പ്രതികാര ചുങ്കം അമേരിക്കൻ ഉപഭോക്താക്കൾക്ക് മേൽ അധിക ഭാരമായി തിരിച്ചടിക്കുന്നു

അധിക നികുതി ചുമത്തി രാജ്യത്തേക്ക് ഉപഭോക്തൃ വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോൾ അത് ഉൽപ്പന്നങ്ങളുടെ വില ഉയർത്തി നിർത്തുന്നു. അഡിഡാസ്, വാൾമാർട്ട്, നൈക്കി പോലുള്ള വലിയ കമ്പനികളുടെ ഉത്പന്നങ്ങൾക്ക് വില കൂടി. ഭാവിയിൽ ഇനിയും വിലകൾ ഉയർന്നേക്കാമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
90-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോള ബ്രാൻഡുകൾക്ക് വില കൂടുന്നതിനൊപ്പം ഇത് അമേരിക്കൻ ബ്രാൻഡുകളെയും ബാധിക്കുന്നു. സ്പോർട്സ് വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക്സ്, ആഡംബര വസ്തുക്കൾ വരെയുള്ള മേഖലകളിൽ വിലക്കയറ്റത്തിന്റെ സൂചനകൾ വന്നു കഴിഞ്ഞു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഫാസ്റ്റ്ഫുഡ് ശൃംഖലയായ വെൻഡീസിന്റെ വിൽപ്പന പ്രതീക്ഷിച്ചതിലും 3-5% ഇടിവ് രേഖപ്പെടുത്തി. നേരത്തെ കണക്കാക്കിയിരുന്നത് 2% മാത്രമേ കുറയൂ എന്നാണ്. യുഎസ് താരിഫുകൾ തങ്ങളുടെ ചെലവിൽ ഏകദേശം 200 മില്യൺ യൂറോ (231 മില്യൺ ഡോളർ) വർധന വരുത്തും എന്നാണ് അഡിഡാസ് വ്യക്തമാക്കിയിട്ടുള്ളത്. താരിഫ് ഇനത്തിൽ ഏകദേശം 1 ബില്യൺ ഡോളർ നഷ്ടം നേരിടാൻ സാധ്യതയുള്ള നൈക്കിയും വിലവർധന പ്രഖ്യാപിച്ചു. ഹെർമെസ് ഇതിനകം വില വർദ്ധിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ വഴി വാങ്ങുന്നവരെ ഈ താരിഫിന്റെ എതിർ ഫലങ്ങൾ ബാധിക്കില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജനുവരി മുതൽ ജൂൺ പകുതി വരെ ആമസോണിൽ 1400-ലധികം ചൈനീസ് ഉൽപ്പന്നങ്ങളുടെ ശരാശരി വില 2.6 ശതമാനം വർദ്ധിച്ചതായി ഡാറ്റാവീവ് കണ്ടെത്തി. സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ വിൽപ്പനക്കാരനായ വാൾമാർട്ട് മെയ് മുതൽ ജൂൺ വരെ ചില ഇനങ്ങളുടെ വില 51 ശതമാനം വരെ വർദ്ധിപ്പിച്ചു.
പുതിയ ഇറക്കുമതി നികുതികളിൽ നിന്ന് പ്രതിമാസം 50 ബില്യൺ ഡോളർ വരുമാനം ലഭിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പ്രവചിച്ചു, എന്നാൽ വർദ്ധിച്ച ചെലവുകളുടെ 60% ഉയർന്ന വിലകളായി അമേരിക്കൻ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ജെപി മോർഗൻ മുന്നറിയിപ്പ് നൽകി.
നികുതി വരുമാനത്തിൽ വൻ കുതിപ്പ്
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഏകദേശം 30 ബില്യൺ ഡോളർ താരിഫ് വരുമാനം നേടി. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് താരിഫ് വരുമാനത്തിൽ 242% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മുതൽ ട്രംപ് എല്ലാ സാധനങ്ങൾക്കും പൊതുവായി 10% താരിഫ് ചുമത്താൻ തുടങ്ങി. ഉയർന്ന ലെവികൾ ഉൾപ്പെടെ ഈ കാലയളവിൽ സർക്കാർ മൊത്തം 100 ബില്യൺ ഡോളർ താരിഫ് വരുമാനം നേടി, കഴിഞ്ഞ വർഷം ഇതേ നാല് മാസങ്ങളിൽ ശേഖരിച്ച തുകയുടെ മൂന്നിരട്ടിയാണ് ഇത്.
നികുതിദായകർക്കിടയിൽ താരിഫ് വരുമാനത്തിന്റെ ഒരു ഭാഗം റിബേറ്റ് ചെക്കുകളായി വിതരണം ചെയ്യും എന്ന പ്രതീതി വരുത്തിയാണ് ട്രംപ് പ്രതിഷേധത്തെ അടക്കി നിർത്തിയിരിക്കുന്നത്. "നമ്മൾ വളരെയധികം പണം എടുക്കുന്നതിനാൽ നമുക്ക് അമേരിക്കയിലെ ജനങ്ങൾക്ക് ലാഭവിഹിതം നൽകാൻ കഴിയും," എന്നായിരുന്നു വിശദീകരണം.
സാമ്പത്തിക വിദഗ്ദ്ധർ ഇത് ട്രംപിന്റെ വ്യാജം പറച്ചിലായി വിശേഷിപ്പിക്കുന്നു. താരിഫ് വരുമാനം മറ്റ് രാജ്യങ്ങൾ നൽകുകയല്ല ചെയ്യുന്നത്. മറിച്ച് അമേരിക്കൻ കമ്പനികൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതിയായി നൽകുക കൂടിയാണെന്ന് ചൂണ്ടികാണിക്കുന്നു. താമസിയാതെ കമ്പനികൾ ഈ ഭാരം അമേരിക്കൻ ഉപഭോക്താക്കളിലേക്ക് മാറ്റുമെന്ന് സൂചിപ്പിക്കയും ചെയ്യുന്നു.
വിലക്കയറ്റം മെല്ലെയായത്
വ്യാപാര എതിരാളികളുടെ കളത്തിലേക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്ന് ഭയന്ന് കമ്പനികൾ ആദ്യം വില ഉയർത്താൻ മടിച്ചിരുന്നു. താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ബിസിനസുകൾ മൊത്തത്തിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ തിടുക്കം കൂട്ടിയതും ഒരു താത്ക്കാലിക മതിൽ തീർത്തു. സാമ്പത്തിക ആഘാതം വൈകിപ്പിച്ച് കമ്പനികൾ സ്റ്റോക്കുകൾ കെട്ടിപ്പടുത്തു. പക്ഷെ ഇത് കുറയുകയാണ്.
ഉപഭോക്തൃ വിശ്വസ്തതയും വിപണി വിഹിതവും നിലനിർത്താൻ പല സ്ഥാപനങ്ങളും താൽക്കാലികമായി ചെലവ് വർദ്ധനവ് സ്വയം താങ്ങുകയായിരുന്നു. ഉടനടി വില ഉയർത്തിയില്ലെങ്കിലും, അധിക ചെലവുകൾ എന്നെന്നേക്കുമായി സ്വയം സഹിക്കാൻ സാധ്യതയില്ല എന്നാണ് ഓൺലൈൻ ലെൻഡിംഗ് മാർക്കറ്റ്പ്ലെയ്‌സായ ലെൻഡിംഗ് ട്രീയിലെ ചീഫ് കൺസ്യൂമർ ഫിനാൻസ് അനലിസ്റ്റ് മാറ്റ് ഷുൾസ് സിബിഎസ് മണിവാച്ചിനോട് പറഞ്ഞത്.
"വില ഉയർത്തുന്നതിന് നിങ്ങൾക്ക് തികച്ചും ന്യായമായ കാരണമുണ്ടെങ്കിൽ പോലും, വില ഉയർത്തുന്ന ആദ്യത്തെയാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല," എന്നതാണ് വിലക്കയറ്റത്തിലെ സാവകാശ ഇടവേള സൂചിപ്പിക്കുന്നത് എന്നും ഷുൾസ് വ്യക്തമാക്കുന്നു.
മിക്കപ്പോഴും, വർദ്ധിച്ച ചെലവുകൾ താഴേക്ക് കൈമാറുന്നു. ഇറക്കുമതിക്കാർ മൊത്തക്കച്ചവടക്കാർക്കും വിതരണക്കാർക്കും ഭാരം കൈമാറുന്നു. അവർ ചെലവുകൾ ചില്ലറ വ്യാപാരികൾക്ക് കൈമാറുന്നു. ആത്യന്തികമായി നിത്യോപയോഗ സാധനങ്ങളുടെ ഉയർന്ന വിലയുടെ രൂപത്തിൽ ആഘാതം അനുഭവിക്കുന്നത് അമേരിക്കൻ ഉപഭോക്താക്കളാണ് എന്നു വരുന്നു.
താരിഫുകൾ വിതരണ ശൃംഖലയിലെ ചെലവ് വർദ്ധനവ് പോലെയാണ് പ്രവർത്തിക്കുന്നത്. ഈ പുതിയ ചെലവ് എങ്ങനെ ആഗിരണം ചെയ്യണമെന്ന് അമേരിക്കൻ ഇറക്കുമതിക്കാർ തീരുമാനിക്കണം. ചില സന്ദർഭങ്ങളിൽ, താരിഫ് നികത്താൻ വിദേശത്ത് നിന്നുള്ള വിതരണക്കാരെ തന്നെ പ്രേരിപ്പിക്കാം. അവരുടെ വില കുറയ്ക്കാൻ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കാം. വിപണി പ്രവേശനം നിലനിർത്തുന്നതിന് കയറ്റുമതിക്കാർ ഭാഗികമായി ഈ സമ്മർദ്ദം സഹിച്ചു എന്നും വരാം. എന്നിരുന്നാലും ഇത് ഉറപ്പുള്ള കാര്യമല്ല. അവരുടെ നിലനിൽപ്പും വെല്ലുവിളിയാവും. വിപണിയുടെ മത്സരശേഷിയും ഇലാസ്തികതയും നഷ്ടമാവും. ഇത് വ്യാപാര മേഖലയേയും ഇനിയും ബാധിക്കാം എന്നും ചൂണ്ടികാണിക്കുന്നു.









0 comments