വികസന നേട്ടങ്ങളുമായി സജിത മുരളി

ജില്ലാപഞ്ചായത്ത് ഉദയംപേരൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സജിത മുരളി തെക്കൻ പറവൂരിൽ വോട്ടർമാരെ കാണുന്നു
കെ ആർ ബൈജു
Published on Nov 22, 2025, 02:49 AM | 1 min read
ഉദയംപേരൂർ
ഉദയംപേരൂർ പഞ്ചായത്തിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽകിയെന്ന സംതൃപ്‌തിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ജില്ലാപഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ഉദയംപേരൂർ ഡിവിഷനിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സജിതയ്‌ക്ക് അകമഴിഞ്ഞ പിന്തുണയാണ് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷം ഉദയംപേരൂരിൽ സർവതല സ്‌പർശിയായ വികസനപ്രവർത്തനങ്ങളാണ് എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയത്. 2015–20 കാലഘട്ടത്തിലെ യുഡിഎഫ് ലൈഫ് പദ്ധതിയിൽ എട്ടു വീടുമാത്രം നിർമിച്ചപ്പോൾ, തുടർന്ന് വന്ന എൽഡിഎഫ് ഭരണസമിതി അഞ്ചുവർഷംകൊണ്ട് 253 വീടുകൾ നിർമിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പൊതുശ്മശാനത്തിന്റെ നിർമാണവും പൂർത്തിയാക്കി.
അഞ്ചുവർഷം ജനങ്ങൾക്കൊപ്പമുണ്ടായതിന്റെ സ്‌നേഹവും സന്തോഷവും അവർ വോട്ട് അഭ്യർഥനയ്‌ക്കിടെ പങ്കുവയ്‌ക്കുന്നു. ഉദയംപേരൂരിൽ വീടുകൾ സന്ദർശിച്ച് വോട്ടർമാരെ കണ്ട സജിത ചോറ്റാനിക്കര ടൗൺ, കുരീക്കാട് എന്നിവിടങ്ങളിലും വ്യാഴാഴ്‌ച വോട്ടുതേടി. വെള്ളിയാഴ്‌ച ഉദയംപേരൂർ പഞ്ചായത്തിലെ തെക്കൻ പറവൂരിലും കുമ്പളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും എത്തി വോട്ടർമാരെ കണ്ടു. ഉദയംപേരൂർ, ചോറ്റാനിക്കര, കുമ്പളം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാപഞ്ചായത്ത് ഉദയംപേരൂർ ഡിവിഷൻ.








0 comments