നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണി: സ്‌റ്റോക്ക് റിവ്യൂ


കെ ബി ഉദയ ഭാനു
Published on Jun 01, 2025, 08:16 PM | 2 min read
ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളുടെ മികവിൽ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം മാസവും നേട്ടം നിലനിർത്തി. യു എസ് തീരുവ വിഷയങ്ങൾക്കിടയിലും രാജ്യാന്തര ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ കാണിച്ച ഉത്സാഹം വരും മാസങ്ങളിലും മുന്നേറ്റത്തിന് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശിക ഇടപാടുകാർ. അതേ സമയം ഉയർന്ന തലത്തിലെ ലാഭമെടുപ്പിൽ രണ്ടാം വാരത്തിലും മുൻ നിര ഇൻഡക്‌സുകൾക്ക് തളർച്ച നേരിട്ടു. സെൻസെക്‌സ് 270 പോയിൻറ്റും നിഫ്‌റ്റി 102 പോയിൻറ്റും താഴ്‌ന്നു.
മുൻ നിര ഓഹരികളായ ഇൻഫോസീസ്, റ്റിസിഎസ്, ടെക് മഹീന്ദ്രയും, എച്ച്‌സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ്മ, ടാറ്റാ സ്‌റ്റീൽ, എം ആൻറ് എം, ആർഐഎൽ, ഐറ്റിസി ഓഹരികൾക്ക് തിരിച്ചടിനേരിട്ടു. അതേസമയം നിക്ഷേപകർ ഇൻഡസ് ബാങ്ക്, എൽ ആന്റ് റ്റി, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ മികവിൽ.
നിഫ്‌റ്റി 24,853 ൽ നിന്നും 25,079 പോയിൻറ്റ് വരെ കയറിയ ഘട്ടത്തിലാണ് നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹം കാണിച്ചത്. മുൻ നിര ഓഹരികളിലെ ലാഭമെടുപ്പിൽ നിഫ്‌റ്റി 24,689 ലേയ്‌ക്ക് താഴ്‌ന്ന ശേഷം അലപ്പം മെച്ചപ്പെട്ട് മാർക്കറ്റ് ക്ലോസിങിൽ 24,750 ലേയ്‌ക്ക് കയറി. ഈ വാരം വിപണിക്ക് 24,989– 25,229 പോയിൻറ്റിൽ പ്രതിരോധം തല ഉയർത്താം. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 24,599- 24,449 പോയിൻറ്റിൽ താങ്ങുണ്ട്.
ബോംബെ സൂചിക ഓപ്പണിങ് വേളയിൽ 81,721ൽ പോയിൻറ്റിൽ നിന്നും ആദ്യ പ്രതിരോധമായ 82,549 പോയിൻറ്റിനെ ലക്ഷ്യമാക്കി നീങ്ങി. ഇതിനിടയിൽ മുൻ നിര ഓഹരികളിൽ അിയടിച്ച വിൽപ്പന തരംഗം സൂചികയെ 82,464 വരെ ഉയരാൻ അനുവദിച്ചുള്ളു. ഫണ്ടുകളുടെ ലാഭമെടുപ്പിൽ 81,138 വരെ ഇടിഞ്ഞ ശേഷം മാർക്കറ്റ് ക്ലോസിങിൽ അൽപ്പം മെച്ചപ്പെട്ട് 81,451 പോയിൻറ്റിലാണ്. വിദേശ ഫണ്ടുകളെ ഞെട്ടിച്ച് കൊണ്ട് ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ വാരം നിക്ഷേപത്തിന് മത്സരിച്ചു. ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി മാറി അവർ 33,144 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഫണ്ടുകൾ 6450 കോടി രൂപയുടെ വിൽപ്പനയും 6031 കോടി രൂപയുടെ വാങ്ങലും നടത്തി.
രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. 85.15 ൽ നിന്നും 84.80 ലേയ്‌ക്ക് തുടക്കത്തിൽ ശക്തിപ്രാപിച്ചെങ്കിലും അധിക നേരം കരുത്ത് നിലനിർത്താനായില്ല. എണ്ണ ഇറക്കുമതിക്കാരും വിവിധ ബാങ്കുകളും മാസാന്ത്യത്തിൽ ഡോളറിൽ കാണിച്ച ഡിമാൻറ് രൂപയെ 85.70 ലേയ്‌ക്ക് ദുർബലമാക്കിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 85.58 ലാണ്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ മെയിൽ 19,860 കോടി രൂപയുടെ നിക്ഷേപം നടത്തി. ഏപ്രിലിൽ അവർ 4223 കോടി രൂപ ഇന്ത്യയിൽ ഇറക്കിയിരുന്നു. പിന്നിട്ട രണ്ട് മാസങ്ങളിലായി അവർ 24,083 കോടി രൂപ നിക്ഷേപിച്ചു. അതേ സമയം ജനുവരി‐മാർച്ച് കാലയളവിൽ അവർ 1,16,574 കോടി രൂപ ഇവിടെ നിന്നും പിൻവലിച്ചിരുന്നു.
ഒപ്പെക്ക് പ്ലസ് ക്രൂഡ് ഓയിൽ ഉൽപാദനം ഉയർത്താൻ തീരുമാനിച്ചു. തുടർച്ചയായ മൂന്നാം മാസമാണ് പ്രതിദിന എണ്ണ ഉൽപ്പാദനത്തിൽ 4.11 ലക്ഷം ബാരൽ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. എണ്ണ വില ബാരലിന് 62 ഡോളറിലാണ്. ഇതിനിടയിൽ യു എസ് വ്യാപാര യുദ്ധം എണ്ണ വിപണിയിൽ ആശങ്ക ഉളവാക്കുന്നു. ഉക്രൈ യിന് നേരെ റഷ്യ വീണ്ടും ആക്രമണം നടത്തിയ പശ്‌ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ശേഖരിക്കുന്നവർക്ക് വൻ നികുതിക്ക് അമേരിക്ക നീക്കം തുടങ്ങി. ന്യൂയോർക്കിൽ സ്വർണ വില ഔൺസിന് 3288 ഡോളറിൽ നിന്നും 3366 ലേയ്‌ക്ക് ഉയർന്ന ശേഷം 3247 ലേയ്‌ക്ക് ഇടിഞ്ഞു. എന്നാൽ ഈ അവസരത്തിൽ നിക്ഷേപകർ രംഗത്ത് തിരിച്ചെത്തിയതോടെ നിരക്ക് അൽപ്പം ഉയർന്ന് 3288 ഡോളറായി.
0 comments