14 October Monday

ഉണരുന്ന ഗ്രാമം 
ഉയരുന്ന സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ആർദ്ര കേരളം പുരസ്കാരം മന്ത്രി വീണ ജോർജിൽനിന്ന് കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് ഏറ്റുവാങ്ങുന്നു

 കൊന്നത്തടി 

സമസ്‌ത മേഖലകളിലും പരിവർത്തനത്തിന്റെ പുതിയ പാതകൾതെളിച്ച്‌ നാടിന്റെ വികസനസ്വപ്‌നങ്ങൾക്ക്‌ കരുത്തുപകരുകയാണ്‌ കൊന്നത്തടി പഞ്ചായത്ത്. 
ആരോഗ്യം, കുടിവെള്ളം, ശുചിത്വം, മൃഗസംരക്ഷണം, കൃഷി, പശ്ചാത്തല വികസനം, വനിത–-ശിശു–-വയോജന ക്ഷേമം തുടങ്ങി നാനാരംഗങ്ങളിലും മുന്നേറ്റമുണ്ടാക്കി. ജനപക്ഷ നിലപാടുകളുടെ തെളിമയും വികസനവീക്ഷണങ്ങളുടെ ഗരിമയും നാടിനെ മുന്നോട്ടുനയിക്കുന്നു.
ആരോഗ്യം
ആരോഗ്യരംഗത്ത്‌ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ ഏറ്റെടുത്തു. ഗവ. ആശുപത്രിയിലെ ലാബുകളും സബ് സെന്ററുകളും നവീകരിച്ചു. രണ്ട് സബ് സെന്ററുകൾക്ക് പുതിയ കെട്ടിടം നിർമിച്ചു. ആയുർവേദ മരുന്നുകൾക്കും ആയുർവേദ പാലിയേറ്റീവിനുമായി 67 ലക്ഷം രൂപ ചെലവഴിച്ചു. കിടപ്പുരോഗികൾക്ക്‌ മരുന്ന്, സഹായ ഉപകരണങ്ങൾ എന്നിവയെത്തിക്കാൻ 48 ലക്ഷം രൂപ നീക്കിവച്ചു. ജന്മനാ പ്രമേഹരോഗിയായ കുട്ടിക്ക് ആജീവനാന്തം മരുന്നുകൾ സൗജന്യമായെത്തിക്കാൻ പ്രത്യേക ശ്രദ്ധചെലുത്തി. 
അലോപ്പതി മരുന്നുകൾക്കായി 75 ലക്ഷം രൂപ ചെലവഴിച്ചു. അർബുദ രോഗനിർണയ ക്യാമ്പും പാലിയേറ്റീവ് കുടുംബ സംഗമവും അർബുദം, വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്ക്‌ ഡോക്ടർമാരുടെ നിർദേശമനുസരിച്ച്‌ മരുന്ന്‌ വിതരണവും നടത്തി. വയോജനങ്ങൾക്ക് "അരികെ’ പദ്ധതിയിലൂടെ മരുന്നുകളെത്തിച്ചു. ഹോമിയോ ആശുപത്രിക്ക് നാല്‌ ലക്ഷം രൂപ നൽകി. ആർദ്ര കേരളം പുരസ്‌കാരവും പഞ്ചായത്തിനെ തേടിയെത്തി.
ശുചിത്വം
ദേശീയതലത്തിൽ പൂനെയിൽ നടന്ന ശിൽപശാലയിൽ പഞ്ചായത്ത്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു. എല്ലാ വാർഡിലും ഹരിത കർമസേനയുടെ സേവനം ഉറപ്പുവരുത്തി. ബോട്ടിൽ ബൂത്തുകളും മിനി എംസിഎഫും വാർഡുകളിൽ സ്ഥാപിച്ചു. 
ബയോകമ്പോസ്റ്റ് ബിന്നുകൾ, റിങ് കമ്പോസ്റ്റുകൾ, തൊഴിലുറപ്പ് പദ്ധതിയിലൂടെ കമ്പോസ്റ്റ് പിറ്റുകൾ എന്നിവ സ്ഥാപിച്ചു. ഹരിത കർമസേന ഉപയോക്തൃ ഫീസ് ശേഖരണം, 100 ശതമാനം സേവനം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തുകയും സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിക്കുകയും ചെയ്തു. രണ്ട് വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമിച്ചു. കംഫർട്ട് സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്തു. പഞ്ചായത്ത് സ്കൂളിൽ പച്ചത്തുരുത്ത് സ്ഥാപിച്ചു. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനാൽ പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു.
വനിതാക്ഷേമം, 
ശിശുക്ഷേമം, 
വയോജനക്ഷേമം
വനിതകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ 25 ചെറുകിട സംരംഭങ്ങൾ ആരംഭിച്ചു. ഇതിലൂടെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചു. കോഴി, പശു, ആട് വളർത്തലുകൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കി.
കുട്ടികൾക്കായി ബാലഗ്രാമസഭകളും ബാലകലോത്സവങ്ങളും നടത്തി. വയോജനങ്ങൾക്കായി ക്ലാസുകളും ഉപകരണ വിതരണവും നടത്തി. എല്ലാ വാർഡുകളിലും വയോജന ക്ലബ്ബുകളും സ്ഥാപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top