പാതയോരത്തെ പൈക്കളെക്കൊല്ലി

cattle
avatar
ഡോ. എം മുഹമ്മദ് ആസിഫ്

Published on Feb 09, 2025, 02:33 AM | 2 min read


കന്നുകാലികൾ ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധയേറ്റ് ചാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത്‌ സമീപകാലത്ത്‌ പതിവാകുന്നുണ്ട്‌. കടുംപച്ച നിറത്തിലുള്ള മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങളുമായി മരത്തണലിലും പാതയോരങ്ങളിലും വഴിവക്കിലുമെല്ലാം പൂത്തുനിൽക്കുന്ന ബ്ലൂമിയ ചെടികൾ വേനൽക്കാലത്തെ പതിവുകാഴ്ചയാണ്. ആസ്റ്ററേസിയ സസ്യകുടുംബത്തിൽപ്പെട്ട കുറ്റിച്ചെടികളിൽ ഒന്നാണിത്. ബ്ലൂമിയ ലെവിസ്, വൈറൻസ്, ലസീറ, ബർബാറ്റ, ക്ലാർക്കി തുടങ്ങിയ നിരവധി ഉപ ഇനങ്ങൾ ഈ സസ്യകുടുംബത്തിൽ ഉണ്ട്. സംസ്ഥാനത്ത് ബ്ലൂമിയയുടെ വർധിച്ച സാന്നിധ്യം കേരള വനഗവേഷണ സ്ഥാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്ലൂമിയ സസ്യകുടുംബത്തിൽപ്പെട്ട പതിനാറോളം ഇനം ചെടികൾ കേരളത്തിലുണ്ട്‌. ഇതിൽ ബ്ലൂമിയ വൈറൻസ്, ലെവിസ്, ലസീറ, ആക്സിലാരിസ്, ബലൻജെറിയാന, ഓക്സിയോഡോണ്ട തുടങ്ങിയ ഇനങ്ങളാണ് വ്യാപകമായുള്ളത്‌. കുക്കുറച്ചെടി, രാക്കില എന്നൊക്കെ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ ലസീറ ചെടികൾ. ഒരു മീറ്റർമുതൽ ഒന്നര മീറ്റർവരെ ഉയരത്തിൽ വളരാൻ ചെടികൾക്ക് ശേഷിയുണ്ട്.


ജീവനെടുക്കും ചെടി

പൂത്തുനിൽക്കുന്ന ബ്ലൂമിയ ചെടികൾ അധിക അളവിൽ കഴിക്കുന്നത് വഴിയാണ് പശുക്കളിലും ആടുകളിലും വിഷബാധയേൽക്കുന്നത്. തീറ്റയെടുക്കാതിരിക്കൽ, ഉദരസ്തംഭനം, പശുക്കളുടെ ശരീരതാപനില സാധാരണനിലയിൽനിന്ന്‌ വളരെയധികം താഴൽ, നിർജലീകരണം, നിൽക്കാനും നടക്കാനുമുള്ള പ്രയാസം, വായിൽനിന്ന്‌ നുരയും പതയുമൊലിക്കൽ, മൂക്കിൽനിന്നും ഗുദദ്വാരത്തിൽനിന്നും രക്തസ്രാവം, ശരീരവിറയൽ, മറിഞ്ഞുവീണ് കൈകാലുകൾ നിലത്തിട്ടടിക്കൽ ഇവയെല്ലാമാണ് ബ്ലൂമിയ വിഷബാധയുടെ പ്രധാനലക്ഷണങ്ങൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ ചത്തുപോകാനുള്ള സാധ്യതയേറെയാണ്. തീവ്ര വിഷബാധയിൽ ലക്ഷണങ്ങൾ പ്രകടമാവുന്നതിനുമുമ്പ്‌ തന്നെ പശുക്കൾ ചാകാനും സാധ്യതയുണ്ട്. കരൾ, ഹൃദയം, അന്നനാളം, ആമാശയ-കുടൽ ഭിത്തികൾ തുടങ്ങിയവയിലെ രക്തസ്രാവം, ഉദരസ്തംഭനം എന്നിവയെല്ലാം ബ്ലൂമിയ വിഷബാധയേറ്റ് ചത്ത പശുക്കളുടെ ജഡപരിശോധനയിൽ കാണാനായി. ബ്ലൂമിയ ചെടികൾ പൂക്കുന്ന ഡിസംബർ–-- ജൂൺ കാലയളവിലാണ് സംസ്ഥാനത്ത് വിഷബാധ വ്യാപകമായി കണ്ടുവരുന്നത്. പൊതുവെ പച്ചപ്പുല്ലിനും പച്ചിലകൾക്കും ക്ഷാമമുണ്ടാവുന്ന ഈ കാലത്ത് പാതയോരങ്ങളിൽ സമൃദ്ധമായി പൂത്ത് നിൽക്കുന്ന ബ്ലൂമിയ പശുക്കൾ തീറ്റയാക്കാനും കർഷകർ പശുക്കൾക്ക് അവ വെട്ടി നൽകാനും സാധ്യതയേറെയാണ്.


നിഗൂഢ വിഷം

ബ്ലൂമിയ ചെടികൾ വിഷബാധയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വിഷബാധയ്ക്ക് ഇടയാക്കുന്ന രാസഘടകമേതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ചെടിയിൽ ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫ്ളാവനോയിഡുകൾ, സാപോണിൻ, സ്റ്റിറോയിഡുകൾ, ഡൈടെർപ്പനോയ്ഡുകൾ, ട്രൈടെർപ്പനോയ്ഡുകൾ, ടാനിൻ തുടങ്ങിയ രാസഘടകങ്ങളാണ് പ്രധാനമായും കാണുന്നത്. സസ്യത്തിൽ ഉയർന്ന അളവിൽ കാണുന്ന രാസഘടകമായ ആൽക്കലോയിഡുകളാണ് വിഷബാധയേൽക്കുന്നതിന് ഇടയാക്കുന്നതെന്ന് ചില ശാസ്ത്രജ്ഞൻ പറയുന്നു. എന്നാൽ ഇത് കൃത്യമായി ഏത് ആൽക്കലോയിഡാണെന്നുള്ളത് അജ്ഞാതമായി തുടരുന്നു.


പശു, ആട്, എരുമ, പോത്ത് തുടങ്ങിയ ഇരട്ടകുളമ്പുള്ള ജീവികളിലെല്ലാം ബ്ലൂമിയ സസ്യങ്ങൾ വിഷബാധയ്ക്ക് കാരണമാവുമെന്ന് ബംഗ്ലാദേശ് കാർഷിക സർവകലാശാലയിൽനിന്ന്‌ 2015-ൽ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. വിഷബാധ സംശയിച്ച 750തോളം പശുക്കളിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ബംഗ്ലാദേശിൽ വ്യാപകമായി കാണുന്ന ബ്ലൂമിയ ലസീറ എന്ന സസ്യത്തെയാണ് പഠനവിധേയമാക്കിയത്. 6 മാസംമുതൽ 2 വയസ്സുവരെ പ്രായമുള്ള മേഞ്ഞുനടക്കുന്ന കന്നുകാലികളിലാണ് വിഷബാധയ്ക്ക് സാധ്യതയേറെയെന്നും പഠനം പറയുന്നു. കോശനാശം സംഭവിച്ച് ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്വാഭാവികപ്രവർത്തനം നിലച്ചുപോകുന്ന അവസ്ഥയാണ് ബ്ലൂമിയ വിഷബാധ.


2016-ൽ മലപ്പുറം ജില്ലയിൽ നിരവധി ആടുകൾ ചത്തതിനെ തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ ബ്ലൂമിയ വിഷബാധയെപ്പറ്റി പഠനം നടത്തിയിരുന്നു. മലബാർ മേഖലയിൽ വ്യാപകമായി കാണുന്ന ബ്ലൂമിയ വൈറൻസ് സസ്യങ്ങളായിരുന്നു പഠനത്തിന് ഉപയോഗിച്ചത്. ബ്ലൂമിയ ചെടികൾ അമിത അളവിൽ ആഹാരമാക്കിയാൽ കരൾ, ശ്വാസകോശ വിഷബാധയ്ക്ക് കാരണമാവാമെന്ന് പഠനത്തിൽ കണ്ടെത്തി. തൃശൂരിൽനിന്ന്‌ അടുത്തിടെയും വിഷബാധ റിപ്പോർട്ട്‌ ചെയ്‌തു.


ചികിത്സയുണ്ടോ

ബ്ലൂമിയയിലെ സസ്യവിഷം കൃത്യമായി ഏതെന്നറിയാത്തതുകൊണ്ടുതന്നെ പ്രതിവിധിയും ഇല്ല. ബ്ലൂമിയ സസ്യം ആഹാരമാക്കിയെന്ന് കണ്ടെത്തിയാൽ ഉടൻ മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയ മിശ്രിതങ്ങളും നിർജലീകരണം തടയാനും രക്തത്തിലെ വിഷാംശത്തെ നിർവീര്യമാക്കാനും ലവണ ലായനികളും, ജീവകം ബി അടങ്ങിയ കുത്തിവയ്‌പ്പുകളും നൽകാവുന്നതാണ്.


(മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home