06 October Sunday

പൊൻകുന്നത്തിന്റെയും പൊന്നമ്മ ; 
സംഗീതം പഠിച്ചത്‌ ചങ്ങനാശേരിയിൽ

പി സി പ്രശോഭ്‌Updated: Saturday Sep 21, 2024


കോട്ടയം
പൊൻകുന്നത്തെ നാട്ടുവഴികളിൽ പൂക്കളോട്‌ കിന്നരിച്ചും കിളികളോട്‌ കൊഞ്ചിയും നടന്നിരുന്ന പാവാടക്കാരിയായിരുന്നു കവിയൂർ പൊന്നമ്മ. അവരുടെ ബാല്യകാല സ്‌മരണകളിൽ സ്വന്തം പേരിനൊപ്പം ചേർത്തുവച്ച കവിയൂരിനേക്കാൾ നിറഞ്ഞുനിന്നത്‌ പൊൻകുന്നവും ചങ്ങനാശേരിയുമായിരുന്നു.

അച്ഛന്റെ ബിസിനസ്‌ സംബന്ധമായ ആവശ്യത്തിനാണ്‌ പൊന്നമ്മയുടെ ഒന്നാം വയസിൽ കുടുംബം പൊൻകുന്നത്തേക്ക്‌ താമസം മാറിയത്‌. അവിടെ വലിയൊരു വീട്ടിൽ താമസം. ആരോടും അധികം മിണ്ടാത്ത കുഞ്ഞു പൊന്നമ്മയ്‌ക്ക്‌ വീടിന്റെ തൊടിയിലെ കിളികളും മൃഗങ്ങളുമായിരുന്നു കൂട്ടുകാർ. ഒമ്പതാം വയസുവരെ പൊൻകുന്നത്ത്‌ താമസിച്ചു.

പാട്ടിനെ മാത്രമാണ്‌ അക്കാലത്ത്‌ സ്‌നേഹിച്ചിരുന്നത്‌. സിനിമയോ നാടകമോ കണ്ടിട്ടുപോലുമില്ല. പൊൻകുന്നത്തും കോട്ടയത്തുമെല്ലാം ക്ഷേത്രങ്ങളിൽ കച്ചേരി നടക്കുമ്പോൾ അച്ഛനൊപ്പം പോകുമായിരുന്നു. അങ്ങനെയാണ്‌ സംഗീതം മനസിൽ കടന്നുകൂടിയത്‌. എം എസ്‌ സുബ്ബലക്ഷ്‌മിയായിരുന്നു ഇഷ്ടഗായിക. ഒരിക്കൽ തിരുനക്കര മഹാദേവക്ഷേത്രത്തിൽ കച്ചേരിക്കെത്തിയ സുബ്ബലക്ഷ്‌മിയെ നേരിൽ കാണാൻ സാധിച്ചു. ആ ചുവന്ന വട്ടപ്പൊട്ടും മൂക്കുത്തിയും മുല്ലപ്പൂവുമെല്ലാം പൊന്നമ്മയുടെ മനസിൽ പതിഞ്ഞു. അതേ രീതിയിലുള്ള വട്ടപ്പൊട്ട്‌ പൊന്നമ്മയുടെ നെറ്റിയിലും പതിവായി കാണാമായിരുന്നു.

എൽ പി ആർ വർമ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ എന്നിവരുടെ കീഴിലാണ്‌ സംഗീതം പഠിച്ചത്‌. പൊൻകുന്നത്തുനിന്ന്‌ ചങ്ങനാശേരിയിൽ ചെന്നായിരുന്നു എൽ പി ആർ വർമയുടെ കീഴിലുള്ള പഠനം. പൊന്നമ്മയുടെ അമ്മയുടെ കൊച്ചമ്മ ചങ്ങനാശേരിയിലായിരുന്നു താമസം. അവിടെ നിന്നായിരുന്നു സംഗീത ക്ലാസുകൾക്ക്‌ പോയിരുന്നത്‌. തിങ്കളാഴ്‌ചകളിൽ രാവിലെ പൊൻകുന്നത്തേക്ക്‌ മടങ്ങും. ചങ്ങനാശേരിയിൽ വച്ച്‌ പതിനൊന്നുകാരിയായിരുന്ന തനിക്ക്‌ പതിനാറുകാരൻ പയ്യൻ "ഇണപ്രാവുകൾ' എന്ന പുസ്‌തകം പ്രണയസമ്മാനമായി നൽകിയ കഥയും പൊന്നമ്മ പറയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top