റെക്കോർഡ്‌ നേട്ടത്തിൽ ഓഹരി ഇൻഡക്‌സ്... സ്‌റ്റോക്ക്‌ റിവ്യൂ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 10:06 PM | 0 min read

ഓഹരി ഇൻഡക്‌സുകൾ റെക്കോർഡ്‌ നേട്ടത്തിൽ. വിദേശ ഫണ്ടുകൾ വാരാന്ത്യം 14,000 കോടി രൂപയുടെ നിക്ഷേപത്തിന്‌ കാണിച്ച ഉത്സാഹം വരും ദിനങ്ങളിൽ പ്രദേശിക ഇടപാടുകാരിൽ വൻ സ്വാധീനം ചെലുത്താം. അമേരിക്കൻ കേന്ദ്ര ബാങ്ക്‌ പലിശ നിരക്കിൽ വരുത്തിയ ഇളവുകളാണ്‌ വിദേശ ഓപ്പറേറ്റർമാരെ ഇന്ത്യയിൽ നിക്ഷപകരാക്കിയത്‌. സെൻസെക്‌സ്‌ 1653 പോയിൻറ്റും നിഫ്‌റ്റി സൂചിക 434 പോയിൻറ്റും പിന്നിട്ടവാരം ഉയർന്നു.

സെൻസെക്‌സ്‌ 83,000 പോയിൻറ്റിൽ നിന്നും അധികം മുന്നേറാനാവാതെ ആടിയുന്നത്‌ കണ്ട്‌ തുടക്കത്തിൽ ഫണ്ടുകൾ വിൽപ്പനയ്‌ക്ക്‌ കാണിച്ച തിടുക്കത്തിൽ സൂചിക 82,772 ലേയ്‌ക്ക്‌ താഴ്‌ന്നു. ഈ അവസരത്തിൽ പുതിയ ബയ്യിങിന്‌ ഓപ്പറേറ്റർമാർ ഉത്സാഹിച്ചത്‌ പിന്നീട്‌ വിപണിയെ സർവകാല റെക്കോർഡിലേയ്‌ക്ക്‌ ഉയർത്തി. സെൻസെക്‌സ്‌ ഏക്കാലത്തെയും ഉയർന്ന നിലവാരമായ 84,696 പോയിൻറ്‌ വരെ കയറിയ ശേഷം ക്ലോസിങിൽ 84,544 ലാണ്‌. ഈവാരം 85,234 - 85,924 റേഞ്ചിൽ വിപണിക്ക്‌ പ്രതിരോധം നേരിടാം. ഫണ്ടുകൾ ലാഭമെടുപ്പിന്‌ ഇറങ്ങിയാൽ 83,314 - 82,084 ൽ താങ്ങുണ്ട്‌.

നിഫ്‌റ്റി സൂചിക 25,309 ൽ നിന്ന്‌ റെക്കോർഡായ 25,849 പോയിൻറ്‌ വരെ കുതിച്ചു, മാർക്കറ്റ്‌ ക്ലോസിങിൽ 25,790 ലാണ്‌. വിപണിയുടെ പ്രതിദിന ചാർട്ട്‌ ബുള്ളിഷായി നീങ്ങുന്നത്‌ കണക്കിലെടുത്താൽ 25,989 ലെ പ്രതിരോധ മേഖല വരെ ചുവടുവെക്കാം. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിന്‌ രംഗത്ത്‌ ഇറങ്ങിയാൽ 25,449 - 25,109 പോയിൻറ്റിൽ താങ്ങ്‌ പ്രതീക്ഷിക്കാം.

വ്യാഴാഴ്‌ച്ച ഡെറിവേറ്റീവ്‌ മാർക്കറ്റിൽ സെറ്റിൽമെൻറ്റ്‌ നടക്കുന്നതിനാൽ അതിന്‌ മുന്നോടിയായി വൻ ചാഞ്ചാട്ട സാധ്യത. നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ് ബുള്ളിഷാണ്‌, വാരാന്ത്യം 25,767 ലാണ്‌. വിപണിയിലെ ഓപ്പൺ ഇൻറ്റസ്‌റ്റ്‌ തൊട്ട്‌ മുൻവാരത്തിൽ 164 ലക്ഷം കരാറുകളിൽ നിന്നും 182 ലക്ഷമായി ഉയർന്നത്‌ ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം വ്യക്തമാക്കുന്നു.

മുൻ നിര ഓഹരിയായ എം ആൻറ്‌ എം, ഐ സി ഐ സി ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, എസ്‌ ബി ഐ, ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, മാരുതി, എൽ ആൻറ്‌ റ്റി, ആർ ഐ എൽ, എയർ ടെൽ, സൺ ഫാർമ്മ, ഹിൻഡാൽക്കോ, ഐ റ്റി സി ഓഹരികളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപ മികവിലാണ്‌. മൂല്യം 83.90 ൽ നിന്നും 83.46 ലേയ്‌ക്ക്‌ കരുത്ത്‌ കാണിച്ച ശേഷം വാരാന്ത്യം 83.55 ലാണ്‌. രൂപ ശക്തിപ്രാപിച്ചാൽ 83.16 ലേയ്‌ക്ക്‌ നീങ്ങും, മാസാവസാനമായതിനാൽ എണ്ണ ഇറക്കുമതിക്കാർ ഡോളർ ശേഖരിക്കാൻ രംഗത്ത്‌ എത്തിയാൽ മൂല്യം 83.80 ലേയ്‌ക്ക്‌ ദുർബലമാകാം.

വിദേശ ഫണ്ടുകൾ 15,700 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനാപ്പം 4182 കോടി രൂപയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3793 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനൊപ്പം 4427 കോടി രൂപയുടെ വിറ്റുമാറി. ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ കുറവ്‌ പ്രഖ്യാപിച്ചു തുടങ്ങി. അമേരിക്ക 2020 ന്‌ ശേഷം ആദ്യമായി പലിശ നിരക്ക്‌ 50 ബേസീസ്‌ പോയിൻറ്‌ കുറച്ചു.   പുതിയ സാഹചര്യത്തിൽ അമേരിക്കയുടെ പാദ പിൻതുടർന്ന്‌ ഇ​​​ന്ത്യയും പ​​​ലി​​​ശ നിരക്ക്‌ കു​​​റ​​​യ്ക്കാ​​​ൻ ഇടയുണ്ട്‌. ഒ​​​ക്ടോ​​​ബ​​​റി​​​ൽ ദീപാവലിക്ക്‌ മുന്നേ തന്നെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശയിൽ ഭേദഗതികൾ  പ്രഖ്യാപിക്കാം.

സ്വർണം ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലോസിങിൽ. ട്രോയ്‌ ഔൺസിന്‌ 2590 ഡോളറിൽ നിന്നും 2546 ഡോളറിലേയ്‌ക്ക്‌ താഴ്‌ന്ന അവസരത്തിലാണ്‌ അമേരിക്ക പലിശ കുറച്ച വിവരം പുറത്തുവന്നത്‌. ഇതോടെ സ്വർണ വില 2600 ഡോളറിലെ പ്രതിരോധം തകർത്ത്‌ 2626 വരെ ഉയർന്നു, വാരാന്ത്യം നിരക്ക്‌ 2621 ഡോളറിലാണ്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home