ആഗോള ഹോട്ട്‌സ്‌പോട്ടായി മുംബൈ ; കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 12:25 AM | 0 min read

മുംബൈ
രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനയുണ്ടായതോടെ ആഗോള ഹോട്ട്‌സ്‌പോട്ടായി മാറി മുംബൈ നഗരം. ഒരു ദിവസം ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട്‌ ചെയ്യുന്ന ലോകത്തെ നഗരങ്ങളിൽ രണ്ടാമതാണ്‌ മുംബൈ. റഷ്യൻ തലസ്ഥാനമായ മോസ്‌കോയാണ്‌. ഇന്ത്യയിലെ അഞ്ചിൽ ഒന്ന്‌ രോഗവും മുംബൈയിലാണ്‌.  നിലവിലെ സ്ഥിതി തുടർന്നാൽ മോസ്‌കോയെ മുംബൈ മറികടക്കും‌.

മെയ്‌ മാസത്തിൽ മുംബൈയിൽ രോഗികളുടെ എണ്ണം മൂന്നിരട്ടിയായി. മെയ്‌ ഒന്നിന്‌ 7625 രോഗികളാണുണ്ടായിരുന്നത്‌. 11ന്‌ 14,355 ആയും 24ന്‌ 30,542 ആയും ഉയർന്നു. ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികളുള്ള ന്യൂയോർക്ക്‌ നഗരത്തിലെ പ്രതിദിന രോഗികളേക്കാൾ കൂടുതലാണ് മെയ്‌ പകുതിക്കുശേഷം ‌മുംബൈയിൽ‌.
ബ്രസീലിലെ സാവോ പോളോയാണ്‌ മറ്റൊരു ആഗോള ഹോട്ട്‌സ്‌പോട്ട്‌. ഒരാഴ്‌ചയായി ഇരു‌ നഗരങ്ങളിലും രോഗികൾ കുറയുകയാണ്‌. മുംബൈയിൽ വർധിക്കുകയാണ്‌. മെയ്‌ 25ന്‌ മുംബൈയിൽ 1740 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മോസ്‌കോയിൽ മൂവായിരത്തോളം പേർക്കും‌ സാവോപോളോ, ന്യൂയോർക്ക്‌ എന്നിവിടങ്ങളിൽ 1700നു താഴെ പേർക്കുമാണ്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌. 

50,000 കടന്ന്‌ മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 2436 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 52,667 ആയി. 60 പേർ മരിച്ചു. ആകെ മരണം 165. തുടർച്ചയായി ഒമ്പതാമത്തെ ദിവസമാണ്‌ സംസ്ഥാനത്ത്‌ രണ്ടായിരത്തിലധികം പേർക്ക്‌ രോഗം സ്ഥിരീകരിക്കുന്നത്‌. മുംബൈയ്‌ക്കു പുറമെ   പുണെ, താനെ, നാസ്‌ക്‌, പാൽഘർ, നാഗ്‌പുർ എന്നിവിടങ്ങളിലും രോഗം പടരുകയാണ്‌. 14 ജില്ലകൾ  റെഡ്‌സോണിലാണ്‌‌.

കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര
കോവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സഹായം അഭ്യർഥിച്ച്‌ മഹാരാഷ്ട്ര.  രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്ന മുംബൈയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന്‌ വിദഗ്ധരായ 50 ഡോക്ടർമാരുടെയും 100 നേഴ്‌സുമാരുടെയും സേവനം അഭ്യർഥിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി പി ലഹാനെ കത്തയച്ചു. മുംബൈയിൽെ മഹാലക്ഷ്മി റോസ്‌കോഴ്‌സിലെ‌ 600 കിടക്കയുള്ള കോവിഡ് സെന്ററിലേക്കാണ് അനുഭവസമ്പത്തുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം  അഭ്യർഥിച്ചത്‌.

ഡോക്ടർമാർക്കും നേഴ്‌സുമാർക്കും ശമ്പളം കൂടാതെ താമസവും ഭക്ഷണവും ആവശ്യമായ വ്യക്തിഗതസുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ഉറപ്പ് നൽകി. എംബിബിഎസ്‌ ഡോക്ടർമാർക്ക്‌ എൺപതിനായിരം രൂപയും എംഡി–- എംഎസ്‌ ഡോക്ടർമാർക്ക്‌ രണ്ടുലക്ഷം രൂപയും പ്രതിമാസവേതനം നൽകും. നേഴ്‌സുമാർക്ക്‌ മുപ്പതിനായിരം രൂപ. താമസവും ഭക്ഷണവുമെല്ലാം ശമ്പളത്തിന്‌ പുറമെയാണ്‌. നിയമനം താൽകാലികമായിട്ടാകും. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നഗരമാണ് മുംബൈ. അരലക്ഷം രോഗികൾ പിന്നിട്ട മഹാരാഷ്ട്രയിലെ പത്തിൽ ആറ് രോഗികളും മുംബൈയിലാണ്.
 

 



deshabhimani section

Related News

View More
0 comments
Sort by

Home