അറിയുക ഈ ക്രെഡിറ്റ് കാര്‍ഡ് വാക്കുകള്‍

ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായ ചില പദങ്ങളാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍, ക്യാഷ് ബാക്ക്, ഫ്രീ ക്രെഡിറ്റ് പീരിയേഡ്, കോ-ബ്രാന്‍ഡഡ് കാര്‍ഡ്, ഫിനാന്‍സ് ചാര്‍ജ്, ലോയല്‍റ്റി പോയിന്റ് തുടങ്ങിയവ. കാര്യക്ഷമമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ഇത് അറിഞ്ഞിരിക്കുന്നത് സഹായിക്കും.
ബാലന്‍സ് ട്രാന്‍സ്ഫര്‍
ഒരു ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് തുക മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് മാറ്റുന്നതിനെയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നു പറയുന്നത്. മിക്ക ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ഈ സൗകര്യം നല്‍കുന്നുണ്ട്. പുതിയ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷാ ഫോറത്തില്‍ നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ടാവും. ഒരു കാര്‍ഡിലെ മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാലന്‍സ് തുക മറ്റൊരു കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പലിശ കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുക ബാങ്ക് നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ അടച്ചുതീര്‍ക്കണം. ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സേവനത്തിന് ബാങ്കുകള്‍ ഫീസ് ഈടാക്കുന്നുണ്ട്.
ക്യാഷ് ബാക്ക്
ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ചില ബാങ്കുകള്‍ തെരഞ്ഞെടുത്ത ചില സ്ഥാപനങ്ങളില്‍നിന്ന് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു തുക തിരികെ നല്‍കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ ക്യാഷ് ബാക്ക് തുക എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റിലെ ബാലന്‍സ് തുക സാധനങ്ങള്‍ വാങ്ങിയ തുകയില്‍നിന്ന് ക്യാഷ് ബാക്ക് തുക കിഴിച്ചശേഷമുള്ള തുകയാകും.
കോ-ബ്രാന്റഡ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ചില ബാങ്കുകള്‍ എയര്‍ലൈന്‍സ്, റീട്ടെയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് കാര്‍ഡുകള്‍ പുറത്തിറക്കാറുണ്ട്. ഈ കാര്‍ഡുകള്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെത്തന്നെ ഉപയോഗിക്കാം. അതേസമയം ഏതു സ്ഥാപനവുമായി സഹകരിച്ചാണോ കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത് ആ സ്ഥാപനത്തിന്റെ സേവനങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ ഡിസ്കൗണ്ടുകള്‍ ലഭിക്കും. എയര്‍ലൈന്‍ കമ്പനികള്‍ ട്രാവല്‍ പോയിന്റുകള്‍ നല്‍കുന്നത് ഉദാഹരണം. ട്രാവല്‍, പെട്രോള്‍ പമ്പുകള്‍, ടെലികോം, റീട്ടെയില്‍, എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ വിവിധ മേഖലകളുകളുമായി ബന്ധപ്പെട്ട കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ ലഭ്യമാണ്. ബാങ്കുകള്‍ കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകളും പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്.
ഫ്രീ ക്രെഡിറ്റ് പീരിയേഡ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ പലിശ നല്‍കേണ്ടതില്ലാത്ത കാലയളവിനെയാണ് ഫ്രീ ക്രെഡിറ്റ് പീരിയേഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ഇത് 52 ദിവസംവരെയാണ്. കാര്‍ഡ് സ്റ്റേറ്റ്മെന്റ് തീയതിക്കുശേഷമുള്ള 52 ദിവസമാണ് ഫ്രീ ക്രെഡിറ്റ് പീരിയേഡ്. കാര്‍ഡ് സ്റ്റേറ്റ്മെന്റ് തീയതിക്കുശേഷം എത്ര ദിവസം കഴിഞ്ഞാണോ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നത് അത്രയും ദിവസം ഫ്രീ ക്രെഡിറ്റ് പീരിയേഡില്‍നിന്ന് ഒഴിവാക്കും. അതായത് കാര്‍ഡ് സ്റ്റേറ്റ്മെന്റ് തീയതിക്കുശേഷം 10 ദിവസം കഴിഞ്ഞാണ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതെങ്കില്‍ ഫ്രീ ക്രെഡിറ്റ് പീരിയേഡ് 42 ദിവസം മാത്രമാകും.
ഫിനാന്‍സ് ചാര്‍ജ്
ഫ്രീ ക്രെഡിറ്റ് കാര്‍ഡ് പീരിയേഡിനുശേഷം കൃത്യദിവസം ബാലന്‍സ് തുക പൂര്‍ണമായും അടച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഈടാക്കുന്ന പലിശയാണ് ഫിനാന്‍സ് ചാര്‍ജ്. ഇങ്ങനെ ഈടാക്കുന്ന പലിശ വാര്‍ഷികാടിസ്ഥാനത്തില്‍ 35-42 ശതമാനമാണ്. ഫിനാന്‍സ് ചാര്‍ജ് നല്‍കിയശേഷം മാത്രമേ തുടര്‍ന്ന് ഫ്രീ ക്രെഡിറ്റ് പീരിയേഡ് അനുവദിക്കൂ.
ലോയല്‍റ്റി പോയിന്റ്സ്
തെരഞ്ഞെടുത്ത വാണിജ്യസ്ഥാപനങ്ങളില്‍നിന്ന് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലോയല്‍റ്റി പോയിന്റ് നല്‍കാറുണ്ട്. പിന്നീട് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ പോയിന്റുകള്‍ ഉപയോഗിച്ച് കിഴിവു നേടാം. ബാങ്കും സ്ഥാപനവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ലോയല്‍റ്റി പോയിന്റ് നല്‍കുന്നത്.









0 comments