21 September Saturday

എള്ളിലെ നൂറുമേനിക്ക‌് ഏഴഴക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019
എടക്കര
പ്രായവും പ്രളയവുമേൽപ്പിച്ച പ്രയാസം മറികടന്ന് കൂരിക്കാടൻ മുഹമ്മദിന്റെ കാർഷിക വിജയഗാഥ. ചാത്തംമുണ്ട സുൽത്താൻപടി സ്വദേശിയായ ഈ അറുപത്തിയഞ്ചുകാരൻ നെല്ലിൽനിന്ന‌് എള്ളിലേക്ക‌് മാറിയപ്പോഴും വിളവ‌് നൂറുമേനി. ഉപ്പട ആനക്കല്ലിൽ പാട്ടത്തിനെടുത്ത രണ്ട് ഏക്കർ  ഭൂമിയിലാണ‌് കൃഷി. പ്രളയത്തിൽ പാണ്ടിപ്പുഴയുടെ ബണ്ട് തകർന്ന് ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. 
‘മുഹമ്മദാക്ക’ പതറാതെ എള്ളിലേക്കുമാറി.  പ്രകൃതിയിലർപ്പിച്ച  വിശ്വാസം ചതിച്ചില്ലെന്ന‌് എള്ള് കൊയ്തെടുക്കവെ ഇദ്ദേഹം പറഞ്ഞു. ‘‘എള്ള് കൃഷിക്ക് മറ്റ് വിളകളേക്കാൾ ചെലവ് കുറവാണ്. കീടബാധയും കുറവ്. കളമാത്രം പറിച്ചാൽമതി. നട്ട് നാല‌് മാസം പ്രായമാകുന്നതോടെ  ഇലകളും കായും  മഞ്ഞനിറത്തിലാകും. പിന്നെ മൂടോടെ കൊയ്തെടുത്ത് അട്ടിക്കിടും. ഒരാഴ്ച കഴിഞ്ഞാൽ ചെടികൾ കുടഞ്ഞെടുക്കാം. പത്തരമാറ്റുള്ള കറുത്ത എള്ളിന് ആവശ്യക്കാരേറെയാണ‌്. കിലോയ്ക്ക‌് 200 രൂപ ലഭിക്കും–-മുഹമ്മദ‌് പറഞ്ഞു. 
പച്ചക്കറികൃഷിയുമുണ്ട‌്. ചുങ്കത്തറ, എടക്കര, പോത്ത്കല്ല് എന്നീ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്നതാണ് കൃഷിയിടം. പാട്ടഭൂമിയാണിവയെല്ലാം.  ഒറ്റക്കുള്ള  കൃഷി പരിചരണ പ്രവർത്തനം ആരോഗ്യത്തെ ബാധിക്കില്ലേയെന്ന‌് ചോദിച്ചപ്പോൾ ‘‘കൃഷി സമ്പന്നമാക്കിയതാണ് തന്റെ ആരോഗ്യ’’മെന്ന‌് മറുപടി.  കൃഷിയിൽ പാലിക്കേണ്ട കൃത്യനിഷ്ഠ ജീവിതത്തിലും പകർത്തിയ കർഷകനാണ‌് മുഹമ്മദ‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top