‘മോസ്‌കോയിൽ ബ്രസീൽ പ്രസിഡന്റിന്റെ ഹോസ്റ്റൽ മേറ്റ് ആയിരുന്ന വാഴൂർ സോമൻ’: ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ലുല ഡ സിൽവ, വാഴൂർ സോമൻ
സഖാവ് സോമൻ ഏറെക്കാലം പഠനത്തിന് മോസ്കോവിൽ ആയിരുന്നു. അന്നത്തെ സോവിയറ്റ് കാർഷിക രീതികളെ കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ഏറെ സംസാരിക്കും. ഒപ്പം ചോദിച്ചു, മോസ്കോയിൽ എൻ്റെ സഹപാഠിയും ഹോസ്റ്റൽ മേറ്റും ആരായിരുന്നു എന്നറിയാമോ? ഉത്തരം: ലൂയിസ് ഇനാസിയോ ലൂല ദി സിൽവ. അതെ, പിന്നീട് ബ്രസീലിയൻ പ്രസിഡണ്ടായ ലൂല.– കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗമായ ആർ രാംകുമാർ എഴുതുന്നു.
ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സഖാവ് വാഴൂർ സോമൻ മരിച്ചു എന്നത് അവിശ്വസനീയമായ വാർത്തയാണ്. സിപിഐയുടെയും തോട്ടം തൊഴിലാളികളുടെയും ഇടുക്കി ജില്ലയിലെ പ്രമുഖനായ നേതാവായിരുന്നു സഖാവ് സോമൻ. എനിക്ക് വ്യക്തിപരമായി വളരെയേറെ അടുപ്പം ഉണ്ടായിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു. 2016 മുതൽ വളരെ ഊഷ്മളമായ സ്നേഹബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. അന്നുമുതൽ പലപ്പോഴായി തിരുവനന്തപുരം വെച്ചും ഇടുക്കിയിൽ വെച്ചും അദ്ദേഹത്തെ കാണാൻ ഇടയായിട്ടുണ്ട്.
2016ൽ ആണ് അദ്ദേഹം കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർപേഴ്സൺ ആകുന്നത്. 2021 വരെ തുടർന്നു. കോർപ്പറേഷന്റെ ചുമതലയുള്ള ആസൂത്രണ ബോർഡ് അംഗം ഞാനായിരുന്നു. കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സജീവമാക്കി കേരളത്തിൽ ഉടനീളം വെയർഹൗസുകളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് പരിപാടിയുണ്ടായിരുന്നു. പണം ഒരു തടസ്സമായി നിന്നെങ്കിലും ഞങ്ങൾ ഒരുമിച്ച് കുറെ അധികം പണം പദ്ധതി വിഹിതത്തിൽ നിന്നും നബാർഡിൽ നിന്നും ഒക്കെ സംഘടിപ്പിച്ചു. ഒരു വർഷം മൂന്നു കോടി രൂപ വരെ കോർപ്പറേഷൻ്റെ പദ്ധതി വിഹിതം ഉയർത്താനായി. തുടങ്ങിയ നിർമ്മാണങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആ കോർപ്പറേഷന്റെ ഏറ്റവും മികച്ച ചെയർപേഴ്സൺമാരിൽ ഒരാൾ സഖാവ് സോമൻ തന്നെയായിരുന്നിരിക്കണം.
പിന്നീട് 2021ൽ സഖാവ് സോമൻ പീരുമേട് എംഎൽഎയായി. ഇടുക്കി പാക്കേജ് നിലവിൽ ഉണ്ടായിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് ദീർഘമായ ചർച്ചകൾ അദ്ദേഹവുമായി സ്ഥിരമായി നടത്താറുണ്ടായിരുന്നു. ഇടുക്കിയിലുള്ളപ്പോൾ അദ്ദേഹം കാണാൻ വരിക അദ്ദേഹത്തിൻ്റെ പ്രശസ്തമായ ജീപ്പിൽ തന്നെ.
അസാധാരണമായ ധിഷണാബോധമുള്ള ഒരു സഖാവായിരുന്നു സോമൻ. ഒരു സംസാരത്തിനിടയിൽ കുറെ ചരിത്രം പറഞ്ഞു. അപ്പോഴാണ് കൗതുകകരമായ കുറേ കാര്യങ്ങൾ ഞാൻ അറിഞ്ഞത്. സഖാവ് സോമൻ ഏറെക്കാലം പഠനത്തിന് മോസ്കോവിൽ ആയിരുന്നു. അന്നത്തെ സോവിയറ്റ് കാർഷിക രീതികളെ കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ഏറെ സംസാരിക്കും. ഒപ്പം ചോദിച്ചു, മോസ്കോയിൽ എൻ്റെ സഹപാഠിയും ഹോസ്റ്റൽ മേറ്റും ആരായിരുന്നു എന്നറിയാമോ? ഉത്തരം: ലൂയിസ് ഇനാസിയോ ലൂല ദി സിൽവ. അതെ, പിന്നീട് ബ്രസീലിയൻ പ്രസിഡണ്ടായ ലൂല.
അത്ഭുതത്തോടെ കേട്ടിരുന്ന എന്നോട് അദ്ദേഹം തുടർന്നു: അന്നുമുതൽ ലൂലയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദ ബന്ധമാണ്. ലൂല ബ്രസീലിൻ്റെ പ്രസിഡൻറ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സഖാവ് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലിൽ പോയി. ലൂലയുടെ നിർദ്ദേശപ്രകാരം അല്പ ദിവസങ്ങൾ അവിടെ ചിലവഴിക്കുകയും അവിടത്തെ കൃഷിക്കാരുമായി സംവദിക്കുകയും ഗ്രാമീണ മേഖലയിൽ ആരംഭിച്ച വിവിധ സ്ഥാപനങ്ങളെ പറ്റി മനസ്സിലാക്കുകയും ചെയ്തു. ആ പരീക്ഷണങ്ങൾ ഒക്കെ കേരളത്തിലും നടത്തണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതിൻ്റെ ഭാഗമായി പീരുമേട്ടിലും ഇടുക്കിയിലും ഒക്കെ ഒരു കൂട്ടം കോമൺ ഫെസിലിറ്റി സെൻ്ററുകൾ (CFC) വേണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയും അഭിപ്രായവും ഉണ്ടായിരുന്നു.
കേരളത്തിലെ കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ചെറുകിട കൃഷിക്കാരുടെ ഉൽപ്പന്നങ്ങളുടെ ശേഖരണം അസാധ്യമായതാണ് എന്ന വിഷയത്തിൽ എനിക്കും അദ്ദേഹത്തിനും ഒരേ അഭിപ്രായമായിരുന്നു. എങ്ങനെ അത് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് ഞങ്ങൾ അടുത്ത സമയത്തും ഫോണിൽ സംസാരിച്ചിരുന്നു.
ആധുനികനും ഊർജ്ജസ്വലനും ആയ ഒരു സഖാവിനെയാണ് കേരളത്തിൻ്റെ കാർഷിക ലോകത്തിന് നഷ്ടപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ ഉശിരനായ ഒരു നേതാവിനെയും. ഈ വേർപാട് എനിക്ക് വ്യക്തിപരമായി കൂടി വേദനാജനകമാണ്. അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും എൻ്റെ ആദരാഞ്ജലികൾ അർപ്പിക്കട്ടെ.
ലാൽസലാം സഖാവേ. ✊🏽









0 comments