Deshabhimani

പെട്രോൾ ഉപഭോഗത്തിൽ 10% വർധന, പാചക വാതകവും മുന്നേറുന്നു

petrol price
avatar
എൻ എ ബക്കർ

Published on May 16, 2025, 04:26 PM | 2 min read

ന്യൂഡൽഹി: മെയ് ആദ്യ പകുതിയിൽ പെട്രോൾ ഉപഭോഗം ഏകദേശം 10 ശതമാനം വർദ്ധിച്ചതായി കണക്കുകൾ. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വിൽപ്പന വിവര പ്രകാരമാണ് കണക്കുകൾ. പാചക വാതക ഉപയോഗത്തിൽ വൻ വർധന രേഖപ്പെടത്തി. ഡീസൽ ഉപയോഗവും വർധിച്ചു.


മെയ് 1 മുതൽ 15 വരെ പെട്രോൾ ഉപഭോഗം ഒരു വർഷം മുമ്പ് 1.37 ദശലക്ഷം ടൺ വിൽപ്പനയിൽ നിന്ന് 1.5 ദശലക്ഷം ടണ്ണായി ഉയർന്നു. 2023 മെയ് 1 മുതൽ 15 വരെ 1.36 ദശലക്ഷം ടൺ ഉപഭോഗത്തേക്കാൾ 10.5 ശതമാനം വർധനവാണ് ഇന്ധന ആവശ്യകതയിലുണ്ടായത്.


തീവ്രമായ വേനലാണ് എണ്ണ ഉപയോഗത്തിലെ വർധനവിന് മുഖ്യകാരണമായി പറയുന്നത്. യാത്രാ ആവശ്യത്തിനുള്ള ഇന്ധന ഉപയോഗത്തിലും ഇതു കാരണം വർധനവ് ഉണ്ടായി. വേനൽക്കാലം ആരംഭിച്ചതോടെ ജലസേചനത്തിനും എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നതിനും എണ്ണ ഉപഭോഗം കൂടിയതായും കണക്കാക്കുന്നു.


കോവിഡ് കാലത്ത് അടച്ചുപൂട്ടൽ കാരണം എണ്ണ ഉപഭോഗത്തിൽ കുത്തനെയുള്ള താഴ്ച രേഖപ്പെടുത്തിയിരുന്നു. മെയ് മാസത്തിലെ കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചയേക്കാൾ 46 ശതമാനം കൂടുതലാണ് ഈ വർഷത്തെ ഉപയോഗം.


ഡീസലും മുന്നേറുന്നു


ഡീസൽ വിൽപ്പനയും വർധനവ് രേഖപ്പെടത്തി. 2 ശതമാനം ഉയർന്ന് 3.36 ദശലക്ഷം ടണ്ണായി. ഇന്ധന വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ ഡാറ്റയിലും വർധനവ് കാണിക്കുന്നു.


ഗതാഗതത്തിന്റെയും ഗ്രാമീണ കാർഷിക സമ്പദ്‌വ്യവസ്ഥയുടെയും ജീവനാഡിയായ ഡീസലിന് 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഡിമാൻഡിൽ വെറും 2 ശതമാനം വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.

 

ഏപ്രിലിൽ, ഡീസൽ ഉപഭോഗം 8.23 ​​ദശലക്ഷം ടണ്ണായി ഉയർന്നു, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ഡിമാൻഡിനേക്കാൾ ഏകദേശം 4 ശതമാനം കൂടുതലാണിത്. മെയ് 1-15 കാലയളവിൽ, ഡീസൽ വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3.29 ദശലക്ഷം ടൺ ഉപഭോഗത്തേക്കാൾ 2 ശതമാനം കൂടുതലായിരുന്നു. 2023 മെയ് 1-15 നെ അപേക്ഷിച്ച് 1.3 ശതമാനം കൂടുതലും 2021 മെയ് മാസത്തിലെ കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചയേക്കാൾ 16 ശതമാനം കൂടുതലുമാണ് ഇത്.


തെരഞ്ഞെടുപ്പ് കാലത്ത് ഡീസൽ മുന്നിലായി


2025 ഏപ്രിൽ ആദ്യ പകുതിയിൽ ഉപയോഗിച്ച 3.19 ദശലക്ഷം ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ വിൽപ്പന 5.2 ശതമാനം വർദ്ധിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡീസൽ വിൽപന മന്ദഗതിയിലായത് അസാധാരണമായിരുന്നു. എന്നാൽ ഏപ്രിൽ മുതലുള്ള വളർച്ച ഒരു വർഷം മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഉപഭോഗത്തിലുണ്ടായ വർധനവാണ് കാണിക്കുന്നത് എന്ന് കണ്ടെത്തി.


പാചക വാതക ഉപഭോഗം കുത്തനെ വർധിച്ചു


മെയ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ എൽപിജി 10.4 ശതമാനം വളർച്ചയോടെ 1.34 ദശലക്ഷം ടണ്ണായി അതിവേഗ പാതയിൽ തുടർന്നു. 2019 മുതൽ, ഗാർഹിക പാചക വാതക ഉപഭോഗത്തിൽ ഏകദേശം 5 മാസത്തിന് തുല്യമായ അളവ് വർധന കാണിച്ചു.


2023 മെയ് 1-15 കാലത്തെ 1.22 ദശലക്ഷം ടൺ ഉപഭോഗത്തേക്കാൾ 10 ശതമാനം കൂടുതലും 2021 മെയ് ആദ്യ പകുതിയിലെ 1.01 ദശലക്ഷം ടണ്ണിനേക്കാൾ 33 ശതമാനം കൂടുതലുമാണ് പാചക വാതക വിൽപ്പന. ഏപ്രിൽ 1-15 കാലത്തെ 1.25 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ എൽപിജി വിൽപ്പന 7.3 ശതമാനം കൂടുതലായിരുന്നു

 

വിമാന യാത്രയിലും വർധന


പാകിസ്ഥാനുമായുള്ള സംഘർഷം കാരണം വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കുള്ള വിമാന നിയന്ത്രണങ്ങൾ ആവശ്യകതയെ ബാധിച്ചതിനാൽ മെയ് 1-15 കാലയളവിൽ ജെറ്റ് ഇന്ധന (എടിഎഫ്) ഉപഭോഗ വളർച്ച 1.1 ശതമാനമായി കുറഞ്ഞ് 3,27,900 ടണ്ണായി. എന്നാൽ ഇതിന് മുൻപ് കൂടുതൽ ആളുകൾ വിമാന യാത്ര ചെയ്തു എന്നാണ് മനസിലാക്കുന്നത്.

2023 മെയ് 1-15 ലെ ഉപഭോഗത്തേക്കാൾ എടിഎഫ് വിൽപ്പന 8.6 ശതമാനം കൂടുതലും 2021 മെയ് ആദ്യ പകുതിയേക്കാൾ 11 ശതമാനം കൂടുതലുമാണ്. ഏപ്രിൽ 1-15 ലെ 3,48,100 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, പ്രതിമാസം ജെറ്റ് ഇന്ധന ഉപഭോഗം 5.8 ശതമാനം കുറഞ്ഞു.

 




deshabhimani section

Related News

View More
0 comments
Sort by

Home