കംചത്കയിൽ സംഭവിക്കുന്നത്

ഡോ. കുശല രാജേന്ദ്രൻ
Published on Aug 04, 2025, 01:15 PM | 3 min read
കഴിഞ്ഞ ആഴ്‌ച റഷ്യയിലെ കംചത്കയിലുണ്ടായ അതിതീവ്ര ഭൂകമ്പം വലിയ ഭീതിയാണ് വിതച്ചത്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് സുനാമിയും ഉണ്ടായി. ക്ല്യൂചെവ്സ്കോയ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. തൊണ്ണൂറിലധികം തുടർചലനങ്ങളും പിന്നീടുണ്ടായി. ഈ ഭൂകമ്പത്തിനു പിന്നിലുള്ള കാരണങ്ങൾ എന്താണ്. സങ്കീർണമായ ഭൗമപ്രതിഭാസങ്ങളുള്ള ഈ മേഖലയെപ്പറ്റി പ്രശസ്‌ത ഭൗമശാസ്‌ത്ര ഗവേഷകയും ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ റിട്ട. പ്രൊഫസറുമായ ഡോ. കുശല രാജേന്ദ്രൻ എഴുതുന്നു
ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ പത്ത് ഭൂകമ്പത്തിൽ ഒന്നായിരുന്നു ജൂലൈ 29-ന് റഷ്യയിലെ കംചത്ക (Kamchatka) ഉപദ്വീപിലുണ്ടായത്. 8.8 തീവ്രതയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് സുനാമിയും ഉണ്ടായി. ഉപരിതലത്തിൽനിന്ന് 20 കിലോമീറ്ററിൽ താഴെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാൻ, യുഎസ് കാലാവസ്ഥാ വകുപ്പുകൾ ജാഗ്രാതാ നിർദേശവും നൽകി. കംചത്ക ഉപദ്വീപിൽ ഭൂകമ്പത്തിനു പിന്നാലെ നാല് മീറ്റർവരെ തിരമാലകൾ ഉയർന്നു. ഹവായിയിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ദ്വീപ് സുരക്ഷിതമായിരുന്നു. ഭൂകമ്പമേഖലയ്ക്കടുത്ത് ചില കെട്ടിടങ്ങൾ തകർന്നെങ്കിലും ആളപായം ഉണ്ടായില്ല. ജനവാസകേന്ദ്രങ്ങളും ജനസഖ്യയും കുറവായതും അപകടതീവ്രത കുറച്ചു.
1952-ൽ തീവ്രത 9.0 രേഖപ്പെടുത്തിയതാണ് മുമ്പ് നടന്നിട്ടുള്ള ഇവിടത്തെ ഏറ്റവും വലിയ ഭൂകമ്പം. ആ ഭൂചലനം സൃഷ്ടിച്ച സുനാമി, ഹവായി ദ്വീപുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇക്കുറി സുനാമി ഈ പ്രദേശങ്ങളെ കാര്യമായി ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 2011-ൽ ജപ്പാനിലെ തോഹോക്കിയിൽ ഉണ്ടായ 9.1 തീവ്രതയുള്ള ഭൂകമ്പത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയതാണ് കംചത്കയിലേത്. 1900-ന് ശേഷം ആഗോളതലത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ പത്ത് ഭൂകമ്പത്തിൽ ഒന്നും. അപ്രതീക്ഷിതമോ അഭൂതപൂർവമോ ആയിരുന്നില്ല ഈ ഭൂകമ്പം. പത്തു ദിവസംമുമ്പുതന്നെ കംചത്ക ഉപദ്വീപിനോടുചേർന്ന സമുദ്രപ്രദേശങ്ങളിൽ, വരാനിരിക്കുന്ന വിപത്തിന്റെ സൂചനയെന്നോണം 5.0-ൽ കൂടുതൽ തീവ്രതയുള്ള 50 ഭൂകമ്പം ഉണ്ടായി. ഈ പരമ്പരയിൽ ജൂലൈ 20-ന് നടന്ന 7.4 തീവ്രതയുള്ള ഒരു ഭൂകമ്പവും ഉൾപ്പെട്ടിരുന്നു. ഈ ചലനങ്ങളെല്ലാം രേഖപ്പെടുത്തിയതിനാലാണ് മുന്നറിയിപ്പുകളും മുൻകരുതലുകളും സാധ്യമായത്.

സജീവ ഭൂകമ്പ മേഖല
കംചത്ക കിടങ്ങ് ഒരു സജീവ ഭൂകമ്പ മേഖലയാണ്. ഭൂകമ്പങ്ങൾക്കും അഗ്നിപർവത സ്ഫോടനങ്ങൾക്കും സുനാമികൾക്കുമൊക്കെ പേരുകേട്ട പ്രദേശം. അവിടെ പസഫിക് ഫലകം ഒരു വർഷത്തിൽ ഏതാണ്ട് 8.0 സെന്റിമീറ്റർ എന്ന നിരക്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. പസഫിക് ഫലകം വടക്കേ അമേരിക്ക ഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായി ഉണ്ടായ കുരിൽ-കംചത്ക കിടങ്ങാണ് ഇവിടത്തെ ഭൗമപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഈ കിടങ്ങിന്റെ അതിരിലൂടെ സാന്ദ്രതകൂടിയ പസഫിക് ഫലകം വടക്കേ അമേരിക്കൻ ഫലകത്തിനു കീഴേക്കു തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊരിടത്തും കാണാത്തത്ര വേഗത്തിലാണ് ഇവിടെ ഭൂവൽക്കപാളികൾ നീങ്ങുന്നത്. പസഫിക് സമുദ്രത്തിന് കീഴിലുള്ള ടെക്റ്റോണിക് പ്ലേറ്റുകളുടെ നിരന്തരമായ ചലനത്തിന്റെയും കൂട്ടിയിടിയുടെയും ഫലമായാണ് ഇവിടെ ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും കൂടുതലായി ഉണ്ടാകുന്നത്.

സെയ്സ്മിക് ഗാപ് തിയറി
കംചത്ക ഉപദ്വീപിനോടടുത്ത പ്രദേശത്ത് 1990 മുതൽ 5-ൽ കൂടുതൽ തീവ്രതയുള്ള എഴുനൂറോളം ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ജൂലൈ 29-ലെ പ്രഭവകേന്ദ്രത്തിന് 150 കിലോമീറ്റർ വടക്കുഭാഗത്ത് 1923-ൽ, 8.4 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടായി. 1952-ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെയും ഇപ്പോഴത്തെയും പ്രഭവകേന്ദ്രങ്ങൾ തമ്മിലുള്ള അകലം 30 കിലോമീറ്ററിൽ താഴെയാണ്. 2025-ലെ ഭൂകമ്പം 1923,1953 ഭൂകമ്പങ്ങൾക്കിടയിലുള്ള വിടവ് നികത്തി. ഭൂവൽക്കപാളികൾ സ്ഥിരമായി ഉരസിക്കൊണ്ടിരിക്കുന്ന ഭൂകമ്പ സാധ്യതാ പ്രദേശങ്ങളിൽ ഇത്തരം വിടവുകൾ ഭാവി ഭൂകമ്പ സ്രോതസ്സുകളായി കരുതുന്ന സിദ്ധാന്തം ( Seismic Gap Theory) ശരി വയ്ക്കുന്നതാണ് ജൂലൈ 29-ലെ ഭൂകമ്പം.
റിങ് ഓഫ് ഫയർ
ഭൂമിശാസ്ത്രപരമായി ഏറ്റവും സജീവമായ ‘റിങ് ഓഫ് ഫയർ’മേഖലയിലാണ് കംചത്ക ഉപദ്വീപ്. പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളുടെ സൃഷ്ടിയാണ് പസഫിക് റിങ് ഓഫ് ഫയർ. ടെക്റ്റോണിക്സ് സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ മേൽക്കവചങ്ങളായ ഏകദേശം 100 കിലോമീറ്റർ കട്ടിയുള്ള ടെക്റ്റോണിക് പ്ലേറ്റുകൾ (ഫലകങ്ങൾ) നിരന്തരമായ ചലനത്തിലാണ്. പ്ലേറ്റുകളുടെ ചലനം ഭൂമിയുടെ ആന്തരികതാപത്താൽ നയിക്കപ്പെടുന്നതുകൊണ്ട് അവ തമ്മിലുള്ള ഇടപെടലുകൾ വ്യത്യസ്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഒരു സമുദ്രപ്ലേറ്റ് ഒരു ഭൂഖണ്ഡ പ്ലേറ്റുമായി ഉരസുന്നിടത്ത് സമ്മർദം വർധിക്കുമ്പോൾ കൂടുതൽ സാന്ദ്രമായ സമുദ്ര പ്ലേറ്റ് താഴേക്ക് തെന്നിമാറുന്നു. ഇത്തരത്തിൽ രൂപപ്പെടുന്ന സബ്ഡക്‌ഷൻ മേഖലകൾ ഭൂകമ്പങ്ങളുടെയും അഗ്നിപർവതങ്ങളുടെയും സുനാമിയുടെയും ഉറവിടമായി മാറുന്നു.

ഒരു സമുദ്രഫലകം ഒരു ഭൂഖണ്ഡ ഫലകവുമായി കൂട്ടിയിടിക്കുന്നിടത്ത്, സാന്ദ്രമായ സമുദ്രഫലകം താഴേക്ക് നീങ്ങുകയും സബ്ഡക്‌ഷൻ സോണുകൾ അഥവാ കിടങ്ങുകൾ രൂപപ്പെടുകയും ചെയ്യുന്നു. മറിച്ച്, രണ്ടു ഭൂഖണ്ഡ പ്ലേറ്റുകളാണ് ഏറ്റുമുട്ടുന്നതെങ്കിൽ, ഒന്ന് മറ്റൊന്നിനുമുകളിലേക്ക് ഇടിച്ചുകയറുന്നു. ഹിമാലയം പോലുള്ള പർവതങ്ങളുണ്ടാകുന്നത് അങ്ങനെയാണ്. സബ്ഡക്‌ഷൻ സോണുകളിലൂടെ താഴേക്ക് പതിക്കുന്ന ഫലകപാളികൾ ഏതാണ്ട് 700-– -800 കിലോമീറ്റർ ആഴത്തിൽവരെ എത്താറുണ്ട്. അത്രയും ആഴത്തിൽ ഭൂകമ്പങ്ങളും ഉണ്ടാകാറുണ്ട്.
പസഫിക് സമുദ്രത്തെ ചുറ്റുന്ന "റിങ് ഓഫ് ഫയർ' എന്ന വലയമാണ് കംചത്ക പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. 40,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ വലയം യുഎസ്, കാനഡ, ചിലി, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ പതിനഞ്ചിലധികം രാജ്യങ്ങളുടെ തീരങ്ങളെ സ്പർശിക്കുന്നു. പതിവായി ഭൂകമ്പങ്ങൾ, അഗ്നിപർവത സ്ഫോടനങ്ങൾ, സുനാമികൾ എന്നിവ സംഭവിക്കുന്ന മേഖലയാണിത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ഈ പ്രദേശത്ത് ഏകദേശം 452 അഗ്നിപർവതങ്ങളുണ്ട്. തീവ്രത 9 കടന്ന ചിലി (1960), അലാസ്ക (1964), ഇന്തോനേഷ്യ(2004), ജപ്പാൻ (2011) ഭീമൻ ഭൂകമ്പങ്ങളെല്ലാം റിങ് ഓഫ് ഫയറിൽ ഉൽഭവിച്ചതാണ്.








0 comments