"ഇന്ന് പെരുവഴിയിൽ തുണിയുരിഞ്ഞു പോയവനെപ്പോലെ നിൽക്കുന്നത് കാലം കാത്തുവച്ച നീതി"

സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതിയെ ആക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വിമർശിച്ച് എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്. ഭാര്യ തയ്യാറാക്കിയ പൊതിച്ചോറിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കാലങ്ങളായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ ഭാര്യ നസീമ ചോറുംപൊതികൾ തയ്യാറാക്കാറുണ്ട്. ഒരിക്കൽ പോലും അതിനെക്കുറിച്ച് പോസ്റ്റ് ഇടാൻ ഭാര്യ അനുവദിച്ചിട്ടില്ല. എന്നാൽ പൊതിച്ചോർ വിതരണത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ അനാശാസ്യം ആരോപിച്ചപ്പോൾ ഭാര്യയുടെ മനസ് കലങ്ങി. ഇന്ന് ലൈംഗിക പീഡന പരാതികളിൽ കുടുങ്ങി രാഹുൽ പെരുവഴിയിൽ തുണിയുരിഞ്ഞു പോയവനെപ്പോലെ നിൽക്കുന്നത്, ഒരുപാട് സ്ത്രീകളുടെ കലങ്ങിയ മനസിന് കാലം കാത്തു വെച്ച നീതിയാണെന്ന് അബ്ബാസ് പറയുന്നു.
മുഹമ്മദ് അബ്ബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്- പൂർണരൂപം
കുറച്ചു കാലമായിട്ട് എൻ്റെ ഭാര്യ ഇത് ചെയ്യുന്നുണ്ട്. അവളാണ്
എത്ര പൊതിയെന്നും ,
എന്തൊക്കെ വിഭവങ്ങളെന്നും തീരുമാനിക്കുന്നത് .
ഒരിക്കൽ പോലും ഇതിനെപ്പറ്റി ഒരു പോസ്റ്റിടാൻ മൂപ്പത്തി എന്നെ അനുവദിച്ചിട്ടില്ല.
നമസ്കാരത്തിന് നിസ്ക്കാരപ്പായയിൽ നിൽക്കുന്ന അതേ ഭയഭക്തിയാദരങ്ങളോടെ തന്നെയാണ് നസീമ എന്ന എന്റെ ഭാര്യ ഈ ചോറ്റു പൊതികൾ തയ്യാറാക്കുന്നത്.
മാങ്കുട്ടമെന്ന മൂന്നാം കിട രാഷ്ട്രീയക്കാരന്റെ വൃത്തികെട്ട മനസ്സ് ഈ ചോറ്റു പൊതിക്ക് പിന്നിലും അനാശാസ്യം കണ്ടെത്തിയപ്പോൾ അവളുടെ മനം കലങ്ങുന്നത് ഞാൻ കണ്ടതാണ്.
ഇന്ന് പെരുവഴിയിൽ തുണിയുരിഞ്ഞു പോയവനെ പോലെ മാങ്കൂട്ടം നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ ഭാര്യയടക്കം ഒരുപാട് സ്ത്രീകളുടെ ,
അമ്മമാരുടെ, മക്കളുടെ ,
പിതാക്കന്മാരുടെ, ഭർത്താക്കന്മാരുടെ ,
കലങ്ങിയ മനസ്സിന് കാലം കാത്തു വെച്ച നീതിയുടെ സാന്ത്വനം കൂടിയാണ് .
വിശപ്പിന് മുമ്പിൽ അന്നമാവാത്ത ദൈവങ്ങളെയൊന്നും ഈ ഭൂമി ഇന്നോളം സൃഷ്ടിച്ചിട്ടില്ല മിസ്റ്റർ മാങ്കൂട്ടം .ഇനി സൃഷ്ടിക്കുകയുമില്ല.
നാലും അഞ്ചും നേരം സുഭിക്ഷമായി വെട്ടി വിഴുങ്ങുന്ന നിങ്ങളെപ്പോലുള്ളവർക്ക് വിശപ്പെന്താണെന്ന് അറിയില്ല. വിശപ്പാറ്റാൻ പ്രാർത്ഥനയോടെ ഭക്ഷണം പൊതിയുന്നവരെയും അറിയില്ല.
ഇന്നിത് ഫോട്ടോ എടുക്കാനും ഇതിനെപ്പറ്റി പോസ്റ്റിടാനും എനിക്ക് അനുവാദം തന്ന നസീമ എന്ന സ്ത്രീക്ക് എൻ്റെ ബിഗ് സല്യൂട്ട്
സ്നേഹാദരങ്ങളോടെ
"നസീമ "യുടെ ജീവിത പങ്കാളി, അബ്ബാസ്.









0 comments