കുവൈത്തിലെ ഫൈലക്ക ദ്വീപിൽ 1400 വർഷം പഴക്കമുള്ള കിണർ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 1400 വർഷത്തിലേറെ പഴക്കമുള്ള ഒരു കിണർ കണ്ടെത്തിയതായി കുവൈത്ത് പുരാവസ്തു വകുപ്പ് സഹമേധാവി മുഹമ്മദ് ബിൻ റിദ അറിയിച്ചു. വലിയ വിസ്തൃതിയുള്ള ഈ കിണറിന് ഇപ്പോഴും നീരൊഴുക്ക് നിലനിൽക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കിണറിനോട് ചേർന്ന് കല്ലുകൊണ്ട് നിർമ്മിച്ച കെട്ടിടാവശിഷ്ടങ്ങളും മതിലുകളുമാണ് കണ്ടെത്തിയത്. ക്രിസ്ത്യൻ കാലഘട്ടം (7-8-ാം നൂറ്റാണ്ട്) നിലവിലുണ്ടായിരുന്ന ഒരു പാർപ്പിട മേഖലയുടെ ഭാഗമായിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം.
കൂടാതെ, 1300 മുതൽ 1400 വർഷം പഴക്കമുള്ളതായി കണക്കാക്കുന്ന കുഴൽപ്പാത്രങ്ങളുടെ ഭാഗങ്ങളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിക കാലഘട്ടത്തിന് മുമ്പുള്ളതും പ്രാരംഭ ഇസ്‌ലാമിക കാലഘട്ടത്തിലേയ്ക്കും പോകുന്ന ചരിത്രശേഷിപ്പുകളാണിവയെന്ന് ഗവേഷകർ വിലയിരുത്തുന്നു. 2019-ൽ ആരംഭിച്ച കുവൈത്ത്-സ്ലോവാക്യ സംയുക്ത പുരാവസ്തു ഗവേഷകസംഘത്തിന്റെ പര്യവേക്ഷണത്തിനിടെയാണ് ഫൈലക്ക ദ്വീപിന്റെ കേന്ദ്രഭാഗത്തുള്ള “അൽഖസൂർ” പ്രദേശത്ത് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഫൈലക്ക ദ്വീപിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നായ അൽഖസൂർ, വിവിധ ചരിത്രകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന പുരാവസ്തു കേന്ദ്രമാണ്. ഈ പുതിയ കണ്ടെത്തൽ ദ്വീപിന്റെ പുരാതന ചരിത്രം പുതുക്കി എഴുതുന്നതിനുള്ള നിർണായക നാഴികക്കല്ലാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
0 comments