കളർഫുൾ പെൻഷനോത്സവം
‘ഏറ്റവും വലിയ സന്തോഷത്തിൽ ഞാൻ ഇവിടെയല്ലാതെ വേറെ എവിടെ വരണം’

പെൻഷൻ കിട്ടിയ സന്തോഷത്തിൽ എൽസി പോൾ വയനാട് ജില്ലാ കലോത്സവ വേദിയിലെത്തി പളിയ നൃത്തത്തിന് വേഷമിട്ട് നിൽക്കുന്ന മാനന്തവാടി എംജിഎം എച്ച്എസ്എസിലെ കുട്ടികൾക്ക് മിഠായി നൽകുന്നു

അജ്‌നാസ് അഹമ്മദ്
Published on Nov 22, 2025, 02:48 AM | 1 min read
മാനന്തവാടി
3600 രൂപ പെൻഷൻ കൈയിൽ കിട്ടിയപ്പോൾ കല്ലുമൊട്ടംകുന്ന് മാളിയം വീട്ടിൽ എൽസി പോളിന് സന്തോഷം അടക്കാനായില്ല. മിഠായി വാങ്ങി നേരെ മാനന്തവാടി ജിവിഎച്ച്‌എസ്‌എസിൽ നടക്കുന്ന വയനാട് ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിലെത്തി. പളിയ നൃത്തത്തിന് വേഷമിട്ടുനിൽക്കുന്ന കുട്ടികളെയാണ് ആദ്യം കണ്ടത്. അവർക്കരികിലെത്തി പഴയ നാടകക്കാരി മിഠായി നൽകി.
‘ഏറ്റവും വലിയ സന്തോഷത്തിൽ ഞാൻ ഇവിടെയല്ലാതെ വേറെ എവിടെ വരണം’– മധുരം കൊടുത്ത് എഴുപത്തിയെട്ടുകാരി പറഞ്ഞു.
ഭർത്താവ് പോളിനൊപ്പം സഞ്ചരിച്ച നാടകവേദികളും ഉത്സവങ്ങളുമെല്ലാം മധുരംവറ്റാത്ത ഓർമകളാണ്. രണ്ടുവർഷം മുമ്പാണ് ഭർത്താവ് മരിച്ചത്. ‘മനസ് നിറഞ്ഞ് ചിരിച്ചിട്ട് കാലങ്ങളായി. ഇൗ കുട്ടികളോടൊപ്പം ചുവടുവയ്ക്കാനാണ് തോന്നുന്നത്. ആരോടും കൈനീട്ടാതെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ സർക്കാർ തരുന്ന കരുതൽ അത്ര വലുതാണ്. മരുന്നുവാങ്ങാനും കൊച്ചുമക്കൾക്ക് സമ്മാനം വാങ്ങാനുമെല്ലാം കഴിയുന്നു. നന്ദിപറഞ്ഞാൽ തീരില്ല.’– കണ്ണുനിറഞ്ഞ് എൽസി പറഞ്ഞു.








0 comments