Deshabhimani

ഓഹരി കുതിപ്പ് തുടര്‍ന്നു; സെന്‍സെക്സ് 
1079 പോയിന്റ് മുന്നേറി

stock
വെബ് ഡെസ്ക്

Published on Mar 25, 2025, 02:13 AM | 1 min read

കൊച്ചി: ഓഹരിവിപണി തുടർച്ചയായ ആറാംദിവസവും മികച്ച നേട്ടം കൈവരിച്ചു. കാളകൾ കരുത്തോടെ മുന്നേറിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 1.40 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.32 ശതമാനവും ഉയർന്നു. സെൻസെക്സ് 1078.87 പോയിന്റും നിഫ്റ്റി 307.95 പോയിന്റും നേട്ടം രേഖപ്പെടുത്തി. നേട്ടത്തോടെ തുടങ്ങിയ സെൻസെക്സ് വ്യാപാരത്തിനിടയിൽ 78,107.23 വരെ ഉയർന്നശേഷം ഒടുവിൽ 77,984.38ലും 23,708.75 വരെ ഉയർന്ന നിഫ്റ്റി 23,658.35ലുമാണ് ആഴ്ചയിലെ ആദ്യദിനം വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുൻദിവസത്തെ 413.93 ലക്ഷം കോടിയിൽനിന്ന്‌ 418.29 ലക്ഷം കോടിയായി ഉയർന്നു.


4.36 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നേട്ടം. വിദേശനിക്ഷേപകർ ശക്തമായി തിരിച്ചെത്തുന്നതും അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം തുടർച്ചയായി മെച്ചപ്പെടുന്നതും റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലും യുഎസ് ഫെഡറൽ റിസർവ് ഈ വർഷം രണ്ടുതവണ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന നൽകിയതുമാണ് പ്രധാനമായും വിപണിക്ക് കുതിപ്പ് പകരുന്നത്. എല്ലാ പ്രധാന മേഖലകളും നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 3.18 ശതമാനം ഉയർന്നു.


ബിഎസ്ഇ പവർ 2.31 ശതമാനവും ഓയിൽ ആൻഡ് ​ഗ്യാസ് 1.38 ശതമാനവും ഐടി 1.31 ശതമാനവും ലാഭം നേടി. എൻടിപിസി ഓഹരി 4.61 ശതമാനവും കോട്ടക് മഹീന്ദ്ര 4.51 ശതമാനവും എസ്ബിഐ 3.77 ശതമാനവും നേട്ടമുണ്ടാക്കി. കൊച്ചി കപ്പൽശാല 3.60, മണപ്പുറം ഫിനാൻസ് 2.56, എഫ്എസിടി 0.94, വി​–-ഗാർഡ് 1.40 ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര (3.54), പവർ​ഗ്രിഡ് കോർപറേഷൻ (3.14), ബജാജ് ഫിൻസെർവ് (2.77), റിലയൻസ് (1.95) എന്നിവയാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച മറ്റു ചില പ്രധാന ഓഹരികൾ.



deshabhimani section

Related News

View More
0 comments
Sort by

Home