ബഹുജന സമരമായി മാറിയ വൈക്കം സത്യ​ഗ്രഹം: ചരിത്രപ്രാധാന്യം ഓർമിപ്പിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്

Pinarayi Vijayan on vaikom satyagraha
വെബ് ഡെസ്ക്

Published on Sep 27, 2025, 01:51 PM | 2 min read

തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിൽ നേരിട്ടു പങ്കെടുക്കുന്നതിനായി ശ്രീ നാരായണഗുരു എത്തിച്ചേർന്നതിന്റെ ഇന്നേക്ക് നൂറ്റിയൊന്നാം വാർഷികത്തിൽ, സംഭവത്തിന്റെ ചരിത്ര പ്രാധാന്യം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കാണ് പ്രക്ഷോഭം വഹിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്തിയ സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹം.. ശ്രീ നാരായണഗുരുവുൾപ്പെടെ പകർന്നു നൽകിയ ഊർജ്ജമുൾക്കൊണ്ട് വിവിധ ജാതി മതവിഭാഗങ്ങൾ ഏകരൂപേണെ പങ്കുചേർന്ന അതിവിശാലമായ ബഹുജന സമരമായി വൈക്കം സത്യഗ്രഹം മാറി. സവർണ യാഥാസ്ഥിതികത്വത്തെ നേർക്കുനേർ ചോദ്യം ചെയ്തുകൊണ്ട് അവർണ വിഭാഗങ്ങളുടെ അവകാശവും അന്തസ്സും നേടിയെടുക്കാൻ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹം.- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ


വൈക്കം സത്യഗ്രഹത്തിൽ നേരിട്ടു പങ്കെടുക്കുന്നതിനായി ശ്രീ നാരായണഗുരു എത്തിച്ചേർന്നതിന് ഇന്നേക്ക് നൂറ്റിയൊന്നു വർഷം തികയുകയാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസിക ഏടായ വൈക്കത്തെ സത്യഗ്രഹ സ്‌ഥലം ശ്രീനാരായണ ഗുരു സന്ദർശിച്ചത് 1924 സെപ്തംബർ 27-നായിരുന്നു. സവർണ്ണ യാഥാസ്ഥിതികത്വത്തെ നേർക്കുനേർ ചോദ്യം ചെയ്തുകൊണ്ട് അവർണ്ണ വിഭാഗങ്ങളുടെ അവകാശവും അന്തസ്സും നേടിയെടുക്കാൻ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹം.


1921-ലാണ് ശ്രീ നാരായണഗുരുവിന്റെ അനുയായിയായ ടികെ മാധവൻ വൈക്കം ക്ഷേത്രത്തിലെ തീണ്ടലാചാരത്തെ മഹാത്മാ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് 1923-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കാക്കിനാഡ സമ്മേളനത്തിൽ ടികെ മാധവൻ ഈ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചു. 1924 ഫെബ്രുവരി 29-ന് വൈക്കത്തുചേര്‍ന്ന പുലയമഹാസമ്മേളനത്തെ തുടർന്നാണ് അയിത്തത്തിനെതിരെയുള്ള സമരങ്ങൾ ശക്തിയാർജ്ജിച്ചത്. ഇതിനെ തുടർന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിന്‌ സമീപത്തെ പൊതുവഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി 1924 മാർച്ച്‌ 30-നാണ് വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്.


സമരത്തിന്റെ ഭാഗമായി സത്യഗ്രഹികൾ ക്ഷേത്രത്തിനകത്തുകയറി മിശ്രഭോജനം നടത്തണം എന്നാണ് ശ്രീ നാരായണഗുരു ആഹ്വാനം ചെയ്തത്. ഗുരുവിന്റെ സന്ദർശനശേഷം വൈക്കത്തെ സമരം പൂർവ്വാധികം ശക്തിപ്പെടുകയായിരുന്നു. രൂക്ഷമായ അടിച്ചമർത്തലുകളെ നേരിട്ടാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുപോയത്. സമരത്തിനു നേതൃത്വം നൽകിയ പുലയ സമുദായക്കാരനായ ആമചാടി തേവനേയും മൂവാറ്റുപുഴയിലെ രാമൻ ഇളയതിനേയും പച്ചച്ചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ച യാഥാസ്ഥിതികർ തിരുവല്ലയിലെ ചിറ്റേടത്ത് ശങ്കുപിള്ളയെ മർദ്ദിച്ചു കൊലപ്പെടുത്തുകയുമുണ്ടായി.


ടികെ മാധവൻ ഉൾപ്പെടെയുള്ള സമര നേതാക്കള്‍ തടവിലാക്കപ്പെട്ടതോടെ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വമേറ്റെടുക്കാൻ തമിഴ്‌നാട്ടില്‍ നിന്നും പെരിയോർ ഇവി രാമസ്വാമി നായ്ക്കർ എത്തി. തുടർന്ന് പഞ്ചാബില്‍ നിന്ന് അകാലികളും പിന്തുണയുമായി വരികയുണ്ടായി.


വൈക്കം സത്യഗ്രഹത്തിന് ബഹുജന പിന്തുണ ഉറപ്പുവരുത്താൻ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണ പദയാത്രയാരംഭിച്ചത് 1924 നവംബർ ഒന്നിനായിരുന്നു. ഇതിന്റെ തുടർച്ചയായി 1924 നവംബർ 13-ന് 25,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികൾ ജാതിമതഭേദമന്യേ എല്ലാവർക്കുമായി തുറന്നു നൽകണമെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം.


1925 മാർച്ച് 10-നാണ് ഗാന്ധി വൈക്കം സത്യഗ്രഹ സ്‌ഥലം സന്ദർശിക്കുന്നത്. 1925 മാര്‍ച്ച് 12-ന് ശിവഗിരിയില്‍വെച്ച് ഗുരുവും ഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് 2025-ലാണ് നൂറു വയസ്സു തികഞ്ഞത്. തിരുവിതാംകൂറിലെ പൊലീസ് കമ്മിഷണറായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി ഗാന്ധിജി നടത്തിയ നിരന്തരമായ കത്തിടപാടുകള്‍ വഴിയാണ് ഒത്തുതീർപ്പിലൂടെ വൈക്കം പ്രക്ഷോഭം വിജയത്തിലേക്കെത്തുന്നത്. ഇതിനെ തുടർന്ന് 1925 ഒക്ടോബർ 8-നാണ് മഹാത്മാ ഗാന്ധി സമരമവസാനിപ്പിക്കാനുള്ള അറിയിപ്പ് സത്യഗ്രഹികൾക്ക് നൽകിയത്. സമരം തുടങ്ങി 603 ദിവസങ്ങൾ കഴിഞ്ഞ് 1925 നവംബർ 23-ന് സത്യഗ്രഹം ഔദ്യോഗികമായി ഒത്തുതീർന്നു.


ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്തിയ സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹം. നാം ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കാണ് ഈ പ്രക്ഷോഭം വഹിച്ചത്. ശ്രീ നാരായണഗുരുവുൾപ്പെടെ പകർന്നു നൽകിയ ഊർജ്ജമുൾക്കൊണ്ട് വിവിധ ജാതി മതവിഭാഗങ്ങൾ ഏകരൂപേണെ പങ്കുചേർന്ന അതിവിശാലമായ ബഹുജന സമരമായി വൈക്കം സത്യഗ്രഹം മാറുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home