എന്തൊരു ചേലാണ്... ; ‘ജെൻ സി ലുക്കിൽ’ ഓപ്പൺ സ്‌പേസ്

പള്ളുരുത്തി കച്ചേരിപ്പടി പാർക്ക്
‘‘കാണാനേറെയുണ്ട് ചരിത്രവും സംസ്‌കാരങ്ങളും ആധുനികതയും ഒത്തുചേരുന്ന കൊച്ചിയിൽ. എത്ര കണ്ടാലും മതിവരാത്ത സുന്ദരക്കാഴ്‌ചകൾ. കൊച്ചിയുടെ അഴകിന് കൂടുതൽ മനോഹാരിത പകരുകയാണ് കോർപറേഷൻ എൽഡിഎഫ് ഭരണസമിതി സമ്മാനിച്ച മനോഹരമായ പൊതുയിടങ്ങൾ (ഓപ്പൺ സ്‌പേസ്)’’
ജെൻ സി ലുക്കിലാണിപ്പോൾ കോർപറേഷൻ പരിധിയിലെ പൊതുയിടങ്ങൾ. ‘എന്തൊരു ചേലാണെന്ന്’ ആരും പറയുംവിധത്തിലാണ് മാറ്റങ്ങൾ. ഒത്തുകൂടാനും സൊറപറഞ്ഞിരിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും വ്യായാമത്തിനുമെല്ലാം സൗകര്യങ്ങളുള്ളതാണ് പൊതുയിടങ്ങൾ പലതും. പാർക്കുകൾ, ഓപ്പൺ സ്‌റ്റേജ്, പൂന്തോട്ടം, കളിസ്ഥലം, ഓപ്പൺ ജിം, ഇരിപ്പിടങ്ങൾ, ലൈബ്രറി, ടർഫുകൾ, ശുചിമുറികൾ തുടങ്ങിയ വിവിധ സൗകര്യങ്ങളോടെയാണ് പൊതുയിടങ്ങൾ ഒരുക്കിയത്. പുതിയവയ്‌ക്കൊപ്പം നിലവിലുള്ളവ നവീകരിക്കുകയും ചെയ്‌തു.
എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ ആധുനിക നഗരങ്ങൾക്കൊത്തവിധം നഗരം മാറണമെങ്കിൽ ഇത്തരം ഓപ്പൺ സ്‌പേസുകളും വേണമെന്ന് തീരുമാനിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഡിവിഷനുകളിൽ പൊതുയിടങ്ങൾ ഒരുക്കി. മാലിന്യം കുന്നുകൂടിയും കാടുകയറിയും ആൾപ്പെരുമാറ്റമില്ലാതെ കിടന്ന സ്ഥലങ്ങളടക്കം ഇതിനായി പ്രയോജനപ്പെടുത്തി. സുഭാഷ് ബോസ് പാർക്ക്, ചങ്ങന്പുഴ പാർക്ക്, രാജേന്ദ്ര മൈതാനം, മറൈൻഡ്രൈവ്, ഗോൾഡൻ പാർക്ക്, എംഐജി പാർക്ക്, ഫോർട്ട് കൊച്ചി പള്ളത്ത് രാമൻ ഗ്രൗണ്ട്, താമരക്കുളം പാർക്ക്, ഇ കെ നാരായണൻ സ്‌ക്വയർ, ഫോർട്ട് കൊച്ചി നെഹ്‌റു പാർക്ക് ഉൾപ്പെടെ നവീകരിച്ചു. ജിസിഡിഎ, സിഎസ്‌എംഎൽ, നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവയുടെ സഹകരണവുമുണ്ടായി.
ഇൗ തിരക്കിൽ ഒത്തിരിനേരം
പൊതുയിടങ്ങൾ നഗരത്തിരക്കിൽ കുടുംബസമേതം ചെലവഴിക്കാനുള്ള പുതുകേന്ദ്രങ്ങളായി മാറി. ഇത്തിരിനേരം ചെലവഴിക്കാൻ എത്തുന്നവർ നേരം പോകുന്നതറിയുന്നില്ല. സൗഹൃദത്തിലാകാനും ചങ്ങാത്തംകൂടാനും നാടിനോട് കൂടുതൽ അടുക്കാനും പൊതുയിടങ്ങൾ വഴിയൊരുക്കുന്നു. വീടിനടുത്തുതന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കിയതിലൂടെ നഗരം കൂടുതൽ സുന്ദരമാക്കുന്നതിനൊപ്പം കുടുംബങ്ങളും വ്യക്തികളും തമ്മിലുള്ള ഇഴയടുപ്പവും കൂടുകയാണ്.









0 comments