സന്തോഷത്തിന്റെ ആഴം
print edition 'ആരുമില്ലാത്തവർക്ക് സർക്കാർ തണലുണ്ടെന്ന് എന്റെ ജീവിതം സാക്ഷിയാണ്’

വയനാട് കമ്പാളക്കൊല്ലിയിൽ താമസിക്കുന്ന ശ്രീലത, ശാരദ, ഇബ്രാഹിം, റഷീദ്, ആമിന ഉമ്മ തുടങ്ങിയവർ പട്ടയവുമായി / ഫോട്ടോ: ബിനുരാജ്

അജ്‌നാസ് അഹമ്മദ്
Published on Nov 22, 2025, 02:45 AM | 1 min read
അമ്പലവയൽ
‘വേദന തിന്ന 12 വർഷം കടന്നുപോയി. പ്രമേഹം കൂടി വലതുകാലിന്റെ പാതിമുറിച്ചു. സ്വന്തമായി ഒരുതരി മണ്ണില്ലാതെ രോഗിയായി പെരുവഴിയിലിറങ്ങേണ്ട അവസ്ഥയിലായിരുന്നു. എന്നാൽ ആരുമില്ലാത്തവർക്ക് സർക്കാർ തണലുണ്ടെന്ന് എന്റെ ജീവിതം സാക്ഷിയാണ്’– വയനാട് അമ്പലവയൽ കമ്പാളക്കൊല്ലിയിലെ മിച്ചഭൂമിയിൽ പട്ടയം കിട്ടിയ സന്തോഷം പങ്കുവച്ചപ്പോൾ തോളൂർ റഷീദിന്റെ പുഞ്ചിരിച്ച മുഖത്ത് കണ്ണുനീർ ഉൗർന്നിറങ്ങി.
‘ഓൻ കരയുകയല്ല. ഞങ്ങളുടെ സന്തോഷത്തിന്റെ ആഴമാണത്’– തൊട്ടടുത്തിരുന്ന ശാരദയമ്മ റഷീദിനെ ചേർത്തണച്ച് വർത്തമാനം തുടർന്നു. ‘ജീവിക്കുന്ന മണ്ണിൽനിന്ന് ആരുമിനി ഇറക്കിവിടില്ലല്ലോ. എഴുപതാം വയസ്സിൽ സ്വന്തംമണ്ണിൽ കിടന്നുറങ്ങാല്ലോ. സമാധാനമുണ്ടിപ്പോൾ’– ഭൂമിക്കായി സമരം ചെയ്തപ്പോൾ നേരിട്ട പൊലീസ് പീഡനങ്ങൾ ശാരദയുടെ ഓർമകളിലേക്ക്. ‘കയറിക്കിടക്കാൻ ഇടമില്ലാതിരുന്ന ഞങ്ങൾ മിച്ചഭൂമിയിൽ കാടുവെട്ടിത്തെളിച്ചു. കർഷകത്തൊഴിലാളി യൂണിയന്റെ ചെങ്കൊടി നാട്ടി. കുടിൽകെട്ടി താമസം തുടങ്ങി. പൊലീസ് പലതവണ ആട്ടിയോടിച്ചു. പണിക്കുപോയി തിരിച്ചുവരുന്പോഴേക്കും ദുഷ്ടന്മാർ കുടിലു പൊളിച്ചിടുമായിരുന്നു’– തണ്ടിയേക്കൽ ഇബ്രായിക്കും ഭാര്യ ആമിനയ്ക്കും കഴിഞ്ഞകാലം കൺമുമ്പിലുണ്ട്. ‘ഞങ്ങളുടെ പോരാട്ടത്തിന് നേതൃത്വംനൽകിയവർ ഞങ്ങൾക്ക് പട്ടയം നൽകി. 19 വർഷത്തിനുള്ളിൽ ഒരുപാട് സമരം നടന്നു. സ്വന്തം ഭൂമിയായി. അടച്ചുറപ്പുള്ള വീടാണിനി സ്വപ്‌നം. സർക്കാർ കൂടെയുണ്ടല്ലോ. അതും നടക്കും’– സ്വന്തം മണ്ണിൽ ചവിട്ടി പുതിയ പ്രതീക്ഷകളാണ്- ഖദീജയ്‌ക്കും ശ്രീലതയ്‌ക്കും പങ്കുവയ്ക്കാനുള്ളത്.
വയനാട്ടിൽ അഞ്ചുവർഷത്തിനിടെ 5,557 കുടുംബങ്ങൾക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15ന് കമ്പാളക്കൊല്ലിയിലെ 30 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. നവകേരള സദസ്സിൽ നൽകിയ അപേക്ഷയിലാണ് അനുകൂല തീരുമാനമുണ്ടായത്. 2006 ജനുവരി 12 മുതൽ 50 കുടുംബങ്ങളാണ് മിച്ചഭൂമിയിൽ താമസിക്കുന്നത്. 27 കുടുംബങ്ങൾക്ക്‌കൂടി പട്ടയം നൽകാനുള്ള നടപടികളിലാണിപ്പോൾ.








0 comments