ട്രംപിന്റെ ഇന്ത്യയിലെ ലക്ഷ്യം എന്താണ് ? പകര ചുങ്കത്തിന് പിറകെ വരാനിരിക്കുന്നത് ..

vizhinjam dbi
avatar
എൻ എ ബക്കർ

Published on Apr 08, 2025, 05:44 PM | 5 min read

ന്ത്യയിൽ നിന്നുള്ള രണ്ടായിരത്തോളം ചരക്ക് കപ്പലുകൾ കടലിൽ അമേരിക്കൻ തുറമുഖങ്ങളെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കയാണ്. ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കത്തിന്റെ അനിശ്ചിതത്വം തത്കാലം അവയെ ബാധിക്കില്ല എന്ന പ്രതീക്ഷയിലാണ്. കയറ്റുമതി കമ്പനികളും വ്യവസായ ലോകവും മുന്നോട്ട് തന്നെ പോകാനാണ് അവർക്ക് നൽകുന്ന നിർദ്ദേശം. ഏപ്രിൽ രണ്ടിലെ പകര ചുങ്ക പ്രഖ്യാപനത്തിന് മുൻപുള്ള കരാർ പ്രകാരം പുറപ്പെട്ട കപ്പലുകൾ എന്ന പരിഗണനയാണ് ഈ മുന്നോട്ട് പോക്കിന് പിന്നിലെ പ്രതീക്ഷ.


ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിയിൽ 35 ശതമാനവും അമേരിക്കയിലേക്കാണ്. ചെമ്മീനാണ് ഇവയിൽ ഒന്നാം സ്ഥാനത്ത്. കണവ, കക്ക തുടങ്ങിയവയാണ് മറ്റ് ഇനങ്ങൾ. ഇന്ത്യയ്ക്ക് മേൽ 26 ശതമാനമാണ് പകര ചുങ്കം പ്രഖ്യാപിച്ചത് എങ്കിലും ഇവയ്ക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടിയും കൌണ്ടർ വെയിലിങ് ഡ്യൂട്ടിയുമായി 34.26 ശതമാനം വരെ നികുതി വർധന വരും. ആരു വാങ്ങിക്കും ഇത്രയും വിലയ്ക്ക് ?


മത്സ്യബന്ധന മേഖലയെ ഇത് തളർത്തും. കാർഷിക മേഖലയും ഇതിന്റെ ആഘാതം ഏറ്റുവാങ്ങും. ടർടിൽ എക്സ്ക്ലൂഡർ ഡിവൈസ് അഥവാ കടലാമകൾ വലയിൽ കുടുങ്ങുന്നത് തടയാനുള്ള ഉപകരണം പിടിപ്പിക്കാത്തതിനാൽ സമുദ്ര ചെമ്മീൻ ഇപ്പോൾ തന്നെ അമേരിക്ക വാങ്ങിക്കുന്നില്ല. ചെമ്മീൻ കർഷകരുടെ അക്വകൾച്ചർ വഴി ഉൽപാദിപ്പിക്കുന്നവയ്ക്ക് മാത്രമാണ് പരിഗണന. അങ്ങനെ വരുമ്പോൾ ഏറ്റവും വലിയ തിരിച്ചടി കാർഷിക മേഖലയിലാണ്.


നഷ്ടമാവുക കൂടുതൽ വിപണി രാജ്യങ്ങൾ

വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌ലന്‌റ്‌ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും നിയന്ത്രണം ബാധിക്കുന്ന സാഹചര്യമാണ്. ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ സമുദ്രോൽപന്നങ്ങൾ മൂല്യവർധിത വസ്തുക്കളാക്കി മാറ്റി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇവർക്ക് യഥാക്രമം 46 ശതമാനം, 36 ശതമാനം, 35.9 എന്നിങ്ങനെ പകര ചുങ്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് മേലുള്ളതിനെക്കാൾ അധികമാണ്. സ്വഭാവികമായും ഇത്തരം രാജ്യങ്ങൾ ഇന്ത്യയെ വിട്ട് ലാഭകരമായ ലക്ഷ്യങ്ങൾ തേടും.

reciprocal tariff

"അമേരിക്കയിലേക്കുള്ള പ്രധാന ചെമ്മീൻ കയറ്റുമതിക്കാരിൽ ഒന്നായ ഇക്വഡോറിന് 10 ശതമാനം കുറഞ്ഞ തീരുവ ഏർപ്പെടുത്തിയതിനാൽ ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാവുമെന്ന് ചെമ്മിൻ ഉല്പന്ന മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഗുൽറെജ് ആലം ​പറയുന്നു.


ഏപ്രിൽ 9-ന് മുമ്പ് കപ്പലിലോ വിമാനത്തിലോ കഴിയുന്നത്ര ചരക്കുകൾ അയയ്ക്കുക എന്നതിന് മുൻഗണന നൽകുക എന്ന നിർദ്ദേശം കസ്റ്റംസ് തുടങ്ങി ഏജൻസികൾക്ക് നൽകുക മാത്രമാണ് കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ ചെയ്തിട്ടുള്ളത്. ഏപ്രിൽ 10 എന്ന അവസാന അവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മാത്രം.


യുഎസിലേക്കുള്ള ഇന്ത്യയുടെ കാർഷിക കയറ്റുമതി കുറയുകയും യുഎസിൽ നിന്നുള്ള ഇറക്കുമതി വർദ്ധിക്കുകയും അതുവഴി കാർഷിക വ്യാപാര മിച്ചത്തെ ബാധിക്കയും ചെയ്യുമെന്നാണ് ഇന്ത്യൻ കൌൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് വിലയിരുത്തുന്നത്. ഇത് ഉണ്ടാക്കാൻ പോകുന്ന തിരിച്ചടി ചെറുതല്ല.


അരിയിലും പച്ചക്കറിയിലും കർഷക സ്വപ്നങ്ങളിലും


രിയുടെ നിലവിലെ യുഎസ് താരിഫ് 9 ശതമാനമാണ്, 26 ശതമാനമായി വർദ്ധിച്ചാലും ഇന്ത്യ വിയറ്റ്നാമിനും തായ്‌ലൻഡിനുമെതിരെ മത്സരശേഷി നിലനിർത്തുമെന്ന പ്രതീക്ഷയാണ് ചിലർ പ്രകടിപ്പിക്കുന്നത്. ഇത് ആ രാജ്യങ്ങൾക്ക് മേലും ചുമത്തിയിട്ടുള്ള ചുങ്കത്തിലെ വ്യത്യാസം വെച്ചുള്ള പ്രതീക്ഷ മാത്രമാണ്. ഇന്ത്യ പ്രതിവർഷം 250,000 മുതൽ 300,000 ടൺ വരെ അരി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ദീർഘകാലത്തേക്ക് വെല്ലുവിളി തുടരില്ല എന്ന പ്രതീക്ഷ ഉയർത്തുമ്പോഴും കർഷകരെ ഇത് തത്സമയം തിരിച്ചടിക്കും എന്നതാണ് വസ്തുത. അടിസ്ഥാന തലത്തിലുള്ള ഉൽപാദകർക്ക് മേലാവും നികുതി ഭാരം വന്നു വീഴുക എന്ന സാഹചര്യത്താലാണിത്. അമേരിക്കയിലെ ഉപഭോക്താക്കളെയും ഇത് ബാധിക്കാം എന്ന ആശ്വാസ വാക്കുകളാണ് കർഷകർക്ക് ഇതിന് പകരം നൽകുന്നത്.


ചെമ്മീൻ പാടങ്ങളിൽ നിന്നും സുന്ധ വ്യജ്ഞന തോട്ടങ്ങളിൽ നിന്നുമുള്ള ഉല്പന്നങ്ങൾക്ക് ഉണ്ടായിട്ടുള്ള കയറ്റുമതിയിലെ പ്രതിസന്ധി കേരളത്തെ നേരിട്ട് ബാധിക്കുന്നതാവും. കുരുമുളകിന് ബ്രസീൽ 10%, ഏലത്തിന് ഗ്വാട്ടിമാല 10%, ജീരകത്തിന് ഈജിപ്ത് 10%. എന്നിങ്ങനെ മാത്രമാണ് നികുതി വഹിക്കുന്നത്. ഇതിനോട് ഇന്ത്യൻ വിപണിക്ക് വർധിത നികുതി വെച്ച് മത്സരിക്കാനാവില്ല. മഞ്ഞൾ, മുളക് തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇന്ത്യയേക്കാൾ ഉയർന്ന താരിഫ് ബാധകമായ രാജ്യങ്ങളുണ്ട്. അവയിൽ കയറ്റുമതി മേഖലയ്ക്ക് സമാധാനമുണ്ട് എന്ന് പറയുന്നു. ഇത് കർഷകർക്കല്ല കയറ്റുമതിക്കാർക്ക് നൽകുന്ന പ്രതീക്ഷയാണ്.

reciprocal tariff

പുതിയ സാഹചര്യത്തിൽ ഇവയുടെ പ്രവേശനവും എളുപ്പമാകില്ല. സംസ്കരിച്ച ഭക്ഷണം, പഞ്ചസാര, കൊക്കോ ഈ വിഭാഗങ്ങളിലെ ഇന്ത്യൻ കയറ്റുമതി ഏകദേശം 1.03 ബില്യൺ ഡോളറാണ്. ഇതോടൊപ്പം ഡയറി മേഖലയിൽ ക്ലാരിഫൈഡ് ബട്ടർ, കോട്ടേജ് ചീസ് പോലുള്ള ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. ഈ ഉല്പന്നങ്ങളെ എല്ലാം 26 ശതമാനം നികുതി എന്ന കടമ്പ ബാധിക്കും.


ഒരു വഴിയും തെളിയാതെ കേന്ദ്ര സർക്കാർ


ദൽ മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇപ്പോൾ സർക്കാരിന്റെ കയ്യിൽ ഇല്ല. ചില കണക്കു കൂട്ടലുകൾ, പ്രതീക്ഷകൾ മാത്രമാണ്. ദക്ഷിണ കൊറിയ, ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎസ് ഗണ്യമായ അളവിൽ പാലുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങൾ യുഎസ് പാലുൽപ്പന്നങ്ങൾക്ക് പകരത്തിന് പകരമായി എതിർ-താരിഫ് ചുമത്തുകയാണെങ്കിൽ ആ വിപണികളിൽ ഇന്ത്യൻ ഉൽപ്പാദകർക്ക് പുതിയ കയറ്റുമതി അവസരങ്ങൾ തുറക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് താത്കാലിക ആശ്വാസമായി ചൂണ്ടി കാണിക്കുന്നത്.


എന്തുകൊണ്ടാണ് ഇന്ത്യ ഒരു കുല അമേരിക്കൻ ചോളമെങ്കിലും വാങ്ങാത്തത് എന്നാണ് വ്യാപാര നയങ്ങളെ വിമർശിച്ചുകൊണ്ട്, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഉന്നയിച്ച ചോദ്യം. ചോള കൃഷി സമൃദ്ധമായ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ യാഥാർഥ്യങ്ങളെ മനസിലാക്കാതെയുള്ള സമീപനങ്ങളാണ്. എന്നാൽ ഇന്ത്യയെ കുറിച്ചള്ള ഇത്തരം ധാരണകളെയും മുൻവിധികളെയും എവിടെയും തിരുത്തുന്നുമില്ല.


ഇന്ത്യൻ കാർഷിക വിപണിയിലേക്ക് പ്രവേശിക്കുക എന്നത് വർഷങ്ങളായുള്ള അമേരിക്കൻ മോഹമാണ്. പകര ചുങ്കം കാർഷിക  മേഖലകളിലെ നിയന്ത്രണങ്ങളെ കൂടി ദുർബലമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്. ഹോവാർഡ് ലുട്നിക്കിന്റെ വാക്കുകളിലും ഇതുണ്ട്.


ലോകത്തിലെ എട്ടാമത്തെ വലിയ കാർഷികോൽപ്പന്ന കയറ്റുമതിക്കാരെന്ന നിലയിൽ, ലോകമെമ്പാടും ധാന്യങ്ങൾ, പഴങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യധാന്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായി മാറുകയും ചെയ്തു. ഹോർട്ടികൾച്ചർ, കോഴി, മത്സ്യക്കൃഷി എന്നീ മേഖലകളിലും മുന്നേറ്റം ഉണ്ടാക്കി. ദരിദ്ര കർഷകരുടെ ജീവൻ നിലനിർത്തുന്ന ഘടകങ്ങൾ ഇതൊക്കെയാണ്. എന്നിട്ടും കർഷകർ ട്രാക്റ്ററും പണിയായുധങ്ങളുമായി രാജ്യതലസ്ഥാനത്ത് എത്തി തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥയിലാണ്.


ഉപജീവന കർഷകർ പട്ടു പോകുമോ


ൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ, വിപണി പ്രവേശനം എന്നിവയിലാണ് ഇന്ത്യ പിന്നോക്കാവസ്ഥ നേരിടുന്നത്. ഇവിടെ കർഷകർ ശരാശരി ഒരു ഹെക്ടറിൽ താഴെ ഭൂമിയിലാണ് ജോലി ചെയ്യുന്നത്, അതേസമയം അമേരിക്കൻ കർഷകർക്ക് 2020 ൽ 46 ഹെക്ടറിലധികം ഭൂമിയുണ്ടായിരുന്നു. 100 ശതമാനം വരെ സബ്സിഡി നൽകുന്ന ഇൻഷൂറൻസ് സംവിധാനം അവിടെ നിലവിലുണ്ട്.


യു എസിൽ വാണിജ്യ കൃഷി ആയിരിക്കുമ്പോൾ. ഇന്ത്യയിൽ ഇപ്പോഴും ഉപജീവനമാർഗ്ഗം എന്ന നിലയ്ക്കുള്ള കൃഷിയാണ്. ഇന്ത്യയിലെ മൊത്തം സർക്കാർ, സ്വകാര്യ അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്റെ 6% ൽ താഴെ മാത്രമേ കൃഷിക്ക് ലഭിക്കുന്നുള്ളൂ.

അതേ സമയം 700 ദശലക്ഷത്തിലധികം ആളുകളെയാണ് ഇന്ത്യൻ കാർഷിക മേഖല നിലനിർത്തുന്നത്. യുഎസിലെ ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 5.3% ശതമാനമാണ്. യുഎസ് കാർഷിക ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലെ ഇറക്കുമതി നികുതി ശരാശരി 37.7% ആണ്. ഇതാണ് പല കാർഷിക ഉൽപന്നങ്ങളുടെയും അതിജീവനത്തിന്റെ തന്നെ രഹസ്യം. താരിഫ് യുദ്ധത്തിന് വഴങ്ങി ഏറ്റവും ആധുനികമായ സംഘടിത സാങ്കേതിക കൃഷി നടക്കുന്ന ആമേരിക്കയിൽ നിന്നും ഇറക്കുമതിക്ക് ഇളവ് നൽകിയാൽ അത് ഇരട്ടി ദുരന്തമാവും സമ്മാനിക്കുക. കർഷകർക്ക് മേലാവും അത് പതിക്കുക.


ഇപ്പോൾ ഉണ്ടായി വന്നിരിക്കുന്ന അവസരം തട്ടിയെടുക്കക എന്ന അമേരിക്കൻ ലക്ഷ്യത്തെ ഭരണാധികാരികൾ കാണാതെ പോവുകയോ പകര ചുങ്കത്തിന് ഒത്തു തീർപ്പായി ബലികഴിക്കയോ ചെയ്താൽ മണ്ണിൽ അധ്വാനിക്കുന്ന കർഷകരെയാവും അത് ആദ്യം ബാധിക്കുക. കാർഷിക മേഖലയിലെ യുഎസ് കയറ്റുമതി താൽപ്പര്യം കണക്കിലെടുക്കുന്ന ഒരു കരാർ എന്നത് വലിയ ആശങ്കയാണ്. കയറ്റമതിക്കാർക്കും ഇടനിലക്കാർക്കും വൈവിധ്യവൽക്കരണത്തിന് എളുപ്പമുണ്ടാവാം. കർഷകർക്ക് മുഴുവൻ ആഘാതവും നേരിട്ട് ഏറ്റുവാങ്ങേണ്ടി വരും.


“ഇതാണ് വിമോചന ദിനം, ഏറെക്കാലമായി കാത്തിരുന്ന നിമിഷം. അമേരിക്കൻ വ്യവസായം പുനർജനിച്ച ദിവസം, അമേരിക്കയുടെ വിധി തിരിച്ചുപിടിച്ച ദിവസം, അമേരിക്കയെ വീണ്ടും സമ്പന്നമാക്കാൻ തുടങ്ങിയ ദിവസം. ഈ നിലകളിൽ 2025 ഏപ്രിൽ 2 എന്നെന്നും ഓർമ്മിക്കപ്പെടും” എന്നാണ് ട്രംപ് പകര ചുങ്കം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്.


Modi Trump


വ്യാവസായിക ഉൽപ്പന്ന വിഭാഗത്തിൽ, ഫാർമസ്യൂട്ടിക്കൽസ്, ആഭരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെയുള്ള മേഖലകളെ അമേരിക്കൻ തീരുവകൾ ബാധിക്കും. കെമിക്കലുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് 8.6%; പ്ലാസ്റ്റിക്കുകൾക്ക് 5.6%; തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും 1.4%; വജ്രങ്ങൾ, സ്വർണ്ണം, ആഭരണങ്ങൾ എന്നിവയ്ക്ക് 13.3%; ഇരുമ്പ്, ഉരുക്ക്, അടിസ്ഥാന ലോഹങ്ങൾ എന്നിവയ്ക്ക് 2.5%; യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും 5.3%; ഇലക്ട്രോണിക്സിന് 7.2%; ഓട്ടോമൊബൈലുകൾക്കും ഓട്ടോ ഘടകങ്ങൾക്കും 23.1% എന്നിങ്ങനെയാണ് ഇന്ത്യ യു എസ് താരിഫിലെ വിടവ്.


ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ (1.91 ബില്യൺ ഡോളർ കയറ്റുമതി) എന്നിവ തമ്മിൽ 5.72% താരിഫ് വ്യത്യാസമുണ്ട്. സംസ്കരിച്ച ഭക്ഷണം, പഞ്ചസാര, കൊക്കോ എന്നിവയുടെ കയറ്റുമതിയിലും താരിഫ് വിടവ് 24.99% ആണ്. 181.49 മില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയുള്ള പാലുൽപ്പന്നങ്ങളെ 38.23% എന്ന വ്യത്യാസം തീർത്തും തളർത്തും. താരിഫ് വിടവ് കൂടുന്തോറും ഒരു മേഖലയെ കൂടുതൽ മോശമായി ബാധിക്കും എന്നാണ് വിലയിരുത്തൽ.


ആരെ രക്ഷിക്കാനാണ് നിങ്ങൾ മുന്നിട്ടിറങ്ങുക


ന്ത്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച 10 മാസത്തിനിടയിലെ ഏറ്റവും മോശം ഇടിവുകളിൽ ഒന്നിനാണ് സാക്ഷ്യം വഹിച്ചത്.നിക്ഷേപകർക്ക് ഏകദേശം 14 ലക്ഷം കോടി രൂപയുടെ സമ്പത്ത് നഷ്ടപ്പെട്ടു എന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.


നിരവധി ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് പണം നഷ്ടപ്പെട്ടതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു. മുകേഷ് അംബാനിയുടെ ആസ്തി ഒറ്റ സെഷനിൽ 3.6 ബില്യൺ ഡോളർ കുറഞ്ഞ് 87.7 ബില്യൺ ഡോളറിലെത്തി. ഗൗതം അദാനിയുടെ ആസ്തി 3 ബില്യൺ ഡോളർ കുറഞ്ഞ് 57.3 ബില്യൺ ഡോളറായി. സാവിത്രി ജിൻഡാലും കുടുംബവും 2.2 ബില്യൺ ഡോളർ കുറഞ്ഞ് 33.9 ബില്യൺ ഡോളറിലെത്തി. ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യൺ ഡോളർ കുറഞ്ഞ് 30.9 ബില്യൺ ഡോളറിലെത്തി. ഇവരുടെ സമ്മർദ്ദം എന്തായാലും കേന്ദ്ര ഭരണകൂടത്തിന് മേൽ വന്നു വീഴും. അപ്പോൾ കർഷകരെ കൈവിടുമോ എന്നത് നരേന്ദ്ര മോദി സർക്കാരിന്റെ ഇതുവരെയുള്ള സമീപനങ്ങൾ വെച്ച് പ്രവചിക്കുക എളുപ്പമാവില്ല.



deshabhimani section

Related News

View More
0 comments
Sort by

Home