മാറി ചിന്തിച്ചാൽ ഇടത്തരക്കാർക്കും നേടാം സാമ്പത്തിക സ്വാതന്ത്ര്യം

financial freedom
avatar
​പി അനിൽകുമാർ ​

Published on Sep 23, 2025, 04:19 PM | 3 min read

രാജ്യം സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും നമ്മുടെ ആകെ ജനസംഖ്യയുടെ 31 ശതമാനംവരുന്ന ഇടത്തരക്കാരിൽ ഭൂരിപക്ഷത്തിനും ഇപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ കഴി‍ഞ്ഞിട്ടില്ല. 2047 ആകുമ്പോഴേക്കും ആകെ ജനസംഖ്യയുടെ 60 ശതമാനം ഇടത്തരക്കാരാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അഞ്ചുലക്ഷത്തിനും 30 ലക്ഷത്തിനുമിടയിൽ വാർഷിക വരുമാനമുള്ളവരെയാണ് നമ്മൾ ഇടത്തരക്കാർ അല്ലെങ്കിൽ മധ്യവർഗമായി കണക്കാക്കുന്നത്. ഒരാളുടെ സമ്പത്ത് അയാളുടെ ആജീവനാന്ത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അയാൾ സാമ്പത്തിക സ്വാതന്ത്ര്യമുള്ള അവസ്ഥയിലാണെന്ന് കണക്കാക്കാം. ഇതിലേക്ക് എത്തുക ഇടത്തരക്കാർക്ക് ഇന്നും വലിയ വെല്ലുവിളിയാണ്. എന്നാൽ, ഇത് കെെവരിക്കാനാകാത്ത കാര്യവുമല്ല.


വേണ്ടെന്നുവയ്‌ക്കാനുള്ള മനസ്സ്‌


​വേണ്ടത്ര വരുമാനം ഉണ്ടായിട്ടും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പറ്റാത്തിന് ഇടത്തരക്കാരുടെ സാമ്പത്തിക കാര്യങ്ങളിലുള്ള അറിവില്ലായ്മയും തെറ്റായ സാമ്പത്തിക ശീലങ്ങളും പ്രധാന കാരണമാകുന്നുണ്ട്. ഭൂരിപക്ഷത്തിനും സമ്പത്ത് എങ്ങനെ വളർത്തണം, അത് എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര ധാരണയില്ല എന്നതാണ് വാസ്തവം. തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടൊപ്പം ചിലതെല്ലാം വേണ്ടെന്നുവയ്‌ക്കാനുള്ള മനസ്സും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ അനിവാര്യമാണ്.

നിക്ഷേപത്തിൽ മാറിച്ചിന്തിക്കണം


നമുക്ക് പൊതുവിൽ സാമ്പത്തിക സാക്ഷരതയുടെ കുറവുണ്ട്, പലർക്കും അടിസ്ഥാന സാമ്പത്തിക അറിവുകൾപോലുമില്ല. നിക്ഷേപങ്ങളുടെ കാര്യത്തിലാണ് ഇത് ഏറെ പ്രകടമായിരിക്കുന്നത്. പലർക്കും പരമ്പരാഗതമായ നിക്ഷേപമാർഗങ്ങളായ സേവിങ്സ് ബാങ്ക് അക്കൗണ്ട്‌, സ്ഥിരനിക്ഷേപങ്ങൾ, ലഘു സമ്പാദ്യപദ്ധതികൾ എന്നിവയിൽമാത്രമേ വിശ്വാസമുള്ളൂ. ആദായം കുറവാണെങ്കിലും 64 ശതമാനം പേരും മുൻഗണന നൽകുന്നത് ബാങ്ക് നിക്ഷേപങ്ങൾക്കാണെന്ന് സെക്യൂരിറ്റീസ് ആൻ‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തിയ സർവേയിൽ പറയുന്നു. മികച്ച ലാഭം നൽകുകയും സമ്പത്ത് ആർജിക്കാൻ സഹായിക്കുകയും ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, റിയൽ എസ്റ്റേറ്റ് എന്നിവയെക്കുറിച്ച് ധാരണയില്ലാത്തവരും അറിവുണ്ടായിട്ടും ആ മാർഗങ്ങൾ സ്വീകരിക്കാൻ മടിക്കുന്നവരും ആസ്തി വളർത്താനുള്ള മികച്ച സാധ്യതകൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ആദ്യം സമ്പാദ്യം, പിന്നെ ചെലവ്


ജോലി ചെയ്യുക, ശമ്പളം വാങ്ങുക, ചെലവഴിക്കുക എന്ന മാനസികാവസ്ഥയുമായി ജീവിക്കുന്നുവെന്നതാണ് ഇടത്തരക്കാരിൽ ഭൂരിപക്ഷത്തിന്റെയും മറ്റൊരു പ്രശ്നം. വരുമാനത്തിന്റെ ചെറിയൊരു ഭാഗംപോലും സമ്പാദ്യമായി മാറ്റിവയ്‌ക്കാൻ കഴിയാത്തവർക്ക് നിക്ഷേപം എന്നത് അപ്രാപ്യമായ കാര്യമാണ്. മാത്രമല്ല, ഈ ജീവിതരീതി പലരേയും സാമ്പത്തിക ആശ്രിതത്വം എന്ന കുരുക്കിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ, വരുമാനത്തിൽനിന്ന്‌ ചെലവ് കഴിഞ്ഞ് മിച്ചമുള്ളത് സമ്പാദ്യത്തിന് നീക്കിവയ്‌ക്കുന്ന "വരുമാനം–ചെലവ്= സമ്പാദ്യം' എന്ന രീതിയിൽനിന്ന്‌ ആദ്യംതന്നെ ഒരു തുക സമ്പാദ്യത്തിലേക്കു മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചെലവാക്കുന്ന "വരുമാനം–സമ്പാദ്യം = ചെലവ്' എന്ന രീതിയിലേക്ക് മാറണം. വരുമാനത്തിന്റെ 20 മുതൽ 30 ശതമാനംവരെ ഇങ്ങനെ മാറ്റിവയ്ക്കേണ്ടതാണ്. ഉദാഹരണത്തിന്, 50,000 രൂപ മാസവരുമാനമുളള ഒരാൾക്ക് 10,000 രൂപ സമ്പാദ്യമായി മാറ്റിവയ്ക്കാനായാൽ ബാക്കിവരുന്ന 40,000 രൂപയാണ് തന്റെ വരുമാനമെന്നും അത്രയേ ചെലവാക്കാനുള്ളൂവെന്നും മനസ്സിൽ ഉറപ്പിക്കണം. അതിനനുസരിച്ച് ചെലവുകൾ നിയന്ത്രിക്കണം.

ദീർഘകാല നേട്ടങ്ങൾക്ക് 
മുൻഗണന


​ഇടത്തരം കുടുംബങ്ങൾ പലപ്പോഴും പ്രാധാന്യം കൽപ്പിക്കുന്നത് പെട്ടെന്നുള്ള സന്തോഷത്തിനും സംതൃപ്‌തിക്കുമാണ്. ആഡംബരവസ്തുക്കൾ വാങ്ങാനും കണക്കുവയ്ക്കാതെ തോന്നുംപടി ചെലവാക്കാനും പുറംമേനിക്കായുള്ള ധൂർത്തിനുമാണ് വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. ഇതിനുപകരം ദീർഘകാല നേട്ടങ്ങൾക്ക് മുൻഗണന നൽകണം. ഉദാഹരണത്തിന്, മാസം 10,000 രൂപ 12 ശതമാനം കൂട്ടുപലിശ ലഭിക്കുന്ന ഏതെങ്കിലും നിക്ഷേപ പദ്ധതിയിൽ 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഒരുകോടി നേടാം. പക്ഷേ, സ്ഥിരമായി ഒരു തുക സമ്പാദ്യമായി മാറ്റിവയ്ക്കാൻ ശക്തമായ സാമ്പത്തിക അച്ചടക്കവും കൃത്യമായ ആസൂത്രണവും വേണം. കൂട്ടുകാരുടെയും നാട്ടുകാരുടെയും കുടുംബത്തിന്റെയും സ്വാധീനത്താലുണ്ടാകുന്ന അനാവശ്യ ചെലവുകൾ ഒഴിവാക്കണം.


സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ 10 നിർദേശങ്ങൾ


  • സാമ്പത്തിക ലക്ഷ്യങ്ങൾ ഉറപ്പിക്കണം: അടിയന്തര ആവശ്യങ്ങൾക്കായി ഹ്രസ്വകാല ഫണ്ടും കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ളവയ്ക്കായി ഇടക്കാല ഫണ്ടും വിരമിക്കൽ ആസൂത്രണത്തിനായി ദീർഘകാല ഫണ്ടും സ്വരൂപിക്കണം

  • ബജറ്റ് ഉണ്ടാക്കണം: കൃത്യമായ ഒരു കുടുംബ ബജറ്റ് ഉണ്ടാക്കുക. ചെലവുകൾ നിരീക്ഷിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക, സമ്പാദ്യത്തെ നിക്ഷേപത്തിലേക്ക് മാറ്റുക

  • എമർജൻസി ഫണ്ട് അനിവാര്യം: വരുമാനം ഇല്ലാതാകുക, ജോലി മാറുക തുടങ്ങിയ സാഹചര്യങ്ങളിലെ ചെലവുകൾക്കായി 6–-9 മാസം വരെയുള്ള ചെലവിനനുസൃതമായ തുക കരുതിവയ്‌ക്കണം

  • വേണം, അധികവരുമാനം തരുന്ന നിക്ഷേപങ്ങൾ: പരമ്പരാഗത നിക്ഷേപങ്ങൾക്കൊപ്പം മ്യൂച്വൽഫണ്ട് എസ്ഐപിപോലെ അധികവരുമാനസാധ്യതയുള്ള നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തണം

  • കുറുക്കുവഴികൾ ഒഴിവാക്കണം: സമ്പത്ത് വളരാൻ സമയമെടുക്കും, ഒറ്റരാത്രികൊണ്ട് ഒരാൾക്കും ധനവാൻ ആകാൻ കഴിയില്ല. അതിനാൽ പെട്ടെന്ന് പണമുണ്ടാക്കാൻ കുറുക്കുവഴികൾ നോക്കരുത്

  • അറിവ് വർധിപ്പിക്കണം: സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം, അറിവ് വർധിപ്പിക്കണം. ആവശ്യമെങ്കിൽ സാമ്പത്തിക ഉപദേശകരുടെ സേവനം തേടാൻ മടിക്കരുത്

  • കടബാധ്യത നിയന്ത്രിക്കണം: ക്രെഡിറ്റ് കാർഡ്‌, വ്യക്തിഗത, വാഹന, ഭവന വായ്പകൾ നിയന്ത്രിക്കണം. തിരിച്ചടവുകൾ മുടങ്ങാതെ നോക്കണം

  • ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം: ചികിത്സാച്ചെലവുകൾ നേരിടാനും അപ്രതീക്ഷിത സംഭവങ്ങളിൽ കുടുംബത്തിന് സാമ്പത്തിക സംരക്ഷണം നൽകാനും ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നിവ ഉറപ്പാക്കണം

  • ഉപയോഗപ്പെടുത്താം ഡിജിറ്റൽ സാങ്കേതികവിദ്യ: ബജറ്റിങ് ആപ്പുകൾ, മ്യൂച്വൽ ഫണ്ട് ആപ്പുകൾ, യുപിഐ തുടങ്ങിയവ ഉപയോഗിച്ച് ചെലവുകളും നിക്ഷേപവും നിയന്ത്രിക്കാം

  • കുട്ടികൾക്ക് നൽകാം സാമ്പത്തിക വിദ്യാഭ്യാസം: മിതവ്യയം, സമ്പാദ്യശീലം എന്നിവ കുഞ്ഞുനാളിൽത്തന്നെ വളർത്തിക്കൊണ്ടുവരിക, അത് കുടുംബത്തെയും വരുംതലമുറയെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു നയിക്കും


​(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. സംസ്ഥാന ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)




deshabhimani section

Related News

View More
0 comments
Sort by

Home