സ്ത്രീകള്‍ക്കും വേണം ഇന്‍ഷുറന്‍സ്

insurance
avatar
കെ കെ ജയകുമാർ

Published on Sep 16, 2025, 02:55 PM | 4 min read

നിങ്ങൾ വീട്ടമ്മയോ സോഫ്‌റ്റ്‌വെയർ എൻജിനിയറോ, ബ്യൂട്ടിപാർലർ ഉടമയോ, ആരുമായിക്കൊള്ളട്ടെ സ്വന്തമായി ഇൻഷുറൻസ് സംരക്ഷണം ഉണ്ടെങ്കിൽ സാമ്പത്തിക ഭാവിയുടെ താക്കോൽ നിങ്ങളുടെ കൈയിലുണ്ടെന്നാണർഥം


ലോകം അതിവേഗം മാറുന്ന ഇക്കാലത്ത് സ്ത്രീകൾക്ക് ജീവിതത്തിൽ വ്യത്യസ്ത റോളുകളാണ് വഹിക്കാനുള്ളത്. വീട്ടമ്മമാരായിരിക്കെത്തന്നെ അവർ പ്രൊഫഷണലുകളും സംരംഭകരും കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും നട്ടെല്ലുംകൂടിയാകുന്നു. പക്ഷേ, സ്വന്തമായി ഇൻഷുറൻസ് പരിരക്ഷ നേടുന്നതിൽ സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്. ​അറിവില്ലായ്മയും അറിവുള്ളവർ സ്വന്തംകാര്യം പിന്നത്തേക്ക് മാറ്റിവയ്ക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. ​


സാമ്പത്തിക 
ഭാവിയുടെ താക്കോൽ


ഇൻഷുറൻസ് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല, അത് മനസമാധാനവും സ്വാതന്ത്ര്യവും നൽകും. ഇൻഷുറൻസ് പ്രീമിയത്തിന് മുടക്കുന്ന തുക ഒരു പാഴ്-ചിലവല്ല, അതൊരു പരിചയാണ്. സ്വന്തമായി ഇൻഷുറൻസ് ഉണ്ടെങ്കിൽ സാമ്പത്തിക ഭാവിയുടെ താക്കോൽ കൈയിലുണ്ടെന്നാണർഥം. അതിനാല്‍ നിങ്ങൾ സോഫ്‌റ്റ്‌വെയർ എൻജിനിയറോ ബ്യൂട്ടിപാർലർ ഉടമയോ റിസപ്ഷനിസ്റ്റോ വീട്ടമ്മയോ ആരുമായിക്കൊള്ളട്ടെ സ്വന്തം പേരില്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി ഉറപ്പാക്കേണ്ടതാണ്. ​


നോക്കണം സ്വന്തം 
ആരോഗ്യവും


ഭൂരിപക്ഷം സ്ത്രീകളും ആരോഗ്യസംരക്ഷണത്തിന് പുരുഷന്മാരെ ആശ്രയിച്ച് നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യകാരണങ്ങളാല്‍ പെട്ടെന്നൊരു ദിവസം ജോലി ഉപേക്ഷിക്കേണ്ടിവരുമ്പോള്‍, ഓര്‍ക്കാപ്പുറത്ത് ജീവിതപങ്കാളി നഷ്ടപ്പെടുമ്പോള്‍, അതുവരെ സമ്പാദിച്ചതെല്ലാം ചെലവഴിച്ചിട്ടും ചികിത്സയ്ക്ക് പണം തികയാതെ വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥ വരുമ്പോഴുമൊക്കെ ഇന്‍ഷുറന്‍സ് പരിരക്ഷ മുന്നോട്ടുള്ള പോക്കിന് ഊര്‍ജം പകരും. പ്രസവം, ഗർഭധാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടും നിരന്തര ആരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നത്. സ്തനാർബുദവും ഗർഭാശയ അര്‍ബുദവുമൊക്കെ ഇപ്പോൾ സർവസാധാരണമാണ്. അതിനാല്‍ ക്രിട്ടിക്കൽ ഇൽനെസ് കവറേജുകൂടി നേടിയാൽ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിക്കും അപ്പുറത്തുള്ള വലിയ തുക ചികിത്സയ്ക്ക് ലഭ്യമാകും. ​


തനിച്ചുനില്‍ക്കുമ്പോള്‍ 
ഉറച്ച് നില്‍ക്കാം


തങ്ങള്‍ ഇല്ലാതായാലും ആശ്രിതരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ എന്ന പേരിലാണല്ലോ ഭൂരിപക്ഷം പുരുഷന്മാരും ഇന്‍ഷുറന്‍സെടുക്കുന്നത്. ഇക്കാര്യം സ്ത്രീകള്‍ക്കും ബാധകമാണ്, പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ സഹായമില്ലാതെ തനിച്ച് കുട്ടികളെ വളര്‍ത്തേണ്ടിവരുന്ന അമ്മമാര്‍ക്ക്. സ്വന്തം കാലിൽ നിവർന്നുനിന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ലൈഫ് ഇൻഷുറൻസ് പോളിസികൾ സഹായിക്കും.


നേടാം
 റിട്ടയർമെന്റ് പ്ലാന്‍


ആയുർദൈർഘ്യം സ്ത്രീകൾക്കാണ് കൂടുതൽ. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. പക്ഷേ, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്കും ജീവിത സായന്തനത്തില്‍ അത്തരം സാമ്പത്തിക ആശ്വസങ്ങളൊന്നും കിട്ടില്ല. എന്നാൽ, ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ഇതിന് പരിഹാരം കാണാം. മാസാമാസം ഒരു നിശ്ചിത തുക പെൻഷൻപോലെ ലഭ്യമാക്കുന്ന ഇൻഷുറൻസ് അധിഷ്ഠിത റിട്ടയർമെന്റ് പ്ലാനുകളുണ്ട്. വാര്‍ധക്യത്തില്‍ പരാശ്രയമില്ലാതെ ജീവിക്കാൻ ഇത് സഹായിക്കും. ​


ഉചിതമായ ഇൻഷുറൻസ് 
സംരക്ഷണം നേടാൻ 
ചില നിര്‍ദേശങ്ങള്‍


എത്ര നേരത്തേ ഇൻഷുറൻസ് നേടുന്നോ അത്രയും ചെലവ് കുറയും. കൂടിയ കവറേജുള്ള പോളിസിയെടുക്കണം. എപ്പോഴാണ് വലിയ തുക ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ. റൈഡറുകൾപോലെയുള്ള അധിക കവറേജ് നേടണം. മെറ്റേണിറ്റി ബെനിഫിറ്റ്സ്, ക്രിട്ടിക്കൽ ഇൽനെസ്, ആക്സിഡന്റൽ കവർ തുടങ്ങിയവ ഇൻഷുറൻസിൽ ഉൾപ്പെടുത്തണം. നിങ്ങളില്ലാതായാലും ഉള്ളപ്പോള്‍ എന്നപോലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ജീവിക്കാൻ ടേം ഇൻഷുറൻസ് എടുക്കാം. പോളിസികളിൽ ചേരുംമുമ്പ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓൺലൈൻ പോർട്ടലുകൾ സന്ദർശിച്ച് പോളിസികൾ താരതമ്യം ചെയ്യണം. പ്രീമിയം നിരക്കുകളും ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയും പരിശോധിച്ച് തീരുമാനമെടുക്കണം.


സ്ത്രീകൾക്ക് മാത്രമുള്ള ഇൻഷുറൻസ് പോളിസികൾ


​​വിവിധ ഇൻഷുറൻസ് കമ്പനികൾ സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള പോളിസികൾ ലഭ്യമാക്കുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം


മഹിളാ ഉദ്യം ബീമ : സ്ത്രീ സംരംഭകർക്കുള്ള ന്യൂ ഇന്ത്യ അഷ്വറൻസിന്റെ പോളിസി. അഞ്ച് കോടിയില്‍ കവിയാത്ത ആസ്തി മൂല്യമുള്ള ചെറുകിട വനിതാ വ്യവസായങ്ങൾക്ക് തീപിടിത്തം, മോഷണം, വരുമാന നഷ്ടം തുടങ്ങിയ അപകടങ്ങൾക്കെതിരെ ഇത് പരിരക്ഷ നല്‍കുന്നു.

വാത്സല്യ ഹെൽത്ത് പോളിസി: ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ഈ പോളിസി വാടകഗര്‍ഭധാരണം നടത്തുന്ന അമ്മമാര്‍ക്കും അണ്ഡദാതാക്കൾക്കുമായി രൂപകൽപ്പന ചെയ്തതാണ്. ഗർഭകാലത്തോ പ്രസവാനന്തരമോ ഉണ്ടാകാവുന്ന സങ്കീർണതകൾക്കും, അണ്ഡ ശേഖരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കും പരിരക്ഷ ലഭ്യമാകും.


അശാ കിരണം: ന്യൂ ഇന്ത്യയുടെ ഈ പ്രത്യേക സ്കീം പെണ്‍കുട്ടികള്‍ (രണ്ടു-വരെ) ഉള്ളവര്‍ക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. കുടുംബങ്ങളിൽ പെൺകുട്ടികൾക്ക് സാമ്പത്തിക സുരക്ഷ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.


റൂറൽ വിമൻസ് പാക്കേജ് : യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ഈ പോളിസി ഗ്രാമീണ സ്ത്രീകൾക്കുള്ളതാണ്. വ്യക്തിഗത അപകടം, ആശുപത്രിവാസം, തീപിടിത്തം തുടങ്ങിയവയ്ക്ക് ഇത് പരിരക്ഷ നല്‍കുന്നു.


ന്യൂ ഇന്ത്യയും യുണൈറ്റഡ് ഇന്ത്യയും നല്‍കുന്ന "രാജരാജേശ്വരി പോളിസി' 10 മുതൽ 75 വയസ്സുവരെയുള്ള സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്ത സാമൂഹ്യ സുരക്ഷാ പദ്ധതി ആണ്. വരുമാനമോ തൊഴിലോ നോക്കാതെ സ്ത്രീകളെ സാമ്പത്തികമായി സംരക്ഷിക്കാൻ, പ്രത്യേകിച്ച് അപകടംമൂലമുള്ള വൈകല്യം സംഭവിക്കുമ്പോൾ സഹായം നൽകാൻ ഇത് ലക്ഷ്യമിടുന്നു.


കെയർ ജോയ് മെറ്റേണിറ്റി ഇൻഷുറൻസ്: ​അമ്മയാകാന്‍ തയ്യാറെടുക്കുന്നവർക്കുള്ള പ്രത്യേക പോളിസിയാണിത്. നോർമൽ, സിസേറിയൻ പ്രസവങ്ങൾക്കും 90 ദിവസംവരെ കുട്ടിക്കും പരിരക്ഷ കിട്ടും. പോളിസി എടുത്ത് ഒമ്പത് മാസത്തിനുശേഷം പരിരക്ഷ കിട്ടുന്ന ജോയ് ടുഡേ, രണ്ടു വർഷം കഴിഞ്ഞുമാത്രം പരിരക്ഷ ലഭിക്കുന്ന ജോയ് ടുമാറോ എന്നിങ്ങനെ രണ്ടുതരം പോളിസികളുണ്ട്. രണ്ടിലും കാഷ്-ലെസ് ചികിൽസ കിട്ടും.


ഫ്യൂച്ചർ ജനറാലി ഹെൽത്ത് പവര്‍: വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കവറേജ് ലഭ്യമാക്കുന്നു. പ്രസവം, ഗർഭമലസൽ, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ തുടങ്ങിയവയ്ക്കും സ്തന, ഗർഭാശയ, അണ്ഡാശയ, മൂത്രാശയ അർബുദങ്ങൾക്കും കവറേജ് ലഭിക്കും.


ബജാജ് അലെയൻസ് വിമെൻ സ്പെസിഫിക് ക്രിട്ടിക്കൽ ഇൽനെസ്: സ്‌തനങ്ങള്‍, ഫലോപ്യൻ ട്യൂബ്, ഗർഭാശയമുഖം, ഗർഭാശയം, അണ്ഡാശയം, യോനി എന്നിവയിലുണ്ടാകുന്ന അര്‍ബുദം, കൈകാലുകളുടെ സ്ഥിരമായ പക്ഷാഘാതം, വിവിധ പരിക്കുകൾ, പൊള്ളൽ തുടങ്ങിയവയ്ക്ക് പരിരക്ഷ ലഭിക്കും.


എച്ച്ഡിഎഫ്സി ഇർഗോ മൈ ഹെൽത്ത് വിമൻ സുരക്ഷാ പ്ലാൻ, ആക്കോ (എസികെഒ) വനിതാ ഹെൽത്ത് ഇൻഷുറൻസ്, ടാറ്റാ എഐജി വെൽഷുറൻസ് വിമൻ, സ്റ്റാർ വിമൻ കെയർ ഇൻഷുറൻസ്, ഐസിഐസിഐ ലൊംബാർഡ് വിമൻ ക്യാൻസർ ഷീൽഡ്, അദിത്യ ബിർല ആക്ടീവ്‌വൺ മേറ്റേണിറ്റി പ്ലാൻ തുടങ്ങിയവയാണ് സ്ത്രീകള്‍ക്കുള്ള മറ്റു ചില പോളിസികള്‍.

പല പരമ്പരാഗത പോളിസികളിലും റൈഡറുകളോ ആഡ്- ഓണുകളോ ഉപയോഗിച്ച് സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുസരിച്ചുള്ളതാക്കാന്‍ സൗകര്യവുമുണ്ട്. വിവിധ ഓപ്ഷനുകൾ താരതമ്യം ചെയ്ത്, സ്വന്തം ജീവിതഘട്ടം വിലയിരുത്തി സൂക്ഷ്മതയോടെവേണം ആഡ് ഓണുകള്‍ തെരഞ്ഞെടുക്കാന്‍.


മുന്നറിയിപ്പ്: സ്ത്രീകൾക്ക് ഇൻഷുറൻസ് സംരക്ഷണത്തെക്കുറിച്ച് അറിവുനല്‍കുന്നതിന് മാത്രമാണ് ചില പോളിസികളെ മുകളിൽ സൂചിപ്പിച്ചത്. അവയെ സൂചനമാത്രമായി എടുക്കുക. കമ്പനിയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ്, രേഖകൾ വിശദമായി പരിശോധിച്ച് ബോധ്യപ്പെട്ടശേഷം മാത്രം ഇൻഷുറന്‍സ് പോളിസി വാങ്ങുക.



(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പെഴ്സണൽ ഫിനാൻസ് അനലിസ്റ്റാണ് ലേഖകൻ. ഇ മെയിൽ jayakumarkk8 @gmail.com)​



deshabhimani section

Related News

View More
0 comments
Sort by

Home