06 October Sunday
2015 നിയമകാര്യ സ്ഥിരം സമിതിയിൽ അനുകൂല 
നിലപാടറിയിച്ചു

ഒറ്റ തെരഞ്ഞെടുപ്പ്‌ ; ബിജെപി അജൻഡയെ മുസ്ലിംലീഗ്‌ പിന്തുണച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


ന്യൂഡൽഹി
ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന ബിജെപി അജൻഡയായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ആശയത്തെ പിന്തുണച്ച്‌  മുസ്ലിംലീഗ്‌. നരേന്ദ്രമോദി അധികാരത്തിൽ വന്നതിന്‌ തൊട്ടുപിന്നാലെ 2015ൽ രൂപീകരിച്ച ഇ എം സുദർശന നാച്ചിയപ്പൻ  അധ്യക്ഷനായ നിയമകാര്യ സ്ഥിരംസമിതിയിലാണ്‌ ഈ ആശയത്തിന്‌ ലീഗ്‌ പിന്തുണ നൽകിയത്‌. ഒരേസമയം ലോക്‌സഭയിലേക്കും നിയമസഭകളിലേയ്‌ക്കും തെരഞ്ഞെടുപ്പ്‌ നടത്തുന്ന ആശയത്തെ ലീഗ്‌ പിന്തുണച്ചുവെന്ന്‌ സഭാരേഖകളിൽ വ്യക്തം. രാജ്യത്തിന്റെ സമയവും ഊർജ്ജവും വിഭവങ്ങളും ഒറ്റതെരഞ്ഞെടുപ്പിലൂടെ ലാഭിക്കാനാവുമെന്നും ലീഗ്‌ അഭിപ്രായപ്പെട്ടു.

ഒറ്റ തെരഞ്ഞെടുപ്പിന്റെ പ്രായോഗികത പഠിക്കാൻ നിശ്ചയിച്ച സമിതി 2015 ഡിസംബർ 17ന്‌ രാജ്യസഭയിലും ലോക്‌സഭയിലും റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. ലീഗിനൊപ്പം ഡിഎംഡികെ, അസം ഗണപരിഷത്‌, ശിരോമണി അകാലിദൾ, എഐഎഡിഎംകെ തുടങ്ങിയ പാർടികളും പിന്തുണച്ചു.

അതേസമയം, കേന്ദ്രസർക്കാർ കഴിഞ്ഞവർഷം രൂപീകരിച്ച രാംനാഥ്‌ കോവിന്ദ്‌ സമിതിക്ക്‌ മുന്നിൽ ഹാജരായി നിലപാട്‌ പറയാൻ ലീഗ്‌ തയ്യാറായിരുന്നില്ല. മാധ്യമങ്ങൾ ആവർത്തിച്ച്‌ ചോദിച്ചിട്ടും ലീഗ്‌ നേതാക്കൾ നിലപാട്‌ വെളിപ്പെടുത്തിയില്ല. നേരത്തെ മുത്തലാഖ്‌ ബില്ലിലെ വോട്ടെടുപ്പിൽ നിന്ന്‌ തന്ത്രപരമായി വിട്ടുനിന്ന്‌ ബിജെപിയെ ലീഗ്‌ സഹായിച്ചിരുന്നു. ആർഎസ്‌പിയും കോവിന്ദ്‌ സമിതിക്ക്‌ മുന്നിൽ നിലപാട്‌ പറഞ്ഞില്ല.  കേരളത്തിലെ യുഡിഎഫിന്റെ പ്രധാന സഖ്യകക്ഷിയായ ലീഗ്‌ ഒറ്റ തെരെഞ്ഞെടുപ്പ്‌ ആശയത്തിൽ ബിജെപിക്കൊപ്പമാണെന്നതിൽ കോൺഗ്രസ്‌ നേതൃത്വവും വിശദീകരിക്കാൻ പാടുപെടും. ഒറ്റതെരഞ്ഞെടുപ്പ് നീക്കത്തെ അതിശക്തമായ എതിര്‍ക്കുമെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top