print edition ഫുഡ് പ്രോസസിങ്ങിൽ പിഎച്ച്ഡി

കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയുടെ (NIFTEM) തഞ്ചാവൂർ കേന്ദ്രം 2025–-26 വർഷത്തെ പിഎച്ച്‌ഡി പ്രവേശനത്തിന് (വിന്റർ സെഷൻ) അപേക്ഷ ക്ഷണിച്ചു.
3 സ്പെഷ്യലൈസേഷൻ
ഫുഡ് പ്രോസസ് എൻജിനിയറിങ് (10 സീറ്റ്), ഫുഡ് പ്രോസസ് ടെക്നോളജി (14), ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (15) എന്നീ മൂന്ന് സ്പെഷ്യലൈസേഷനുകളിൽ ഗവേഷണം നടത്താം.
യോഗ്യത
60 ശതമാനം മാർക്കോടെയോ തുല്യ ഗ്രേഡോടെയോ ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്ചിലർ, മാസ്റ്റർ ബിരുദം നേടിയിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മതി. പ്രസക്ത വിഷയങ്ങളിൽ ‘ഗേറ്റ്' യോഗ്യതയുള്ളവർക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഗേറ്റ് യോഗ്യതയില്ലാത്തവർ നിഫ്റ്റം തഞ്ചാവൂർ ക്യാമ്പസിൽ നടക്കുന്ന പ്രവേശനപരീക്ഷയെഴുതണം. ഓരോ സ്പെഷ്യലൈസേഷന്റെയും പ്രവേശനത്തിനു പരിഗണിക്കുന്ന വിഷയങ്ങളടക്കം വിശദവിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
എല്ലാ സ്പെഷ്യലൈസേഷനിലും പത്ത് വിദ്യാർഥികൾക്ക് ഹാഫ്-ടൈം റിസർച്ച് അസിസ്റ്റൻഷിപ് (HTRA) ലഭിക്കും. ആദ്യ രണ്ടുവർഷം 37,000 രൂപയും തുടർന്ന് മൂന്നുവർഷം 42,000 രൂപയുമാണ് മാസംതോറും ലഭിക്കുക. വീട്ടുവാടക അലവൻസും ലഭിക്കും. ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രാലയം (MoFPI) നൽകുന്ന ഡോക്ടറൽ ഫെലോഷിപ് ഓരോ സ്പെഷ്യലൈസേഷനിലും അർഹതയുള്ള 12 പേർക്കുവരെ ലഭിക്കും. ആദ്യ രണ്ടുവർഷം മാസംതോറും 29,600 രൂപ ലഭിക്കും. അടുത്ത മൂന്നുവർഷം 33,600 രൂപവീതവും.
അപേക്ഷ 29 വരെ
ഓൺലൈനിൽ നവംബർ 29 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയും ഇന്റർവ്യൂവും ഡിസംബർ 12ന് നിഫ്റ്റം ക്യാമ്പസിൽ നടക്കും. ഡിസംബർ 18ന് പ്രവേശനലിസ്റ്റ് പ്രസിദ്ധീകരിക്കും. ജനുവരി 19ന് ക്ലാസുകൾ തുടങ്ങും. വിവരങ്ങൾക്ക്: niftem-t.ac.in ഫോൺ: 04362 228708. ഇ–മെയിൽ: pgadmission @iifpt.edu.in








0 comments