കാല ഇന്റേൺഷിപ്പുകളുടെ ഒരു ഭാഗവും കോഴ്‌സിലുണ്ട്. നാലാം സെമസ്റ്ററിൽ ഓൺ ജോബ് പരിശീലനവുമുണ്ട്. 750 സീറ്റുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശനം ജൂണ്‍–-ജൂലൈ മാസങ്ങളില്‍. മാറ്റ്, ക്യാറ്റ്, ജിമാറ്റ്, സിമാറ്റ്, സിയുഇടി തുടങ്ങിയ പരീക്ഷകളുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ബിബിഎ (ടൂറിസം ആൻഡ് ട്രാവൽ): ഗ്വാളിയോർ, നോയിഡ, ഭുവനേശ്വർ, നെല്ലൂർ, ഗോവ എന്നിവിടങ്ങളിൽ ബിബിഎ (ടൂറിസം ആൻഡ് ട്രാവൽ) പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്നു. ജെഎൻയു സര്‍ട്ടിഫിക്കറ്റ് നല്‍കും. ടൂറിസത്തിന്റെ സംഘടന, സാമൂഹികപ്രാധാന്യം, സ്വാധീനം എന്നിവ പഠിപ്പിക്കും.
തുടക്കക്കാർമുതൽ ഉയർന്ന തലങ്ങൾവരെയുള്ള എൻട്രി പ്രൊഫൈലുകൾ ഉപയോഗിച്ച്, ടൂറിസം വ്യവസായത്തിന്റെ നിലവിലെ ആവശ്യം നിറവേറ്റുന്നതിനാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അംഗീകൃത സർവകലാശാലയിൽനിന്നോ ബോർഡിൽനിന്നോ ഏതെങ്കിലും വിഷയത്തിൽ 10, +2 പരീക്ഷകളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. ആകെ 375 സീറ്റുകളുണ്ട്. ആകെ ഫീസ് 2,90,000 രൂപ. പ്രവേശനം ജൂണ്‍–ജൂലൈ മാസങ്ങളില്‍.
പിഎച്ച്ഡി പ്രോഗ്രാം
ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് പിഎച്ച്ഡി പ്രോഗ്രാം. കോഴ്‌സ് വർക്ക് ഉൾപ്പെടെ കുറഞ്ഞത് മൂന്നുവർഷമായിരിക്കും കാലാവധി. പ്രവേശനംമുതൽ പരമാവധി ആറുവർഷംവരെ തുടരാം. എല്ലാ ഗവേഷണ വിദ്യാർഥികളും ആദ്യ രണ്ട് സെമസ്റ്ററുകളിൽത്തന്നെ കോഴ്‌സ് വർക്ക് പൂർത്തിയാക്കണം. ഗ്വാളിയോർ, ഭുവനേശ്വർ, നോയിഡ, നെല്ലൂർ, ഗോവ എന്നീ കേന്ദ്രങ്ങളിലായി പിഎച്ച്ഡി പ്രോഗ്രാമിൽ 32 സീറ്റ് ലഭ്യമാണ്.
സർട്ടിഫിക്കേഷൻ/ ഡിപ്ലോമ കോഴ്സുകൾ
ഇൻക്രെഡിബിൾ ഇന്ത്യ ടൂറിസം ഫെസിലിറ്റേറ്റേഴ്‌സ് (ഐഐടിഎഫ്) പ്രോഗ്രാം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഡിജിറ്റൽ പഠനസംരംഭമാണിത്. യുവതീയുവാക്കളുടെ നൈപുണ്യവികസനം, പ്രൊഫഷണൽ യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുക എന്നിവയാണ് ലക്ഷ്യം. 10, +2 ആണ് കുറഞ്ഞ യോഗ്യത. 18 വയസ്സ് പൂർത്തിയായിരിക്കണം. കണ്ടന്റ് ഡെവലപ്‌മെന്റ്, എൽഎംഎസ് മാനേജ്‌മെന്റ്, ബാക്ക് എൻഡ് ഓപ്പറേഷൻസ് ആൻഡ് ഡാറ്റ മാനേജ്‌മെന്റ്, ഓൺലൈൻ പരീക്ഷ, തേർഡ്- പാർട്ടി അസസ്‌മെന്റ് ആൻഡ് ട്രെയിനിങ് എന്നിവയാണ് കോഴ്സിന്റെ ഉള്ളടക്കം.
ലൈഫ് സേവിങ് ടെക്‌നിക്സ്: സ്വിമ്മിങ് പൂള്‍ ലൈഫ് ഗാര്‍ഡ്, വാട്ടര്‍ സ്‌പോര്‍ട്സ് ഓപ്പറേറ്റര്‍, വാട്ടര്‍ പാര്‍ക്ക് ഓപ്പറേറ്റര്‍, ബീച്ച് ലൈഫ് ഗാര്‍ഡ് എന്നീ ജോലികള്‍ക്ക് സുരക്ഷാ നിയമപ്രകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതയാണിത്. കോഴ്സ് കാലാവധി ആറുദിവസം. അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
സര്‍ഫ് ലൈഫ് സേവിങ് ടെക്‌നിക്സ്: ബീച്ച് ലൈഫ് ഗാര്‍ഡ് ജോലിക്ക് സുരക്ഷാ നിയമപ്രകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതയാണിത്. കോഴ്സ് കാലാവധി 12 ദിവസം. അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
പവര്‍ ബോട്ട് ഹാന്‍ഡ്‌ലിങ്: ബോട്ട് ഓപ്പറേറ്റര്‍ ജോലിക്ക് സുരക്ഷാ നിയമപ്രകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതയാണിത്. കോഴ്സ് കാലാവധി അഞ്ചുദിവസം. അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
പേര്‍സണല്‍ വാട്ടര്‍ക്രാഫ്റ്റ്/ ജെറ്റ് സ്‌കൈ ഓപ്പറേറ്റര്‍: വാട്ടര്‍ ക്രാഫ്റ്റ്, ജെറ്റ് ഓപ്പറേറ്റര്‍ എന്നീ ജോലികള്‍ക്ക് സുരക്ഷാ നിയമപ്രകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതയാണിത്. കോഴ്സ് കാലാവധി നാലുദിവസം. അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
സീ റെസ്‌ക്യൂ സ്‌ക്വാഡ് സര്‍ട്ടിഫിക്കേഷന്‍: തുറസ്സായ ജലസ്രോതസ്സുകളില്‍ അത്യാഹിത സാഹചര്യങ്ങളില്‍ റെസ്‌ക്യൂ ടെക്‌നിക്സും പ്രഥമശുശ്രൂഷാ രീതികളും ഉപയോഗിക്കുന്നതിന് സുരക്ഷാ നിയമപ്രകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതയാണിത്. കോഴ്സ് കാലാവധി 15 ദിവസം. അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഔട്ട്‌ബോര്‍ഡ് മോട്ടോര്‍ മെയിന്റനന്‍സ് സര്‍ട്ടിഫിക്കേഷന്‍: ഔട്ട്‌ബോര്‍ഡ് മോട്ടോര്‍ പരിപാലനത്തിനും റിമോട്ട് നിയന്ത്രണ യന്ത്രങ്ങളുടെ പരിപാലനത്തിനും സുരക്ഷാ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട യോഗ്യത. കാലാവധി 10 ദിവസം.
ഫൈബര്‍ റി ഇന്‍ഫോര്‍സ്ഡ് പ്ലാസ്റ്റിക് ബോട്ട് റിപ്പയര്‍ സര്‍ട്ടിഫിക്കേഷന്‍: ഫൈബര്‍ ബോട്ട് പരിപാലനത്തിന് ഉണ്ടായിരിക്കേണ്ട യോഗ്യത. കാലാവധി 10 ദിവസം.
വിന്‍ഡ് സര്‍ഫിങ്: അടിസ്ഥാനപരവും വിനോദപരവും സാഹസികവുമായ വിന്‍ഡ് സര്‍ഫില്‍ പരിശീലനം നല്‍കുന്നു. ലൈഫ് സേവിങ് ടെക്‌നിക്സ് -വാട്ടര്‍ സ്‌പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് ലൈസന്‍സ് ഉണ്ടായിരിക്കണം. കോഴ്സ് കാലാവധി അഞ്ചുദിവസം. സര്‍ട്ടിഫിക്കറ്റ് കാലാവധി രണ്ടുവര്‍ഷം
സെയിലിങ്: അടിസ്ഥാനപരവും വിനോദപരവും സാഹസികവുമായ സെയിലിങ് പരിശീലനം നല്‍കുന്നു. കോഴ്സിന്റെ കാലാവധി അഞ്ചുദിവസം.
വാട്ടര്‍ സ്‌കയിങ്: അടിസ്ഥാനപരവും വിനോദപരവും സാഹസികവുമായ വാട്ടര്‍ സ്‌കയിങ്ങില്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. കോഴ്സിന്റെ കാലാവധി അഞ്ചുദിവസം.
കയാക്കിങ്: അടിസ്ഥാനപരവും സാഹസികവുമായി നദികളിലും സമുദ്രങ്ങളിലും കയാക്കിങ് നടത്താനുള്ള സാങ്കേതികപരിശീലനം നല്‍കും. കോഴ്സിന്റെ കാലാവധി അഞ്ചുദിവസം.
വാട്ടര്‍ സ്‌പോര്‍ട്സ് സെന്റര്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ്: വാട്ടര്‍ സ്‌പോര്‍ട്സ് കേന്ദ്രങ്ങളെയും ഉപകരണങ്ങളെയും മാനേജ് ചെയ്യുന്നതിന് സാങ്കേതികപരിശീലനം നല്‍കുന്നു. കുറഞ്ഞ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
സ്കൂബ ഡൈവിങ്: സ്കൂബ ഡൈവിങ്ങില്‍ സാങ്കേതികപരിശീലനം നൽകും. അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വിവരങ്ങള്‍ക്ക്: www.niws.nic.in, www.iittm.ac.in








0 comments