06 October Sunday

കേരളത്തിൽ ഒറ്റമിനിറ്റിൽ 
സംരംഭം തുടങ്ങാം : പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


തിരുവനന്തപുരം
ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെ കേരള സ്‌റ്റേറ്റ് ഇൻടസ്ട്രിയൽ ഡെവലപ്മെന്റ്‌ കോർപറേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ്ഷോയിൽ മുൻനിര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായം ആരംഭിക്കുന്നതിൽ ഏറ്റവും അനുയോജ്യ സംസ്ഥാനമായിമാറാൻ കേരളത്തിന് സാധിച്ചു. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് എത്തി. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 28–--ാം സ്ഥാനത്തായിരുന്നു. സാധ്യതകളെയും വെല്ലുവിളികളെയും കോർത്തിണക്കിയുള്ള പുതിയ വ്യവസായനയം സംസ്ഥാനം ആവിഷ്‌ക്കരിച്ചു. പരിശോധന കഴിഞ്ഞ സ്ഥാപനങ്ങളിലെ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പബ്ലിക് ഡൊമെയ്നിൽ പ്രസിദ്ധീകരിക്കാൻ സംവിധാനവും ഒരുക്കി. രണ്ടര വർഷം കൊണ്ട് കേരളത്തിൽ 2,90,000 എംഎസ്എംഇകൾ സ്ഥാപിക്കാനായി. 18,000 കോടിയിലധികം പുതിയ നിക്ഷേപവും വന്നു. സംരംഭകരിൽ 92,000 പേർ വനിതകളും 30 പേർ ട്രാൻസ്ജെൻഡർമാരുമാണെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം ആദ്യം കൊച്ചിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന റോഡ്ഷോകളുടെ ഭാഗമായാണ് ബംഗളൂരുവിൽ ചടങ്ങ് സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top