എട്ടാം വാരവും തളർച്ച അറിയാതെ ഓഹരി വിപണി... സ്‌റ്റോക്ക്‌ റിവ്യൂ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 10:59 PM | 0 min read

ആഭ്യന്തര ഫണ്ടുകൾ ബ്ലൂചിപ്പ്‌ ഓഹരികളിൽ കാണിച്ച ഉത്സാഹം നിഫ്‌റ്റി സൂചികയെ 25,000 ലേയ്‌ക്ക്‌ അടുപ്പിക്കുന്നു. ഇൻഡക്‌സ്‌ നിർണായക കടമ്പ ഈ വാരം മറികടക്കുമെന്ന പ്രതീക്ഷയിലാണ്‌ ഓഹരി നിഷേപകർ. പിന്നിട്ടവാരം നിഫ്‌റ്റി 303 പോയിന്റും സെൻസെക്‌സ്‌ 728 പോയിന്റും ഉയർന്നു. ഇന്ത്യൻ വിപണി തുടർച്ചയായ എട്ടാം വാരമാണ്‌ തളർച്ച അറിയാതെ കുതിക്കുന്നത്‌. ഈ കാലയളവിൽ ബിഎസ്‌ഇ 7368 പോയിന്റും എൻഎസ്‌ഇ 2300 പോയിന്റും വർദ്ധിച്ചു. ആറ്‌ വർഷത്തെ ചരിത്രത്തിൽ ഇത്തരം ഒരു റാലി ആദ്യം.

നിഫ്‌റ്റി തൊട്ട്‌ മുൻവാരത്തിലെ 24,530 ൽ നിന്നും 24,144 ലേയ്‌ക്ക്‌ ബജറ്റ്‌ വേളയിൽ ഇടിഞ്ഞു. സൂചികയിലെ തകർച്ച അവസരമാക്കി ബുൾ ഓപ്പറേറ്റർമാർ താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക്‌ മത്സരിച്ചത്‌ തുടർന്നുള്ള ദിവസങ്ങളിൽ കുതിപ്പിന്‌ അവസരം ഒരുക്കിയതോടെ വാരാന്ത്യം റെക്കോർഡായ 24,861.15 വരെ മുന്നേറിയ ശേഷം ക്ലോസിങിൽ 24,834 പോയിന്റിലാണ്‌. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 24,365 ൽ സപ്പോർട്ട്‌ നിലനിർത്തി 25,082 ലേയ്‌ക്കും ആഗസ്‌റ്റിൽ 25,330 പോയിന്റിലേയ്‌ക്കും വിപണി മുന്നേറാം. നിഫ്‌റ്റി ഫ്യൂച്വർ ആഗസ്‌റ്റ്‌ സീരീസ്‌ 24,657 ൽ നിന്നും 24,939 ലേയ്‌ക്ക്‌ കയറിയ ശേഷം ക്ലോസിങിൽ 24,915 ലാണ്‌. വാങ്ങൽ താൽപര്യത്തിൽ ഓപ്പൺ ഇൻട്രസ്‌റ്റ്‌ 142.64 ലക്ഷം കരാറുകളായി ഉയർന്നു. നിക്ഷേപ താൽപര്യം വിലയിരുത്തിയാൽ 25,100 - 25,280 നെ ലക്ഷ്യമാക്കി മുന്നേറാം.

സെൻസെക്‌സ്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാരാന്ത്യ ക്ലോസിങിലാണ്‌. ബജറ്റിന്‌ തിളക്കം മങ്ങിയത്‌ മൂലം 80,604 ൽ നിന്നും 79,393 ലേയ്‌ക്ക്‌ ഇടിഞ്ഞ സൂചിക പിന്നീട്‌ 81,427 ലേയ്‌ക്ക്‌ കയറിയെങ്കിലും ക്ലോസിങിൽ 81,332 പോയിന്റിലാണ്‌. ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക്‌ തുടങ്ങിയവ ബുള്ളിഷ്‌ സിഗ്‌നൽ നിലനിർത്തുന്നതിനാൽ ഈ വാരം ആദ്യപ്രതിരോധം 82,041 മേഖലയിൽ പ്രതീക്ഷിക്കാം, ഇത്‌ മറികടന്നാൽ ആഗസ്തിൽ സെൻസെക്‌സ്‌ 82,751 നെ ലക്ഷ്യമാക്കാം. ഉയർന്ന തലത്തിലെ ലാഭമെടുപ്പ്‌ വിൽപ്പന സമ്മർദ്ദമായി മാറിയാൽ 80,000 റേഞ്ചിൽ താങ്ങ്‌ പ്രതീക്ഷിക്കാം.

മുൻ നിര ഓട്ടോ ഓഹരിയായ ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻഡ് എം മുന്നേറി. ഇൻഫോസിസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌ സി എൽ ടെക്‌, റ്റിസിഎസ്‌, എയർ ടെൽ, ടാറ്റാ സ്‌റ്റീൽ, എൽ ആൻഡ് റ്റി, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌ ഓഹരി വിലകളും ഉയർന്നു. എച്ച്‌ യു എൽ, എസ്‌ ബി ഐ, ഐ സി ഐ സി ഐ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌ ഓഹരികൾക്ക്‌ തളർച്ച. രൂപയുടെ മൂല്യം 83.69 ൽ നിന്നും 83.90 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം പഴയ നിലവാരമായ 83.69 ലാണ്‌. രൂപയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 84 ലേയ്‌ക്ക്‌ ദുർബലമാകാൻ സാധ്യത. മാസാന്ത്യമായതിനാൽ എണ്ണ കമ്പനികളും ഫണ്ടുകളും ഡോളറിനായി രംഗത്ത്‌ ഇറങ്ങിയാൽ രൂപ പ്രതിസന്ധിയിൽ അകപ്പെടും. കരുത്ത്‌ നേടാൻ ശ്രമിച്ചാൽ 83.60 ൽ തടസമുണ്ട്‌. ആഭ്യന്തര ഫണ്ടുകൾ നാല്‌ ദിവസങ്ങളിലായി മൊത്തം 9760 കോടി രൂപ നിക്ഷേപിച്ചു. ഒരു ദിവസം അവർ 1652 കോടി രൂപയുടെ ബാധ്യതകൾ വിറ്റുമാറി. വിദേശ ഓപ്പറേറ്റർമാർ 5990 കോടി രൂപയുടെ വാങ്ങലും 10,710 കോടി രൂപയുടെ വിൽപ്പനയും നടത്തി.

ന്യൂയോർക്കിൽ സ്വർണം ട്രോയ്‌ ഔൺസിന്‌ 2400 ഡോളറിൽ നിന്നും 2432 ലേയ്‌ക്ക്‌ ഉയർന്ന അവസരത്തിൽ വിൽപ്പനക്കാർ രംഗത്ത്‌ പിടിമുറുക്കി. ഇതോടെ 2351 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞ മഞ്ഞലോഹം മാർക്കറ്റ്‌ ക്ലോസിങിൽ 2386 ഡോളറിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home