കളിയല്ല, കരുതലോടെ വേണം വ്യക്തിഗതവായ്പ


കെ കെ ജയകുമാർ
Published on Mar 25, 2025, 01:46 AM | 4 min read
വളരെ വേഗത്തിൽ ലളിതമായ വ്യവസ്ഥകളിൽ ലഭിക്കുന്ന വായ്പകളിലൊന്നാണ് വ്യക്തിഗതവായ്പ അഥവാ പേഴ്സണൽ ലോൺ. ഈടൊന്നും ഇല്ലാതെ നൽകുന്ന വായ്പയായതുകൊണ്ട് താരതമ്യേന കൂടിയ പലിശയാണ് ഈ വായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നതും. അങ്ങനെ കിട്ടാനെളുപ്പവും ഉയർന്ന പലിശയുമായതിനാൽ പലപ്പോഴും ഇത് വൻ കുരുക്കായി മാറാനും സാധ്യതയുണ്ട്. അതിനാൽ തികഞ്ഞ ജാഗ്രതയോടെ വേണം വ്യക്തിഗതവായ്പ എടുക്കാൻ. ആവശ്യമുണ്ടോയെന്ന് രണ്ടുമൂന്നുവട്ടം ആലോചിച്ച് ഉറപ്പിച്ചുമാത്രം എടുക്കുന്നതാണ് നല്ലത്.
മാസവരുമാനം പ്രധാനം
ഈടുവേണ്ട എന്നതിനാൽ അടിയന്തര സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ വായ്പ വളരെ സഹായകമാണ്. അപേക്ഷകന്റെ ഏതാവശ്യത്തിനും വായ്പ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. വായ്പത്തുക മുഴുവൻ നേരിട്ട് ലഭിക്കുകയും ചെയ്യും.
എന്നാൽ, എല്ലാവർക്കും ബാങ്കുകൾ ഇത് വാരിക്കോരി നൽകുമെന്ന് വിചാരിക്കരുത്. ശമ്പളവരുമാനക്കാർ, പ്രൊഫഷണലുകൾപോലെ സ്ഥിരവരുമാനമുള്ളവർക്കാണ് വ്യക്തിഗതവായ്പ ലഭിക്കുക. എല്ലാ ശമ്പളവരുമാനക്കാർക്കും ലഭിക്കണമെന്നുമില്ല.
മിക്ക ബാങ്കുകളും സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് വ്യക്തിഗതവായ്പ നൽകാറുള്ളത്.
പ്രതിമാസ അറ്റ ശമ്പളം 5000 രൂപയെങ്കിലും ഉണ്ടാകണമെന്ന് ചില ബാങ്കുകൾ നിഷ്‌കർഷിക്കാറുണ്ട്. ചില ബാങ്കുകൾ 15,000 രൂപയ്ക്കുമേൽ ശമ്പളമുള്ളവർക്കേ വായ്പ നൽകൂ.
അറ്റ ശമ്പളം കണക്കാക്കുമ്പോൾ അതിൽ നിങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ ലീവ് ട്രാവൽ അലവൻസ്, മെഡിക്കൽ അലവൻസ്, പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, ടിഡിഎസ് തുടങ്ങിയവ ഒഴിവാക്കും. ബാക്കിയുള്ള തുകയാണ് വായ്പത്തുക നിശ്ചയിക്കാനുള്ള അറ്റ ശമ്പളമായി പരിഗണിക്കുക. പൊതുവില്‍ പരമാവധി അഞ്ചുവർഷമാണ് വ്യക്തിഗതവായ്പകളുടെ കാലാവധി. ഏഴുവർഷംവരെ കാലാവധി നൽകുന്ന ബാങ്കുകളുമുണ്ട്.
പിഴ വരാതെ നോക്കണം
അർഹരായവർക്ക് അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനുള്ളിൽ വ്യക്തിഗതവായ്പ നൽകുമെന്ന് എസ്ബിഐ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്കാകട്ടെ നാലുമണിക്കൂറിനുള്ളിൽ നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. മൊബൈൽ ആപ്പുകളിലൂടെ ഇൻസ്റ്റന്റ് പേഴ്‌സണൽ ലോൺ നൽകുന്ന ബാങ്കുകളുമുണ്ട്.
വായ്പത്തുകയുടെ ഒരുശതമാനവും നികുതിയും പ്രോസസിങ് ചാർജായി നൽകേണ്ടിവരും. കാലാവധി തീരുംമുമ്പ് വായ്പ ക്ലോസ് ചെയ്താൽ ബാക്കിയുണ്ടായിരുന്ന തുകയുടെ മൂന്നുശതമാനം പിഴയായി (പ്രീ ക്ലോഷർ ചാർജ്) നൽകേണ്ടിവരും. എന്നാൽ, ഇതേ ബാങ്കിൽനിന്ന് മറ്റൊരു വായ്പ എടുത്താണ് വായ്പ ക്ലോസ് ചെയ്യുന്നതെങ്കിൽ പിഴ നൽകേണ്ടതില്ല. പ്രീ ക്ലോഷർ ചാർജ് ഈടാക്കാത്ത ബാങ്കുകളുമുണ്ട്. വായ്പയെടുക്കുംമുമ്പ് ഇത്തരം കാര്യങ്ങൾ അന്വേഷിച്ചറിയണം.
വായ്പ അപേക്ഷയ്ക്ക് ഒപ്പം
നൽകേണ്ട രേഖകൾ
വിലാസം തിരിച്ചറിയുന്നതിനുള്ള രേഖ
ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്
മൂന്നുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
സാലറി സ്ലിപ്പ്
ശമ്പളവരുമാനക്കാരല്ലാത്തവർ വാർഷികവരുമാനം തെളിയിക്കുന്ന ഫോം 16, അല്ലെങ്കിൽ ആദായനികുതി റിട്ടേൺ നൽകിയതിന്റെ രേഖ
പ്രതിമാസതവണയ്ക്കും പരിധി
അപേക്ഷകന്റെ സാമ്പത്തികനില നോക്കിയാണ് വ്യക്തിഗതവായ്പ നൽകുന്നത്. വായ്പ എടുത്താൽ തിരിച്ചടയ്ക്കുന്ന സ്വഭാവക്കാരനാണോ? അതിനുള്ള ശേഷിയുണ്ടോ? ഇതാണ് ബാങ്ക് ആദ്യം പരിശോധിക്കുന്നത്. ഇത് അറിയുന്നതിനാണ് സാലറി സ്ലിപ്പും ആറുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും വാങ്ങുന്നത്.
ഇതിലൂടെ എത്ര രൂപവരെ പ്രതിമാസതവണയായി അടയ്ക്കാൻ പറ്റുമെന്ന് ബാങ്ക് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് വായ്പത്തുക നിശ്ചയിക്കുന്നത്. ശമ്പളത്തിന്റെ നിശ്ചിത ശതമാനത്തിൽ കൂടുതൽ ഇഎംഐ വരുന്ന രീതിയിൽ വായ്പ തരില്ല. പുതിയതായി എടുക്കുന്ന വായ്പയുടെ ഇഎംഐമാത്രമല്ല, നിലവിലുള്ള വായ്പകളുടെ ഇഎംഐയും ഇതിനായി കണക്കിലെടുക്കും എന്നത് മറക്കരുത്.
ഒരാൾക്ക് എത്ര വായ്പ കിട്ടും
മാസവരുമാനത്തിന്റെ അല്ലെങ്കിൽ ശമ്പളത്തിന്റെ 30 ഇരട്ടിവരെ വായ്പ ലഭിക്കും. എന്നാൽ, നിലവിൽ നിങ്ങൾക്ക് മറ്റ് വായ്പകളോ കടബാധ്യതയോ ഉണ്ടെങ്കിൽ അത്രയും കിട്ടില്ല.
ആഗ്രഹിച്ചത്ര വായ്പ കിട്ടാൻ അർഹത ഇല്ലെങ്കിൽ വായ്പത്തുക വർധിപ്പിക്കാൻ ചില വഴികൾ പരീക്ഷിച്ചുനോക്കാവുന്നതാണ്.
പുതിയ വായ്പയ്ക്ക് അപേക്ഷിക്കുംമുമ്പ് നിലവിലുള്ള വായ്പ അടച്ചുതീർക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. അങ്ങനെ ഇഎംഐ കുറയുന്നതിലൂടെ കൂടുതൽ വായ്പയ്ക്ക് പരിഗണിക്കപ്പെടാം. വായ്പ കാലാവധി കൂടുതൽ വർഷത്തേക്ക് തെരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു മാർഗം. പക്ഷേ, കാലാവധി കൂടുംതോറും പലിശബാധ്യതയും കൂടുമെന്നത് മറക്കരുത്. പലിശഭാരം താങ്ങാൻ കഴിയുമെങ്കിൽമാത്രം സ്വീകരിക്കാവുന്ന വഴിയാണിത്. ഭാര്യ, മാതാപിതാക്കൾ എന്നിവരിൽ ആരെങ്കിലുമായി ചേർന്ന് വായ്പയ്ക്ക് അപേക്ഷിച്ചും അർഹത വർധിപ്പിക്കാവുന്നതാണ്. അപേക്ഷകന് തന്റെ പെട്രോൾ, ഫോൺ, ഡാറ്റ തുടങ്ങിയവയ്ക്കുള്ള മാസച്ചെലവ് കമ്പനിയാണ് വഹിക്കുന്നതെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തിയും കൂടുതൽ തുകയ്ക്ക് അർഹത നേടാവുന്നതാണ്.
വായ്പ എടുക്കുംമുമ്പ്
ക്രെഡിറ്റ് സ്‌കോർ അറിയണം
ബാങ്കായാലും മറ്റേതെങ്കിലും ധനസ്ഥാപനമാണെങ്കിലും വായ്പയ്ക്ക് അപേക്ഷ നൽകിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നോക്കും. വായ്പ തിരിച്ചടവുശേഷി, തിരിച്ചടവ് ചരിത്രം എന്നിവ അടിസ്ഥാനമാക്കി സ്വതന്ത്ര ഏജൻസികളായ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്കോര്‍ നിശ്ചയിക്കുന്നത്. ക്രെഡിറ്റ് സ്‌കോർ 750ന് മുകളിലുള്ളവർക്കാണ് പൊതുവേ വായ്പ ലഭിക്കുക.
വായ്പയുടെ തിരിച്ചടവ് തുടർച്ചയായി മൂന്നുതവണ മുടങ്ങുന്നത്, പുതിയ വായ്പ എടുത്ത് പഴയ വായ്പ തിരിച്ചടയ്ക്കുന്ന ക്രെഡിറ്റ് റീസ്ട്രക്ചറിങ്, വായ്പ എഴുതിത്തള്ളൽ തുടങ്ങിയവ ക്രെഡിറ്റ് റിപ്പോർട്ടിൽ ഇടംപിടിക്കും. അങ്ങനെവന്നാൽ പുതിയ വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ വായ്പ എടുക്കുന്നതിനും ആറുമാസംമുമ്പ് ക്രെഡിറ്റ് റിപ്പോർട്ട് പലിശോധിക്കുന്നത് നല്ലതാണ്.
നിങ്ങൾക്ക് തെറ്റായിട്ടാണ് കുറഞ്ഞ ക്രെഡിറ്റ് സ്കോർ നൽകിയിരിക്കുന്നതെങ്കിൽ പരാതി നൽകി അത് പരിഹരിക്കാൻ അവസരമുണ്ട്. അതല്ല നിങ്ങളുടെ വീഴ്ചകളാണ് പ്രശ്‌നമെങ്കിൽ ആറുമാസംകൊണ്ട് അത് പരിഹരിച്ച് സ്കോർ മെച്ചപ്പടുത്താം.
മനസ്സിലുണ്ടാകണം ഈ കാര്യങ്ങൾ
ചില ബാങ്കുകൾക്ക് ചുരുങ്ങിയത് 25,000 രൂപയാണ് മിനിമം വായ്പത്തുക. പരമാവധി 15 ലക്ഷം രൂപവരെ നൽകും. വായ്പകളിൽ ഏറ്റവും കൂടുതൽ പലിശ വ്യക്തിഗതവായ്പയ്ക്കാണെന്ന് പറഞ്ഞല്ലോ, 20 ശതമാനംവരെ പലിശ ഈടാക്കുന്ന ബാങ്കുകളുണ്ട്. അതായത് ഒരുലക്ഷം രൂപ വായ്പ എടുത്താൽ 20,000 രൂപ ഒരുവർഷം പലിശ നൽകേണ്ടിവരും. മാസംതോറും പലിശ വരുന്നത് 1667 രൂപയും. അതായത് ഒരുലക്ഷം രൂപയ്ക്ക് ദിവസവും 55 രൂപ പലിശ നൽകണം. വായ്പത്തുകയുടെ 3.5 ശതമാനംവരെ പ്രോസസിങ് ഫീസും കാലാവധിക്കുമുമ്പ് വായ്പ അടച്ചുതീർത്താൽ നാല് ശതമാനംവരെ പ്രീ ക്ലോഷർ ചാർജും ഈടാക്കുന്ന ബാങ്കുകളുണ്ട്.
വായ്പത്തുകയ്ക്ക് തത്തുല്യമായ ഇൻഷുറൻസ് പോളിസിയും നിർബന്ധമായും എടുക്കേണ്ടിവരും. ഇതിനുള്ള പ്രീമിയം തുകയും നിങ്ങളിൽനിന്ന് ബാങ്ക് ഈടാക്കും. അതിനാൽ വ്യക്തിഗതവായ്പ എടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലുണ്ടാകണം.
പലിശ ഏറ്റവും കൂടുതലാണ്. അത്യാവശ്യമുണ്ടെങ്കിൽമാത്രം എടുക്കുക.
വായ്പ കാലാവധി വളരെ കുറവാണ്. ഇതിനാൽ ഇഎംഐ കൂടുതലായിരിക്കും.
വ്യക്തിഗതവായ്പ എടുത്ത് സ്ഥലം വാങ്ങാനോ വീടുവയ്ക്കാനോ തുനിയരുത്. അതിനായി ഭവനവായ്പയോ ഭൂപണയവായ്പയോ എടുക്കാം.
നല്ല ക്രെഡിറ്റ് സ്‌കോർ നിലനിർത്തണം. അല്ലെങ്കിൽ വായ്പ കിട്ടാതിരിക്കാനോ കുറഞ്ഞ പലിശനിരക്ക് കിട്ടാതിരിക്കാനോ ഇടയുണ്ട്.
പെൻഷൻകാർക്കും
പേഴ്സണൽ ലോൺ
കേന്ദ്ര–-സംസ്ഥാന സർക്കാരിൽനിന്നും പ്രതിരോധസേനകളിൽനിന്നും വിരമിച്ചവർക്കും മിക്ക ബാങ്കുകളും വ്യക്തിഗതവായ്പ നൽകാറുണ്ട്. പെൻഷൻ വാങ്ങുന്നത് ഏതു ബാങ്കിൽനിന്നാണോ അതേ ബാങ്കിനെയാണ് വായ്പയ്ക്ക് സമീപിക്കേണ്ടത്. പരമാവധി 18 മാസത്തെ പെൻഷൻതുകയാണ് വായ്പയായി ലഭിക്കുക.
പല ബാങ്കുകളും അപേക്ഷകന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പൊതുവിൽ 76 വയസ്സ് കവിയാൻ പാടില്ലെന്നാണ് നിബന്ധന. വായ്പ കാലാവധി കഴിയുംവരെ പെൻഷൻ അക്കൗണ്ട് ബന്ധപ്പെട്ട ബാങ്ക് ശാഖയിൽനിന്ന് മാറ്റില്ലെന്ന് എഴുതിനൽകേണ്ടിവരും.
(പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ് മെന്ററുമാണ് ലേഖകൻ. ഇ–-മെയിൽ [email protected])
0 comments