ഭയം വേണ്ട, ഈ ബാങ്കുകളിൽ ഇനി പിഴയില്ല

ബാങ്കിലെ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പലപ്പോഴും സാധാരണക്കാരെ വലിയ സമ്മർദത്തിലാക്കാറുണ്ട്. അക്കൗണ്ടിലെ തുക ബാങ്ക് നിഷ്കർഷിച്ചിരിക്കുന്ന കുറഞ്ഞ തുകയിലും താഴെ പോയാൽ പിഴ ഈടാക്കുമെന്നത് സ്ഥിരമായി ഒരു തുക അക്കൗണ്ടിൽ സൂക്ഷിക്കാൻ കഴിയാത്ത കുറഞ്ഞ വരുമാനക്കാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകളിലൂടെയുള്ള പണമിടപാടുകൾ വൻതോതിൽ വർധിച്ചതോടെ ഇടത്തര, ശമ്പള, വരുമാനക്കാരും പലപ്പോഴും ഈ "മിനിമം ബാലൻസ് ഭീഷണി'യിൽ പെടാറുണ്ട്. വീട്ടമ്മമാർക്ക് പാചകവാതകത്തിന് സബ്സിഡി കിട്ടിയിരുന്ന കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് വന്ന സബ്സിഡിക്കാശും തൊഴിലുറപ്പുകൂലിയും പലർക്കും ചികിത്സാസഹായമായോ പഠനസഹായമായോ ഒക്കെ കിട്ടിയ ചെറിയ ചെറിയ തുകകൾപോലും പല ബാങ്കുകളും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴയായി ഈടാക്കിയിട്ടുണ്ട്.

ഇനി ആ ഭയം വേണ്ട. രാജ്യത്തെ ആറു മുൻനിര പൊതുമേഖലാ ബാങ്കുകൾ പ്രതിമാസ ശരാശരി ബാലൻസ് (എഎംബി) അഥവാ മിനിമം ബാലൻസ് പിഴ ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ ബാങ്കുകൾ വരുംദിവസങ്ങളിൽ ഒഴിവാക്കിയേക്കുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് എന്നിവയാണ് നിലവിൽ ജൂലൈമുതൽ മിനിമം ബാലൻസ് പിഴ ഒഴിവാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2020 മുതലും കനറാ ബാങ്ക് ഈ വർഷം ജൂൺമുതലും മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വാർഷിക അറ്റാദായത്തേക്കാൾ കൂടുതൽ തുക മിനിമം ബാലൻസ് പിഴയായി നേടുന്നു എന്ന പരാതി ഉയർന്നിരുന്നു.
പ്രീമിയം അക്കൗണ്ടിന് ഇളവില്ല
ബാങ്ക് ഓഫ് ബറോഡയുടെ പ്രീമിയം സേവിങ്സ് അക്കൗണ്ട് സ്കീമുകൾക്ക് ഈ ഇളവ് കിട്ടില്ല. മിനിമം ബാലൻസ് നിബന്ധന പാലിച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും. എന്നാൽ മറ്റു ബാങ്കുകൾ എല്ലാത്തരം സേവിങ്സ് അക്കൗണ്ടുകൾക്കുമാണ് പിഴ ഒഴിവാക്കിയത്.









0 comments