മുർഷിദാബാദ് യാത്രയും പനിക്കിടക്കയും

സജീഷ് ജി നായർ
Published on Sep 02, 2025, 05:11 PM | 8 min read
കൊച്ചി സ്വിമ്മത്തോൺ 2024ലിന്റെ സമയത്താണ് മുർഷിദാബാദ് സ്വിമിംങ് അസോസിയേഷനെ കുറിച്ച് അറിയുന്നത്. 81 km നീന്തൽ മത്സരം അവിശ്വസനീയം ആയി തോന്നി. ലോകത്തിലെ ഏറ്റവും നീളം കൂടിയ നീന്തൽ മത്സരം, മഹാഭാരതം കഥയിലെ ഗംഗയിൽ!!
1943 ബ്രിട്ടീഷ് ഭരണകാലത്തു സായിപ്പന്മാരുടെ ഉല്ലാസ മേഖലകൾ ആയിരുന്നു മുർഷിദാബാദും അതോട് ചേർന്ന് ഒഴുകുന്ന ഭാഗീരഥി എന്ന ഗംഗ നദിയും അവിടത്തെ നീന്തലും ഒക്കെ. അത് കാണാനും കൊള്ളാനും ഉള്ള അവസരം ആണിത്. നമ്മുടെ പെരിയാർ ആണ് ലോകത്തിലെ ഏറ്റവും വലിയ നദി എന്ന തെറ്റിദ്ധാരണ ആയിടെ മാറി. അതിനേക്കാൾ പത്തിരട്ടി വലിപ്പമുള്ള ഗംഗ നദി ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ബേ ഓഫ് ബംഗാളിൽ ചെന്ന് ഒടുങ്ങുന്നു. അതിനേക്കാൾ പതിന്മടങ് വലിപ്പത്തിൽ ആഫ്രിക്കയിൽ നൈൽനദി ഒഴുകുന്നു, അവിടെന്നാണ് നമ്മൾ ഒക്കെ ഉണ്ടായത്. പരിണാമ സിദ്ധാന്തം, സാപിയൻസ്, നിയാൻഡർത്താൽ എന്നൊക്കെ പറയും. മൈത്രേയനിലൂടെ ആണ് പ്രപഞ്ചം കൂടുതൽ അറിയാൻ പ്രചോദനം. സോറി, വഴി മാറി പോയി.

പുഴയോടും കടലിനോടും കായലിനോടും നീന്തലിനോടും ഒക്കെ ഉള്ള ഇഷ്ട്ടം 2018 വെള്ളപ്പൊക്കത്തിന്നു ശേഷം ആണ് തീവ്രമായത്. അവിടെ എവിടെയോ വെച്ചാണ് ഞാനും എന്റെ പാഷൻ ആയ നീന്തലും തമ്മിൽ കണ്ട് മുട്ടിയത്. ഷാനവാസ് എന്ന ചെറുപ്പക്കാരനെ ആലുവ പുഴയുടെ നടുക്ക് വെച്ചാണ് പരിചയപെടുന്നത്. അങ്ങനെ ആണ് ലോങ് ഡിസ്റ്റൻസ് സ്വിമിങ് എന്ന ഒരു സംഭവം ശ്രദ്ധയിൽ പെടുന്നത് തന്നെ. കാടുകളും മലകളും വെള്ളച്ചാട്ടങ്ങളും ഇഷ്ട്ടപെടാത്ത ആരുണ്ട്, ഈ ഭൂമി എന്ന് വിളിക്കപ്പടുന്ന സ്വർഗത്തിൽ. ഞങ്ങൾ ഒരുമിച്ച് ബഹുദൂരങ്ങൾ പരിയവേക്ഷണം ചെയ്യാൻ തുടങ്ങി. ആദ്യം അക്കരെ, പിന്നീട് തുരുത്ത് റെയിൽവേ പാലം, ഹിമാലയം പിടിച്ചടക്കിയ സന്തോഷിമായിരുന്നു റെയിൽവേ തൂണിൽ നീന്തിചെന്ന് എത്തി നിൽക്കുമ്പോൾ. അപ്പോൾ മുകളിലൂടെ ഒരു ട്രെയിൻ പോകുന്നുണ്ടായിരുന്നു. മുർഷിദാബാദിലേക്കായിരിക്കണം. (മനസ്സിൽ എപ്പോഴും മുർഷിദാബാദ് തന്നെ). പുഴയിൽ കിടന്ന് യാത്രക്കാരെ ടാറ്റാ കൊടുത്ത് വിടുന്നത് ഒരു പതിവായി, പ്രത്യേകിച്ച് പെരിയാർ morning swimmers ന്റെ ഒപ്പം.
മുർഷിദാബാദ് പഠനം സംബന്ധിച്ച് മുംബൈ, കൊൽക്കത്ത സുഹൃത്തുക്കളുമായി നിരന്തര ഇടപാടുകളിലൂടെ വിവരങ്ങൾ ശേഖരിച്ചു. കൂട്ടുകാരൻ സന്തോഷിനും താല്പര്യം മൂർച്ഛിച്ചു, നമ്മളെക്കാളും വലിയ Swimathon ഓ? അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ചലോ മുർഷിദാബാദ്... അടുത്ത ഇവന്റ് ആഗസ്ത്, സെപ്തംബർ മാസത്തിൽ വരുന്നതും നോക്കി ഇരിപ്പായി. മുംബൈ ഫ്രണ്ടിൽ നിന്ന് അറിയിപ്പ് കിട്ടി. അപ്ലിക്കേഷൻ ഫോം നെറ്റ് ഇൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വേണ്ട വിവരങ്ങൾ എല്ലാം ചേർത്ത് പൈസ അടച്ചു രജിസ്റ്റർ ചെയ്യാം. ഫോം വായിച്ചപ്പോൾ കഠിന കടമ്പകൾ.... പ്രായപരിധി 13 നും 55 നും ഇടയ്ക്ക് ! ഒന്ന് ഞെട്ടി ! തുടങ്ങും മുമ്പേ ഔട്ട് ആയോ? പിന്നെ പാസ്പോർട്ടും എസ്എസ്എൽസി ബുക്കും വെച്ച് ജനനതീയതി നോക്കിയപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ ഫോം പൂരിപ്പിച്ചാൽ ചെലപ്പോ പാസ് ആവും. പിന്നെയും കടമ്പ. 10 കിലോ മീറ്റർ നീന്തിയ സർട്ടിഫിക്കറ്റ് വേണം. ഈശോയുടെ ദൂതൻ ആയി വന്ന് സന്തോഷ് പറഞ്ഞു, ചേട്ടൻ വിഷമിക്കാതെ, എല്ലാത്തിനും വഴി ഈശോ ഉണ്ടാക്കി തരും. ഈശോ സഹായിച്ചില്ല, പക്ഷെ ദൂതൻ തന്നെ വഴി ഉണ്ടാക്കി തന്നു.
അതിനിടക്ക് പെരിയാർ അഡ്വഞ്ചറിന്റെ മാത്യുവും ഷാനവാസും പിന്നെ മുപ്പത്തടംകാരൻ നെവിനും ഒക്കെ താല്പര്യം കൂടി ചലോ മുർഷിദാബാദ് ടീമിൽ അംഗങ്ങൾ ആയി. ("ചലോ മുർഷിദാബാദ്" പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആണേ...) ദേ, അടുത്ത കടമ്പ !. എസ്എഫ്ഐകാർക്ക് മാത്രേ മത്സരത്തിൽ പങ്കെടുക്കാൻ പറ്റുള്ളൂത്രേ.... സ്കൂൾ ഇൽ പഠിക്കുമ്പോൾ എസ്എഫ്ഐകാരൻ ആയി നിന്ന് ഒരുവോട്ടിന് ജയിച്ചിട്ടുണ്ട്. പക്ഷെ സർട്ടിഫിക്കറ്റ് ഇല്ലാ. അന്നത്തെ ഹെഡ് മാസ്റ്ററിന്റെ അടുത്ത് പോയി ചോദിക്കണമെങ്കിൽ സ്വർഗത്തിലേക്കുള്ള വഴി ദൂതൻ തന്നെ കാണിച്ചു തരണം. അത് നടക്കൂല്ലാന്ന് മനസ്സിലായി. മാത്യു വന്ന് സംഗതി പറഞ്ഞപ്പോൾ അല്ലേ കാര്യം പിടികിട്ടുന്നത്... ആ എസ്എഫ്ഐ അല്ല ഈ എസ്എഫ്ഐ. ഇത് സ്വിംമിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ. പക്ഷെ അടുത്ത പ്രശ്നം ഗുജറാത്തിൽ ആണത്രേ ഓഫീസ്. അവിടെ പോണോ? ദൂതൻ വീണ്ടും എത്തി. ചേട്ടൻ വിഷമിക്കാതെ. നടപടി ആകാത്ത പ്രശ്നം ഉണ്ടോ. നടപടി ആയി. ഇവിടെ നമ്മുടെ വരാപ്പുഴയിൽ തന്നെ ഉണ്ടത്രേ ഓഫീസ്.
6000 രൂപ അടച്ചു അപ്ലിക്കേഷൻ റെഡി ആക്കി ഇ മെയിലും സ്പീഡ് പോസ്റ്റും ചെയ്തു മുർഷിദാബാദിന്. Flight, Train, Hotel accomodation എല്ലാം ശരിയാക്കി പരിശീലനം തുടങ്ങി. ആലുവ പുഴ കുത്തി ഒഴുകുന്നു. പരിശീലനം ചെയ്യാൻ നിർവാഹമില്ല. ഓടി, 10 കിലോ മീറ്റർ, അപ്പുറെ മാറാമ്പള്ളിക്ക്, അവിടെന്ന് കലങ്ങി ഒഴുകുന്ന പുഴയിലേക്ക് ചാടി, നീന്തി ആലുവക്ക്. ഒഴുക്കിനൊപ്പവും എതിരെയും നീന്തി പ്രാക്ടീസ് തുടർന്നു. കൂട്ടുകാർ വിളിച്ച് ആശംസകൾ നേർന്നു... വിജയീ ഭവ, ഭാരത് മാതാ കീ ജയ്... അങ്ങനെ... അങ്ങനെ...
സമയം അടുക്കാറായപ്പോൾ ബംഗാളിൽ നിന്ന് ദേബന്ദ്രനാഥ് സാബിന്റെ call. ആപ് കാ അപ്ലിക്കേഷൻ reject ഹോ ഗയ. പകച്ചു പോയി എന്റെ ബാല്യവും വർദ്ധക്യവും ഒരുമിച്ച്... ഇനി ഇപ്പോ, "മേ ക്യാ കരും സാബ്?" വേറെ സർട്ടിഫിക്കറ്റ് 24 മണിക്കൂർ നകം കൊണ്ടുവന്നാൽ നോക്കാം, എന്ന് ബംഗാളി സാബ്. വിട്ടു, ദൂതുമായി ദൂതന്റെ അടുത്തേക്ക്. സ്ഥിരം പല്ലവി. ചേട്ടൻ വിഷമിക്കാതെ, എല്ലാം ശരിയാവും, ഇല്ലെങ്കിൽ നമ്മൾ ശരിയാക്കും. ലോകത്തെ ഏറ്റവും വലിയ അതിലേറ്റിക് ഇവന്റ് സ്വപ്നം കാണുന്ന ദൂതനു ഇതൊക്കെ എന്ത്.? പറഞ്ഞ പോലെ എല്ലാം ഭംഗിയാക്കി. ബംഗാളി സാബിന് അയച്ചു കൊടുത്ത പുതിയ സർട്ടിഫിക്കറ്റ് കണ്ട് ആൾ പച്ച കൊടി വീശി. എസ്എസ്എൽസി പാസ് ആയപ്പോൾ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. സ്വിമ്മിംഗ് പ്രാക്ടീസ് കൂടുതൽ ഉഷാർ ആക്കി. ഇടയ്ക്ക് പാലത്തിൽ നിന്ന് ഷാനവാസിന്റെ ഒപ്പം ചാടി ഫിറ്റ്നസ് test നടത്തി, body parts ന് grease, oil ഒക്കെ ഇട്ടു നിലവാരം ഉറപ്പ് വരുത്തി.
ഇനി കുറച്ച് ദിവസങ്ങൾ മാത്രം. കൂട്ടുകാരൻ നൗഷാദ് പറഞ്ഞു, ന്യൂട്രിഷൻ ഒക്കെ Set അല്ലേ? Gel ഒക്കെ ready അല്ലെ? Gel ഇല്ലെങ്കിൽ, വണ്ടിക്ക് പെട്രോൾ തീർന്നു വഴിയിൽ കിടക്കുന്ന അവസ്ഥ ആവും. നീന്തുന്നവൻ വഴിയിൽ അല്ല, ആഴത്തിൽ അല്ലേ പോയി കിടക്കേണ്ടി വരിക? വിട്ടു, സുനിയോടൊപ്പം നേരെ ഡെക്കാതലോൺ ലേക്ക്. Espresso, lime, passion fruit, apple, straberry ഇത്യാദി flavour കൾ വാങ്ങി ബാഗിൽ കേറ്റി. രാവിലെ നീന്തൽ പരിശീലനം കഠിനമാക്കി... Gel ഉള്ളത് പരീക്ഷിക്കാൻ.... ഒഴുക്കിനെതിരെ നീന്തി.... ഉച്ച വരെ rest ഇല്ലാതെ നീന്തി, ഇടയ്ക്ക് gel പരീക്ഷിച്ചു... എല്ലാം Perfect Ok. Murshidabad പോകാനുള്ള ബാഗ് ഒക്കെ സുനി റെഡി ആക്കി വെച്ചിട്ടുണ്ട്. ഇനി അങ്ങ് പോയി ഗംഗയെ പുൽകിയാൽ മാത്രം മതി.
വൈകുന്നേരം സഹൃദയയുടെ സുധിഷ് വിളിച്ചു, ചേട്ടാ ഓണ കിറ്റ് കൊടുക്കാൻ പോവാം.? രാത്രി വാനും എടുത്ത് രണ്ടു സുധീഷുമാരുടെ കൂടെ സഹൃദയ members ന്റെ വീടുകൾ കേറി ഇറങ്ങി. നല്ല മഴ. ചെറിയ പനി തോന്നി. സാരമാക്കിയില്ല. വണ്ടിയുടെ പെട്രോൾ തീർന്നു വഴിയിൽ കിടപ്പായി. ഒരു വിധം എല്ലാം ശരിയാക്കി വീട്ടിൽ എത്തിയപ്പോൾ പാതിരാവായി. രാവിലെ പനി കൂടി. സ്വതസിദ്ധമായ water fasting അങ്ങ് തുടങ്ങി പനി പമ്പ കടക്കാൻ. മുർഷിദാബാദിന് ഇനിയും മൂന്ന് യാത്ര ദിവസങ്ങൾ ഉണ്ടല്ലോ, മാറിക്കോളും.
പനി പെരിയാർ പോലും കടന്നില്ല. മറിച്ച്, തീവ്രമായി. ദോശ മാവ് കുഴഞ്ഞ പോലെ ഞാൻ കുഴഞ്ഞു, ചുണ്ട് കോടി, നാക്ക് പുറത്ത്... ഗൗരീ.... വണ്ടി എടുക്കൂ... സുനിയും ഗൗരിയും വെപ്രാളം വിടാതെ ബലമായി പിടിച്ചു കാറിൽ കേറ്റി ആശുപത്രിക്ക് കൊണ്ട് പോയി. അടുത്ത ദിവസം രാവിലെ കൊൽക്കത്തക്ക് ഫ്ലൈറ്റ് പിടിക്കാൻ ഉള്ളതല്ലേ. ഇപ്പ ശരിയാക്കി തരും എന്നാണ് എന്റെ പൂർണ്ണ ധാരണ. ഇതൊന്നും അറിയാതെ ഗീതു, ധോണി കാടുകളിൽ തൊമ്മനും മക്കളുടെയും കൂടെ ഉരുണ്ട ഭൂമിയിലെ പരന്ന പ്രദേശങ്ങളിൽ പുലികളും മയിലുകളും പാമ്പുകളുമായി സല്ലപിക്കുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടർ പിടിച്ചിരുത്തി ഡ്രിപ് തന്നു. സമയം പാതിരാ കഴിഞ്ഞു, രാവിലെ ഫ്ലൈറ്റ് പിടിക്കാൻ ഉള്ളതാ. എല്ലാ വിഷമഘട്ടങ്ങളിലും ദൈവദൂതൻ എത്തിയിരിക്കുമല്ലോ, ഇവിടെയും എത്തി, ഇപ്രാവശ്യം കൂടെ മന്ത്രി സിബിയും ഉണ്ട്. ഞാൻ രാവിലെ മുർഷിദാബാദ് മാത്രം മനസ്സിൽ വെച്ചിരിക്കുമ്പോൾ അവർ മറ്റൊന്ന് പ്ലാൻ ചെയ്യുകയായിരുന്നു. ചേട്ടാ, നമുക്ക് ആരോഗ്യം ആണ് വലുത്... വലിയ ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തിട്ട് പോവാം. Stroke ന്റെ ലക്ഷണങ്ങൾ സി ടി സ്കാനില്‍ ദോശ മാവിൽ ഉഴുന്ന് അരയാത്ത പോലെ എന്തോ കണ്ടതിനാൽ ഒത്തിരി നിർബന്ധങ്ങൾക്ക് വഴങ്ങി വണ്ടിയിൽ കേറി നേരെ അത്യാഹിത വിഭാഗത്തിലേക്ക്... എത്രയും പെട്ടെന്ന് ഉഴുന്നരക്കുന്ന മരുന്ന് വാങ്ങി എയർപോർട്ടിൽ എത്തുക മാത്രം ആണ് എന്റെ ലക്ഷ്യം. ഡോക്ടറുടെ നിഗമനം അനുസരിച്ച് Bacterial ഇൻഫെക്ഷൻ, Low Sodium, Stroke ന്റെ സൂചന, എല്ലാം ഉണ്ടെന്നുള്ളതാണ്. എന്തായാലും സാരമില്ല, എയർപോർട്ടിൽ രാവിലെ എത്തി ചേരുക മാത്രമേ ഉള്ളു നമ്മുടെ ലക്ഷ്യം. For me, there is no Plan B.
ഐസിയു
വിശാലമായ ഹാൾ, നാല് കിടക്കകൾ ഉള്ള compartment കൾ ആയി തിരിച്ചിരിക്കുന്നു. ഓരോ കിടക്കയോടുമൊപ്പം Heart rate, Pulse, BP, O2 machine കൾ, IV tube കൾ, സൂചികൾ, മരുന്നുകൾ, Nurse മാലാഖകൾ, Doctor മാലാഖൻ മാർ. ജനാലകൾ, വാതിലുകൾ ഭദ്രമായി അടച്ചിരിക്കുന്നു, ceiling ഇൽ ഒരു വിടവ് പോലും ഇല്ലാതെ design ചെയ്ത് പണിതിരിക്കുന്നത് കണ്ടാൽ ആത്മാവ് അങ്ങനെ എളുപ്പത്തിൽ ഒന്നും പുറത്ത് ചാടി പോകരുത് എന്ന ശ്രദ്ധ Hospital management ന് നല്ലവണ്ണം ഉള്ളത് പോലെ തോന്നും. Business അല്ല, ജീവൻ ആണ് വലുത് എന്ന് തോന്നിക്കുമാറ് ഓരോ മുറിയിലും ഹോസ്പിറ്റൽ ഉടമയുടെ നിഷ്കളങ്കവും നിസ്വാർഥവും ആയ, പുഞ്ചിരിക്കുന്ന, സമാശ്വസിപ്പിക്കുന്ന മുഖം ഉള്ള ഫോട്ടോ പതിപ്പിച്ചിട്ടുണ്ട്.
അടുത്ത കിടക്കയിൽ കത്രികടവുകാരൻ ടൈലർ NA Joseph, അപ്പുറത്ത് ദയനീയ മുഖത്തോട് കൂടിയ രണ്ടു അമ്മമാർ. ഒരമ്മ ഭക്ഷണം waste ആവാൻ ആഗ്രഹം ഇല്ലാത്ത കാരണം കഷ്ടപ്പെട്ട് ചപ്പാത്തി കഴിച്ചു തീർക്കാൻ ശ്രമിക്കുന്നു. മറ്റേ അമ്മ, അമ്പിളീ... അമ്പിളീ... എന്ന് ദീന ദയനീയമായി വിളിച്ചു കരയുന്നു. അമ്പിളി, വിധവയായ ആ അമ്മയുടെ പ്രായം തികയാത്ത വിധവയായ മകൾ ആയിരുന്നു. ആ അമ്മക്ക് വേണ്ടി രണ്ട് തുള്ളി കണ്ണീർ ഞാൻ സംഭാവന ചെയ്തു, ആരും അറിയാതെ.
Tailor NA Joseph 61 വയസ്സ് കറുത്തു, എല്ലും തോലും ആയ diabetic foot കെട്ടി പൊതിഞ്ഞു വെച്ചിട്ടുണ്ട്. രക്ത പങ്കിലമായ ആമാശയം മൂലം മൂന്ന് ദിവസം ആയി diet restriction ആണ്. Diabetic patients പൊതുവെ ഭക്ഷണം ആർത്തിയോടെ കഴിക്കുന്നവർ ആയതിനാൽ ആൾ കാൺകെ ഭക്ഷണം കഴിക്കാൻ ഒരു വൈക്ലബ്യം.
അദ്ദേഹത്തെ എനിക്ക് ഒരു hero ആയി തോന്നി. സൂചിയെ പേടിയില്ലാത്ത മനുഷ്യൻ. എനിക്ക് സൂചിയെ ഭയങ്കര പേടിയും. അദേഹത്തിന്റെ മൂത്രസഞ്ചി വറ്റി കിടക്കുന്ന സങ്കട കാഴ്ച കണ്ടിട്ട് എന്റെ കുറച്ച് ആരും അറിയാതെ കൊടുത്താലോ എന്ന് തോന്നി പോയി, അതിലൂടെ അദ്ദേഹത്തിന് ഡോക്ടറിന്റെ പ്രീതി പിടിച്ചു പറ്റുവാൻ കഴിഞ്ഞെങ്കിലോ?. എനിക്കാണെങ്കിൽ water തെറാപ്പി ചെയ്ത് അധിക മൂത്രത്തിന്റെ ശല്യം കാരണം ഡോക്ടറിന്റെ വഴക്കിൽ നിന്നും ലേശം ആശ്വാസം കിട്ടും. ഒരു വെടിക്ക് രണ്ട് പക്ഷി.

എന്റെ രണ്ട് കൈയിലും സൂചികൾ കുഴലുകൾ, നെഞ്ചത്ത് നിറയെ വള്ളികൾ, ജയിലിൽ ഇട്ടതും പോരാ, ചങ്ങല കൂടെ കെട്ടിയ അവസ്ഥ. BP എടുക്കാൻ കൈയിൽ സ്ഥലം ഇല്ലാത്തതിനാൽ കാലുകൾ മാറി മാറി പരീക്ഷിച്ചു. പോരാതെ വന്നപ്പോൾ ഇനി എന്റെ കഴുത്തിലേക്കായോ അവരുടെ നോട്ടം? രംഗം ഭീകരം. കിടന്നു കൊണ്ട് urine pan ഇൽ മൂത്രം ഒഴിച്ച് കൊടുക്കുക എന്നത് പേടിസ്വപ്നം ആയിരുന്നു. Bathroom ലേക്ക് പോകാൻ അവർ ചത്താലും സമ്മതിക്കില്ല. Hitler ന്റെ torture centre ലും ഇത് പോലത്തെ സൗകര്യങ്ങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. മുർഷിദാബാദിനെ സ്വപ്നം കണ്ട് ഞാൻ ഉറങ്ങാതെ കരഞ്ഞു.
മിനിറ്റുകൾ ദിവസങ്ങൾ പോലെ കടന്നു പോയി. മണിക്കൂറുകൾ മാസങ്ങൾ പോലെയും. ലോകത്തുള്ള എല്ലാ ടെസ്റ്റുകളും ചെയ്തു. ഇൻഷുറൻസ് ഉണ്ട് എന്ന് കേട്ടാൽ പിന്നെ ഹോസ്പിറ്റൽ കാർക്ക് ചാകര ആണ്. കാലിന്റെ വേദനക്ക് വരെ തലയുടെ MRI ചെയ്യും. അല്ലാ, കുറ്റം പറയാൻ പാടില്ലല്ലോ... കാലില്ലെങ്കിൽ തലയില്ലല്ലോ.. അപ്പോ പിന്നെ...
പുറത്ത് നിന്ന് വന്ന ബാക്റ്റീരിയ പടയോട്, എന്റെ കുഞ്ഞു പടയെ സഹായിക്കാൻ കുപ്പി വഴി പുതിയ പടയെ ഇറക്കി കൊണ്ടേ ഇരുന്നു. യുദ്ധം തുടർന്നു. Stroke ആണെന്നും Sodium low ആയതാണെന്നും ഡോക്ടർസ് പ്രവചിച്ചു.
Doctor ഉമായി ഞാനും പോരാട്ടം തുടർന്നു. എനിക്ക് stroke വേണ്ട, എനിക്ക് stroke ഇഷ്ട്ടല്ല, ഞാൻ മൂന്ന് മാസം കൂടുമ്പോൾ blood കൊടുക്കുന്ന ആൾ ആണ്, അതിനാൽ stroke cancel ചെയ്ത് Low Sodium മാത്രം ആക്കി തരാൻ ശാട്ടിയം പിടിച്ചു. ഗതി കെട്ട് ഡോക്ടർ അതിന് വഴങ്ങി. രണ്ടിന്റെയും ലക്ഷണങ്ങൾ ഒരു പോലെ അല്ലേ എന്ന് ഡോക്ടർ ഉള്ളിൽ പറഞ്ഞു സമാധാനിച്ചു. പക്ഷെ, പകരം Gall bladder ഇൽ 8 mm ന്റെ ഒരു കല്ലിട്ട് തന്നു. ഞങ്ങളോടാ കളി? അങ്ങനെ ഒരു പുതിയ രോഗം കൂടെ Kangaroo വിനെ പോലെ എനിക്ക് താങ്ങി കൊണ്ട് നടക്കാൻ കിട്ടി. ഇത്രയൊക്കെ ആയിട്ടും മുർഷിദാബാദിനെ മറക്കാൻ കഴിയുന്നില്ല. മുർഷിദാബാദിനെ കുറിച്ച് ഒരക്ഷരം ഇവിടെ മിണ്ടി പോകരുത് എന്ന് ഡോക്ടർമാർ ഭീഷണി മുഴക്കി. ജീവിതത്തിൽ ഒരിക്കലും ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ലാത്ത ഞാൻ, എന്റെ സ്വകാര്യ അഹങ്കാരം, കണ്ണിലൂടെയും മൂക്കിലൂടെയും ധാര ധാര ആയി ഒഴുക്കി വിട്ടു.
Canula # 1 കുത്തി മരുന്നുകൾ കേറ്റി മതിയാവാഞ്ഞു Canula # 2 കുത്തി. കിണർ കുത്തുമ്പോൾ വെള്ളം കിട്ടാത്ത പോലെ, നേഴ്സ് പുതിയ സ്ഥലങ്ങൾ തേടി പോയി. രണ്ടു കയ്യും മാറി മാറി 4 കിണറുകൾ കുത്തി. അഞ്ചാമത്തെ ശ്രമത്തിൽ വെള്ളം വന്നു. എന്റെ ആനന്ദ കണ്ണീർ അവർ തെറ്റിദ്ധരിച്ചു, സമാധാനിപ്പിക്കാൻ തുടങ്ങി. എന്റെ അവസ്ഥ മൂലം ആനന്ദ കണ്ണീരിന്റെ പിന്നിലൂടെ ഒഴുകിയ വിതുമ്പി തുളുമ്പിയ കണ്ണീർ സ്റ്റേതെസ്കോപ് പോലും ഉപയോഗിക്കാതെ അവർ കണ്ടു പിടിച്ചു. ആന്റി ബാക്റ്റീരിയ പെരിയാർ പുഴ പോലെ എന്റെ രക്തത്തിലൂടെ കുത്തി ഒഴുകി പുറത്ത് നിന്ന് വന്ന ബാക്റ്റീരിയകളെ കൊന്നൊടുക്കി. Survival of the fittest എന്ന പോലെ ഇനിയും കുറെ അവശേഷിക്കുന്ന ശക്തരായ ബാക്റ്റീരിയയുമായി മഹാഭാരത യുദ്ധം തുടർന്നു. ദുര്യോധനൻ, ദുശ്ശാസനൻ എന്നീ ശക്തൻമാർ ഇനിയും ബാക്കി. യുദ്ധത്തിനിടയിൽ ഒരു കിണർ മൂടി പോയി. Canula # 3, ഒരു കിണർ കൂടി ഇറക്കി അർജുനൻ, ഭീമൻ എന്നിവരെ വിട്ടു. രണ്ട് ICU പീഡ ദിവസങ്ങൾക്കു ശേഷം Ward ലേക്ക് മാറാൻ അവസരം കിട്ടി. ഇനി തൊട്ട് എന്റെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 അല്ല, ഓഗസ്റ്റ് 30 ആയിരിക്കും. ICU വിലേക്കും ventillator ലേക്കും ഇനി കയറില്ല എന്ന് ശപഥം ചെയ്തു. (Bathroom ഇൽ എങ്കിലും പോകാൻ സമ്മതം തന്നിരുന്നെങ്കിൽ ശപഥത്തിൽ ഒരു ചെറിയ ഇളവ് കൊടുക്കാമായിരുന്നു.)
അങ്ങനെ ആ ദിവസം വന്നു. ഞാൻ ഇല്ലാത്ത മുർഷിദാബാദ് സ്വിമ്മിംഗ് മത്സരം. ലോകത്തിലെ ഏറ്റവും വലിയ open water നീന്തൽ മത്സരം, 81 km in 12:30 മണിക്കൂർ. എന്റെ പെരിയാർ ആകുന്ന രക്തത്തിൽ യുദ്ധം തുടർന്ന് കൊണ്ട് ഇരിക്കുമ്പോൾ തന്നെ Murshidabad ഇൽ എന്റെ കൂട്ടുകാർ അഹോരാത്രം നീന്തി കൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും തിരക്കേറിയ, ഒരിക്കലും ഉറങ്ങാൻ സമയം കിട്ടാത്ത Dr. Vivek അവസാനം വന്നെത്തി. ഉറക്കം ഓർമ്മപെടുത്താൻ സ്വന്തം കൂർക്കം വലി മൊബൈൽ ഫോൺ ഇൽ record ചെയ്ത് അത് കേട്ട് ഉറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഡോക്ടർ ആണ് ഇദ്ദേഹം. ഡോക്ടർ എന്റെ നീന്തൽ കൂട്ടാളിയും കൂടി ആണെന്ന് അറിഞ്ഞപ്പോൾ ജൂനിയർ ഡോക്ടർസിന് കൗതുകം ഏറി.
ബാക്കി ഉള്ള യുദ്ധം ഗുളിക ആകുന്ന ഗദ ഉപയോഗിച്ച് വീട്ടിൽ പോയി ചെയ്തോളാൻ ഡോക്ടർ കൂട്ടായ്മ അനുമതി തന്നു. അങ്ങനെ എന്റെ മുർഷിദാബാദ് യാത്ര തുടങ്ങിയ ഇടത്തു തന്നെ പര്യവസാനിക്കുകയാണ് സുഹൃത്തുക്കളെ, പര്യവസാനിക്കുകയാണ്. നമുക്ക് പെരിയാർ ഉള്ളപ്പോൾ ആനന്ദലബ്‌ധിക്ക് ഇനി എന്ത് വേണം, എന്ന സ്വയം സമാധാനിപ്പിക്കലോടെ എന്റെ ഒരു വർഷത്തെ താലോലിച്ചു കൊണ്ട് നടന്ന അന്ത്യാഭിലാഷം ഇവിടെ അവസാനിപ്പിക്കുന്നു.
നിങ്ങൾ തേടുന്നത് നിങ്ങളുടെ കാൽ കീഴിൽ തന്നെ ഉണ്ട്. സമാധാനപ്പെടൂ മകനെ, സമാധാനപ്പെടൂ...









0 comments