വികസനത്തിന്റെ തലസ്ഥാനം

പാർപ്പിട വിൽപ്പനയിലും നിക്ഷേപത്തിലും തിരുവനന്തപുരം മുന്നിലെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി

trivandrum

ഫോട്ടോ: എ ആർ അരുൺരാജ്

വെബ് ഡെസ്ക്

Published on Sep 27, 2025, 06:46 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രോപ്പർട്ടി (ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള പാർപ്പിടങ്ങൾ) രജിസ്ട്രേഷൻ കണക്കുകളുടെ എണ്ണത്തിൽ തലസ്ഥാനമായ തിരുവനന്തപുരം മുന്നിട്ടു നിൽക്കുന്നതായി റിപ്പോർട്ട്. സമീപകാല രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം മുന്നിട്ടുനിൽക്കുന്നതായാണ് കണക്കുകൾ. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2024ൽ ഏറ്റവും കൂടുതൽ റസിഡൻഷ്യൽ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്. 2025ലും ഈ സ്ഥിതി തുടർന്നു. അടിസ്ഥാന സൗകര്യ വളർച്ച, പുതിയ സാമ്പത്തിക ചാലകശക്തികൾ, നിക്ഷേപക താൽപ്പര്യം എന്നിവ തിരുവനന്തപുരത്ത് വർധിച്ചതിന്റെ ഫലമാണ് ഇതെന്നാണ് വിദ​ഗ്ധർ പറയുന്നത്.


താമസസ്ഥലങ്ങളും വീടുകളും തിരുവനന്തപുരത്ത് വാങ്ങാൻ ജനങ്ങൾ കൂടുതലായി താൽപര്യം പ്രകടിപ്പിക്കുന്നതാണ് ഒരു പ്രധാന കാരണം. വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികൾ കൂടുതലും തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാനാണ് താൽപ്പര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ വസ്തുക്കച്ചവടത്തിന്റെ മൂന്നിലൊന്ന് ഭാഗവും - പ്രത്യേകിച്ച് ഒരു കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള ആഡംബര അപ്പാർട്ടുമെന്റുകളിലും വില്ല പ്രോജക്ടുകളിലും - എൻ‌ആർ‌ഐകളാണെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നു.


പ്രീമിയം വിഭാഗത്തിൽ മാത്രമല്ല ഡിമാൻഡ് ഉയരുന്നത്. ടെക്നോപാർക്കുമായും മറ്റ് ഐടി സേവന മേഖലയുമായും ബന്ധപ്പെട്ട പ്രൊഫഷണലുകളിലൂടെ ഇടത്തരം വിലയുള്ള അപ്പാർട്ടുമെന്റുകളും പ്ലോട്ടുകളും കൂടുതലായി വിൽക്കപ്പെടുന്നു. വസ്തുവിന്റെ മൂല്യം പ്രതിവർഷം 8 മുതൽ 12 ശതമാനം വരെ വർദ്ധിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്നു.


വാടക വീടുകളുടെ എണ്ണത്തിലും കാര്യമായ വരുമാന വർധനവുണ്ട്. കഴക്കൂട്ടം, ശ്രീകാര്യം, ഉള്ളൂർ തുടങ്ങിയ പ്രധാന തൊഴിൽ മേഖലകളിൽ വാടക വീടുകളുടെ എണ്ണവും അതിൽ നിന്നുള്ള വരുമാനവും കൂടുതലാണെന്നു പറയാം (2 BHK അപ്പാർട്ടുമെന്റുകൾക്ക് പ്രതിമാസം 20,000 മുതൽ 30,000 വരെ). വാടകയിൽ നിന്നുള്ള വരുമാനം സാധാരണയായി 3 മുതൽ 5 ശതമാനം വരെ ന​ഗരത്തിൽ വർദ്ധിക്കുന്നുണ്ട്. ആഗോള മാനദണ്ഡങ്ങൾ പ്രകാരം ഇത് അസാധാരണമല്ലെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ ഇത് മികച്ചതായാണ് സാമ്പത്തിക വിദ​ഗ്ധർ കണക്കാക്കുന്നത്.


ടെക്നോപാർക്കിന്റെ നാലാം ഘട്ട വിപുലീകരണം ഐടി ജോലികളും റീട്ടെയിൽ മുതൽ ഹോസ്പിറ്റാലിറ്റി വരെയുള്ള അനുബന്ധ ബിസിനസുകളും വർധിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആധുനികവൽക്കരണം, കോർപ്പറേഷനിലെ സ്മാർട്ട് റോഡുകളുടെ വികസനം, ദേശീയപാത, പുതിയ ഗ്യാസ് വിതരണ ശൃംഖലകൾ എന്നിവ നഗരത്തിന്റെ താമസയോഗ്യത വർദ്ധിപ്പിച്ചു.


NH66ലും നഗരത്തിന്റെ പ്രധാന റോഡുകളിലും ഉണ്ടായ കണക്റ്റിവിറ്റി മെച്ചപ്പെടുത്തലുകളും ഒരുകാലത്ത് പ്രാധാന്യമില്ലാതെയിരുന്ന സ്ഥലങ്ങളെ മികച്ച റിയൽ എസ്റ്റേറ്റ് മേഖലകളാക്കി മാറ്റി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തരിശുഭൂമിയായിരുന്ന പല പ്ര​ദേശങ്ങളിലും അപ്പാർട്ടുമെന്റുകളും ഓഫീസ് സമുച്ചയങ്ങളും വ്യാപകമായി.


വിദേശത്തു നിന്നുള്ള നിക്ഷേേപകർക്ക് വൈകാരിക അടുപ്പവും സാമ്പത്തിക യുക്തിയും സമന്വയിപ്പിക്കുന്ന ഒരു സുരക്ഷിതത്വബോധം തിരുവനന്തപുരം പ്രദാനം ചെയ്യുന്നു. റിയൽ എസ്റ്റേറ്റ് റെ​ഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങൾക്ക് കീഴിലുള്ള സുതാര്യത, താരതമ്യേന കുറഞ്ഞ ചെലവ്, പ്രത്യക്ഷത്തിൽ വ്യക്തമാകുന്ന അടിസ്ഥാന സൗകര്യ നവീകരണം എന്നിവയും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നു.


തൽസ്ഥിതി തുടരുകയാണെങ്കിൽ, അടുത്ത കുറച്ച് വർഷങ്ങളിൽ 10 മുതൽ 15 ശതമാനം വളർച്ച പ്രോപ്പർട്ടി വിപണിയിൽ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഐടി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ ഒഴുക്ക് വർധിക്കുന്നതും വളർച്ചയെ ത്വരിതപ്പെടുത്തും. ഐടി, കണക്റ്റിവിറ്റി, നഗരവികസനം എന്നിവയാണ് റിയൽ എസ്റ്റേറ്റ് കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണമെന്നാലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂർത്തീകരണവും ഇതിന് ഉത്തേജനം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമെന്ന നിലയിൽ, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് കമ്പനികളിൽ നിന്ന് വിഴിഞ്ഞം ആഗോള ശ്രദ്ധ നേടി. തുറമുഖത്തിന്റെ കമീഷനിങ്ങിന് ശേഷം ഭൂമിയുടെ വില വർധിച്ചത് ഇതിനുദാഹരണമാണ്.


ശാന്തമായ ഭരണ തലസ്ഥാനം എന്നതിൽ നിന്ന് വളർച്ചാനിരക്കിൽ മുൻപന്തിയിലുള്ള നഗരമായി തിരുവനന്തപുരം മാറുന്നത് സംസ്ഥാനത്തിന്റെ മുഴുവൻ സമ്പ​ദ് വ്യവസ്ഥയിലും പ്രതിഫലിക്കുമെന്നാണ് വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ന​ഗരത്തിലെ വികസനങ്ങളുടെ ദീർഘകാല സാധ്യതകളും നിക്ഷേപകരം​ഗത്ത് ചർച്ചയാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home