റൊണാൾഡോയ്‌ക്ക് ലോകകപ്പ് നഷ്ടമാകില്ല; മൂന്ന് മത്സര വിലക്ക് ഇങ്ങനെ

ക്രിസ്‌റ്റ്യാനോ റൊണാൾഡോ Photo AFP
ഡബ്ലിൻ: പോർച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്കും ആശ്വാസ വാർത്ത. യോഗ്യതാ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ താരത്തിന് അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നഷ്ടമാകില്ല. ഫിഫ അച്ചടക്ക സമിതി, റൊണാൾഡോ മൂന്ന് മത്സരങ്ങളിൽ വിലക്ക് അർഹിക്കുന്നതായി വിലയിരുത്തിയെങ്കിലും ഒരു മത്സര വിലക്ക് നിലനിർത്തുകയും രണ്ട് മത്സരങ്ങളുടെ വിലക്ക് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
നവംബർ 16ന് പോർച്ചുഗൽ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർമേനിയയെ നേരിട്ടപ്പോൾ റൊണാൾഡോ പുറത്തായിരുന്നു. ഒരു മത്സരത്തിൽ പുറത്തിരുന്നതോടെ 2026 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയും പന്തു തട്ടും. ആറാം ലോകകപ്പിനാണ് നാൽപ്പത്തൊന്നുകാരൻ ബൂട്ടുകെട്ടുന്നത്.
നവംബർ 13ന് അയർലൻഡിനെതിരായ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലാണ് നാൽപത്തൊന്നുകാരൻ ചുവപ്പ് കണ്ട് പുറത്തായത്. ഇരുപത്തിരണ്ടുവർഷത്തെ കളിജീവിതത്തിനിടയിൽ പോർച്ചുഗൽ കുപ്പായത്തിലെ ആദ്യ ചുവപ്പ് കാർഡാണിത്. ഐറിഷ് പ്രതിരോധതാരം ഡാറ ഒ ഷിയയുടെ പുറത്ത് കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് ശിക്ഷ. റഫറി ആദ്യം മഞ്ഞക്കാർഡാണ് കാണിച്ചത്. പിന്നീട് വീഡിയോ പരിശോധനയിൽ ഫൗളിന്റെ ഗൗരവം കണക്കിലെടുത്ത് ചുവപ്പ് കാർഡ് വീശി. മത്സരത്തിൽ പറങ്കിപ്പട രണ്ട് ഗോളിന് തോൽക്കുകയും ചെയ്‌തു.
ക്രിസ്റ്റ്യാനോ സസ്പെൻഷനിലായ കളിയിൽ അർമേനിയയെ 9–1ന് തുരത്തിയാണ് പോർച്ചുഗൽ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയത്.








0 comments